രാജാക്കാട്(ഇടുക്കി) :നാണ്യവിളകളും പഴങ്ങളും പച്ചക്കറികളും മാത്രമല്ല മലയോരമണ്ണില്‍ പൂക്കളും നൂറുമേനി വിളയുമെന്ന് സാക്ഷ്യപ്പെടുത്തുകയാണ് രാജാക്കാട് ഗ്രാമപ്പഞ്ചായത്തിലെ ഭരണസമിതിയംഗങ്ങളുടെ നേതൃത്വത്തിലുള്ള വൃന്ദാവനം വനിതാ കൂട്ടായ്മ.ഗ്രാമപ്പഞ്ചായത്തിനുസമീപത്ത് ടൗണിനോട്ചേര്ന്നുള്ള അരയേക്കര്സ്ഥലത്ത് അഞ്ചുമാസംമുമ്പ്നടത്തിയ പുഷ്പകൃഷിയാണ് കഴിഞ്ഞ മൂന്നുമാസമായി പൂക്കളുടെ വര്ണവസന്തമൊരുക്കുന്നത്.
മഞ്ഞ, ഓറഞ്ച്, ഇളംമഞ്ഞ നിറത്തില്‍ നൂറുകണക്കിന് പൂക്കള്‍ തലയാട്ടി നില്ക്കുന്ന കാഴ്ച രാജാക്കാട്ടിലെത്തുന്നവരെ ഏറെ ആകര്‍ഷിക്കുന്നു. ഇതിനകം നൂറുകിലോഗ്രാം പൂക്കള്‍ ശേഖരിച്ച് പ്രാദേശിക വിപണിയില്‍ വില്ക്കാന് കഴിഞ്ഞു. കിലോഗ്രാമിന് 50 രൂപ മുതല്‍ 80 രൂപവരെ വില ലഭിക്കുന്നുണ്ട്. തമിഴ്നാട്ടില്‍നിന്ന് പൂക്കളെത്തിയിരുന്ന മലനാട്ടില്‍ പുഷ്പകൃഷിക്ക് അനന്തസാധ്യതകളുണ്ടെന്ന് തെളിയിക്കുക കൂടിയാണ് ഗ്രാമപ്പഞ്ചായത്ത് വൈസ്പ്രസിഡന്റ് ലതാ സുബീഷിന്റെ നേതൃത്വത്തിലുള്ള വൃന്ദാവനം. സുഭാഷിണി സോമന്, സുജാ വിജയന്, ലേഖ സുനില്‍, മഞ്ജുളബിജു എന്നിവരാണ് വനിതാകൂട്ടായ്മയിലെ മറ്റംഗങ്ങള്‍. സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുന്ന രാജാക്കാട് ഗ്രാമപ്പഞ്ചായത്തില്‍ പുഷ്പകൃഷി പ്രോത്സാഹന പദ്ധതികൂടി നടപ്പാക്കുമെന്ന് പ്രസിഡന്റ് ബേബിലാല്‍ പറഞ്ഞു.