വാഴയൂരിന്റെ വാഴപ്പെരുമ
Posted on: 02 Dec 2012
മലപ്പുറം: നാടിന്റെ പെരുമ ചേര്‍ത്തുവെച്ചൊരു പേര്... പേരിന്റെ പെരുമ ചോരാതെ കാക്കുന്ന നാട്... ജില്ലയുടെ വടക്ക്പടിഞ്ഞാറെ അതിര്‍ത്തിയില്‍ ചാലിയാറിന്റെ തീരത്തുള്ള വാഴയൂരിനുള്ളതാണ് ഈ വിശേഷണം. കുന്നുകള്‍ക്കിടയിലെ വയലുകളില്‍ തലയുയര്‍ത്തി നില്ക്കുന്ന ലക്ഷക്കണക്കിന് നേന്ത്രവാഴകളാണ് ഈ നാടിന്റെ പെരുമ. പൊന്നേംപാടം, തിരുത്തിയാട്, ചുങ്കപ്പള്ളി, പുഞ്ചപ്പാടം, വാഴയൂര്‍, പുതുക്കോട് തുടങ്ങി പഞ്ചായത്തിലുടനീളം 120ലേറെ ഹെക്ടറില്‍ അഞ്ച് ലക്ഷത്തിലേറെ വാഴകളാണ് തലയുയര്ത്തിനില്ക്കുന്നത്. വാഴ ഇവിടെ വെറുമൊരു കൃഷിമാത്രമല്ല വരുമാനം ഉറപ്പുള്ള നിക്ഷേപവും ജീവിതോപാധിയുമെല്ലാമാണ് പലര്‍ക്കും.
'കായ്' നിറയുന്ന പാടങ്ങള്‍
ചാലിയാറിന്റെ ഓരത്തെ വളക്കൂറുള്ള വയലുകള്‍ വാഴകൃഷിക്ക് വഴിമാറിയിട്ട് കാല്‍നൂറ്റാണ്ട് പിന്നിടുന്നു. നേരത്തെ നെല്‍കൃഷിക്ക് പേരുകേട്ടിരുന്ന വയലുകളെല്ലാം വാഴ കീഴടക്കിക്കഴിഞ്ഞു. കുറഞ്ഞ അധ്വാനവും ഉയര്‍ന്ന വരുമാനവുമാണ് ആളുകളെ വാഴ കൃഷിയിലേക്കടുപ്പിക്കുന്നത്. അധ്വാനവും നഷ്ടസാധ്യതയും കുറവുള്ളതുകൊണ്ടാണ് കര്‍ഷകര്‍ വാഴയുടെ വഴിയേ നടക്കുന്നത്. തുടര്‍ച്ചയായുള്ള കൃഷിയും ചെലവ് കുറയ്ക്കുന്നു. 35 വര്‍ഷത്തിലേറെ തുടര്‍ച്ചയായി വാഴ മാത്രം വിളയുന്ന വയലുകള്‍ വാഴയൂരിന്റെ വഴിയോരങ്ങളിലുണ്ട്.
10 മാസത്തെ കൃഷിയില്‍ മുതല്‍ മുടക്കിന്റെ ഇരട്ടിലാഭം ഉറപ്പാണ്. ശരാശരി 12 കിലോ തൂക്കമുള്ള വാഴക്കുലകളാണ് ഇവിടെ വിളയുന്നത്. ഓരോ വര്‍ഷവും വാഴപ്പഴത്തിന്റെ വില വര്‍ധിക്കുകയാണ്. കഴിഞ്ഞ സീസണില്‍ 35 രൂപയിലേറെ ഒരു കിലോ പച്ചക്കായയ്ക്ക് വില ലഭിച്ചിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഇവിടെനിന്നുള്ള വാഴക്കുല എത്തുന്നുണ്ട്.
കാര്‍ഷിക മേഖലയാണെങ്കിലും മുഴുവന്‍ സമയ കര്‍ഷകര്‍ പ്രദേശത്ത് നന്നേകുറവാണ്. പലര്‍ക്കും വാഴകൃഷി സൈഡ് ബിസിനസ്സാണ്. കമ്പനി, കയറ്റിറക്ക് തൊഴിലാളികള്‍, കല്‍പ്പണിക്കാര്‍, കൂലിപ്പണിക്കാര്‍ തുടങ്ങി സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സര്‍വീസില്‍ നിന്ന് വിരമിച്ചവരുമെല്ലാം വാഴകര്ഷകരായി രംഗത്തുണ്ട്. സ്വാശ്രയ സംഘങ്ങളും കുടുംബശ്രീ വനിതകളും വാഴകര്ഷകരായി പാടത്തുണ്ട്. പഞ്ചായത്തില്‍ 40ഓളം കുടുംബശ്രീ വനിതാസംഘങ്ങള്‍ വാഴകൃഷി ചെയ്യുന്നുണ്ട്.
പനങ്കഞ്ഞിയും വാഴക്കുണ്ടയും
പണ്ട് ചാലിയാറിനക്കരെ മണക്കടവ് ഭാഗങ്ങളിലുള്ളവര്‍ ഇക്കരെയുള്ളവരെ വാഴക്കുണ്ടയെന്നും തിരിച്ചങ്ങോട്ട് പനങ്കഞ്ഞിയെന്നും കളിയാക്കിയിരുന്നു. അരി അപൂര്‍വ്വമായിരുന്ന പഞ്ഞകാലത്ത് ഇരുകരക്കാരും പനങ്കഞ്ഞിയും വാഴക്കിഴങ്ങും കഴിച്ചാണ് പട്ടിണി മാറ്റിയിരുന്നത്.
കൊടപ്പന ഇടിച്ചെടുക്കുന്ന പൊടിയില്‍ തേങ്ങ ചിരകിയിട്ട് ഉപ്പോ ശര്‍ക്കരയോ ചേര്‍ത്തുണ്ടാക്കുന്നതാണ് പനങ്കഞ്ഞി. കുലച്ച വാഴയുടെ കന്നിന്റെ കിഴങ്ങ് മുതിരയോ കടലയോ ചേര്‍ത്തുണ്ടാക്കുന്ന പുഴുക്ക് ഒരു കാലത്ത് ഇവിടത്തുകാരുടെ പ്രധാന ഭക്ഷണമായിരുന്നു. രാസവളങ്ങളോ കീടനാശിനികളോ ഉപയോഗിക്കാത്ത കാലമായിരുന്നു അത്. പ്രദേശത്തെ മുതിര്‍ന്നവരുടെ നാവിന് തുമ്പില്‍ അന്നത്തെ വിഭവങ്ങളുടെ സ്വാദ് ഇപ്പോഴുമുണ്ട്.
തമിഴ്നാട്ടിലേക്ക് നീളുന്ന വേരുകള്‍
കാലം മാറിയതോടെ വാഴയൂരിലെ വാഴകൃഷിയിലും പല മാറ്റങ്ങളും വന്നു. തമിഴ് നാട്ടില്‍ നിന്നുള്ള വാഴക്കന്നുകളും വളവുമെല്ലാമാണ് ഇപ്പോള്‍ വാഴയൂരിന്റെ പെരുമ നിലനിര്‍ത്തുന്നത്. മേട്ടുപ്പാളയത്തില്‍ നിന്നെത്തുന്ന കന്നുകളാണ് കൂടുതലും നടുന്നത്. ചാണകപ്പൊടി, കോഴിവളം എന്നിവയും തമിഴ്നാട്ടില്‍ നിന്നെത്തുന്നു. മേട്ടുപ്പാളയത്തില്‍ നിന്നുള്ള കന്നുകള്‍ മികച്ച വിളവ് നല്‍കുന്നതായി കര്‍ഷകര്‍ പറയുന്നു. നേരത്തെ കുലയ്ക്കുന്നതും കൂടുതല്‍ പടല കായ ലഭിക്കുന്നതും മേട്ടുപ്പാളയം കന്നിന്റെ മേന്മയാണ്.
തമിഴ്നാട്ടില്‍ നിന്ന് ചാണകപ്പൊടിയും കോഴിവളവും എത്തിയതോടെ കൃഷിരീതികളിലും മാറ്റംവന്നു. നേരത്തെ രണ്ട് തവണ പച്ചിലവളം ചെലുത്തിയത് ഇപ്പോള്‍ ഇല്ലാതായി. രാസവളങ്ങളും കൊടിയ കീടനാശിനികളുടെ ഉപയോഗവും നന്നേ കുറഞ്ഞതായി കര്‍ഷകര്‍ പറഞ്ഞു.
ഇടവിള... പച്ചക്കറി
വാഴക്കണ്ടങ്ങളില് ഇടവിളയായുള്ള പച്ചക്കറി കൃഷി കര്‍ഷകര്‍ക്ക് ഇരുവരുമാനവും ഇടക്കാലാശ്വാസവും നല്കുന്നു.
പയര്‍, വെണ്ട, പാവക്ക, ചിരങ്ങ തുടങ്ങിയവയാണ് വാഴകള്‍ക്കിടയില്‍ വ്യാപകമായി കൃഷി ചെയ്യുന്നത്. നട്ട് മൂന്ന് നാല് മാസങ്ങള്‍ക്കിടയില്‍ വിളവെടുക്കാനാകുന്നത് കര്‍ഷകരുടെ ആദായം വര്‍ധിപ്പിക്കുന്നു. വിളവെടുത്ത പച്ചക്കറി ചെടികളും വള്ളികളും വാഴയ്ക്ക് വളമാകുന്നു.
അതിജീവിക്കുന്ന വയലുകള്‍
മറ്റിടങ്ങളിലെന്ന പോലെ വാഴയൂരിലും വയലുകള്‍ ഭീഷണിയിലാണെങ്കിലും വാഴയുള്ള വയലുകള്‍ക്ക് തത്കാലം ഭീഷണിയില്ല. ഭൂവുടമയ്ക്ക് ഉയര്‍ന്ന വരുമാനം ലഭിക്കുന്നത് തന്നെ കാരണം. ഒരു കന്നിന് 35-40 രൂവരെ പാട്ടം ലഭിക്കുന്നുണ്ട്. കൃഷി ചെയ്യാന്‍ ആളുകള്‍ മത്സരിച്ച് വയലുകളെടുക്കുന്നതിനാല് ഓരോ വര്‍ഷവും പാട്ടം കൂടുകയാണ്.
ചില ആശങ്കകള്‍
പതിറ്റാണ്ടുകളായുള്ള ഒരേ കൃഷിയും കീടനാശിനി രാസവള പ്രയോഗങ്ങളും മണ്ണിനും മനുഷ്യര്‍ക്കും ഭീഷണി ഉയര്‍ത്തുന്നതായി ആശങ്ക ഉയരുകയാണ്. ഫ്യൂറഡാന്‍, ഫോറൈറ്റ് തുടങ്ങിയ കീടനാശിനികള്‍ അടുത്തകാലം വരെ ഉപയോഗിച്ചിരുന്നു. മണ്ണിന്റെ ജൈവഘടനയ്ക്കും ഗുണത്തിനും ഏറെ മാറ്റങ്ങള്‍ വന്നു കഴിഞ്ഞതായി കര്‍ഷകര്‍ പറഞ്ഞു. പാടത്ത് പണ്ടുണ്ടായിരുന്ന ഞണ്ട്, തവള, ഞവുഞ്ഞി, മീനുകള്‍ തുടങ്ങിയവയെല്ലാം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. തമിഴ്നാട്ടില്‍ നിന്നുള്ള വളത്തിന്റെ വരവിലും നാട്ടുകാര്‍ക്ക് ആശങ്കയുണ്ട്.
എ. സുരേഷ്