കേരളത്തില്‍നിന്ന് പുതിയ ഇനം കൊഞ്ചിനെ കണ്ടെത്തി

Posted on: 15 Nov 2012തിരുവനന്തപുരം: പുതിയ ഇനം ശുദ്ധജല കൊഞ്ചിനെ കണ്ടെത്തി. 'മാക്രോബ്രാക്കിയം പ്രഭാകരനി' എന്ന് പേരിട്ടിരിക്കുന്ന ഈ കൊഞ്ചിനെ വാമനപുരം ആറ്റില്‍നിന്നാണ് കണ്ടെത്തിയത്.

കേന്ദ്ര കാര്‍ഷിക സര്‍വകലാശാലയിലെ പ്രൊഫ. പി. മധുസൂദനന്‍പിള്ളയും തിരുവനന്തപുരം മഹാത്മാഗാന്ധി കോളേജിലെ സുവോളജി വിഭാഗം ഗവേഷകനായ വി.ഉണ്ണികൃഷ്ണനും ചേര്‍ന്നാണ് പുതിയ സ്പീഷീസിനെ കണ്ടെത്തിയത്. ന്യൂസീലാന്‍ഡില്‍നിന്നും പ്രസിദ്ധീകരിക്കുന്ന 'സൂടാക്‌സാ' എന്ന അന്താരാഷ്ട്ര ശാസ്ത്ര പ്രസിദ്ധീകരണത്തില്‍ ഈ പ്രബന്ധം പ്രസിദ്ധീകരിച്ചതോടെയാണ് പുതിയ സ്പീഷീസിന് ശാസ്ത്രീയ അംഗീകാരം ലഭിച്ചത്. പുതിയ സ്പീഷീസിന്റെ മോളിക്യുലാര്‍ ടാക്‌സോണമിപഠനം നടത്തി ജനിതക ഘടനയും ബാര്‍കോഡും എന്‍.സി.ബി.ഐ. (നാഷണല്‍ സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി ഇന്‍ഫോര്‍മേഷന്‍) യുടെ ജീന്‍ ബാങ്കില്‍ നല്‍കിയിട്ടുണ്ട്.

കൊമ്പിന്റെ ആകൃതി, കൊമ്പിലെ പല്ലുകളുടെ എണ്ണം, അവയുടെ ക്രമീകരണം, ഇറുക്കുകാലിലെ പല്ലുകളുടെ എണ്ണവും ക്രമീകരണവും എന്നിവ മാക്രോബ്രാക്കിയം പ്രഭാകരനിയെ മറ്റ് കൊഞ്ചുകളില്‍നിന്ന് വ്യത്യസ്തമാക്കുന്നു. ഈ സ്പീഷീസിന്റെ ജീവശാസ്ത്രപരമായ പ്രത്യേകതകളും പ്രാദേശികതല ശുദ്ധജല മത്സ്യകൃഷിസാധ്യതകളും പഠനവിധേയമാക്കും.

പ്രകൃതിസ്‌നേഹിയും കലാസാംസ്‌കാരിക പ്രവര്‍ത്തകനുമായ തൃക്കണ്ണാപുരം തളത്തില്‍ ലീലാലയത്തില്‍ ടി.കെ. പ്രഭാകരന്റെ പേരാണ് പുതിയ സ്പീഷീസിന് നല്‍കിയിട്ടുള്ളത്. ആറ്റുകൊഞ്ചുകളെ ശേഖരിക്കുന്നതില്‍ ഈ ഗവേഷകരെ സഹായിച്ചിട്ടുള്ള ഇദ്ദേഹത്തിന്റെ സ്മരണയ്ക്കാണിത്.2011-ല്‍ ഇത്തിക്കര ആറിന്റെ പശ്ചിമഘട്ട പ്രദേശത്തുനിന്ന് 'മാക്രോബ്രാക്കിയം മധുസൂദനി' എന്ന ഒരു പുതിയ സ്പീഷീസിനെ ഇവര്‍ കണ്ടെത്തിയിരുന്നു.


Stories in this Section