
ആകാശത്ത് നില്ക്കുന്ന നാളികേരം നിലത്തു കൊണ്ടുവരിക എന്ന ദുഷ്കരമായ പ്രശ്നം കേരളം ഇപ്പോഴും നേരിടുകയാണ്. ഇതിനൊരു പരിഹാരം എന്ന നിലയിലാണ് നാളികേര വികസനബോര്‍ഡ് തെങ്ങിന്റെ ചങ്ങാതിക്കൂട്ടം ആരംഭിച്ചത്. കേരളത്തിലുടനീളം ചങ്ങാതിക്കൂട്ടങ്ങളുണ്ടായി.
പല പ്രദേശങ്ങളിലും ഇവരുടെ സേവനം കര്‍ഷകര്‍ക്ക് വലിയൊരളവ് സഹായകമാവുകയും ചെയ്തു. ഈ ആശയത്തെ കുറേക്കൂടി പ്രായോഗികതയോടെ പ്രാവര്‍ത്തികമാക്കുവാന്‍ കോട്ടയം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ പ്രസ്ഥാനമായ കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിക്ക് കഴിഞ്ഞിരിക്കുന്നു. വിവിധ പ്രസ്ഥാനങ്ങള്‍ക്കും കര്‍ഷക കൂട്ടായ്മകള്‍ക്കും പ്രയോഗക്ഷമമാക്കാവുന്ന ഉദാത്ത മാതൃകയാണീ സംരംഭം.
പ്രത്യേകം തയ്യാറാക്കിയ വാഹനത്തില്‍ തെങ്ങുകയറ്റ യന്ത്രങ്ങള്‍, വെട്ടുകത്തി, ചെല്ലിക്കോല്‍ മരുന്നടിക്കുന്നതിനുള്ള പമ്പുകള്‍ തുടങ്ങിയ സാമഗ്രികള്‍ എന്നിവയുമായി ആറോ ഏഴോ പരിശീലനം ലഭിച്ച തെങ്ങിന്റെ ചങ്ങാതിമാര്‍ തെങ്ങിന്തോട്ടത്തിലെത്തുന്നു. നാളികേരളമിടാനോ ചെല്ലികളെ നശിപ്പിക്കാനോ കൂമ്പുചീയലിനെതിരെ മരുന്നു ഉപയോഗിക്കുവാനോ തെങ്ങുകയറ്റക്കാരെ കിട്ടുവാന്‍ ബുദ്ധിമുട്ടുള്ളവര്‍ 9496241100 എന്ന മൊബൈല്‍ നമ്പറില്‍ വിളിച്ച് ആവശ്യം പറഞ്ഞാല്‍ അപ്പോള്‍ത്തന്നെ പേര് രജിസ്റ്റര്‍ ചെയ്യും. ഇതിനായുള്ള ബുക്കിങ് സെന്റര്‍ ഇവിടെ ആരംഭിച്ചിട്ടുണ്ട്.
യൂണിഫോം ധരിച്ചെത്തുന്ന തെങ്ങിന്റെ ചങ്ങാതിമാര്‍ കൂട്ടായി തികഞ്ഞ ഉത്തരവാദിത്വത്തോടെ നാളികേരമിടുന്നതടക്കമുള്ള ജോലികളെല്ലാം ചെയ്തു തീര്‍ത്ത് രസീത് നല്കി ഫീസ് വാങ്ങി മടങ്ങുന്നു. ഈ 'സഞ്ചരിക്കുന്ന ചങ്ങാതിക്കൂട്ടം' ആരംഭിച്ചിട്ട് ഒരു മാസമാകുന്നു. കര്‍ഷകരില്‍നിന്നും വലിയ സ്വീകാര്യതയാണ് ആവശ്യാധിഷ്ഠിതമായ ഈ പ്രവര്‍ത്തനത്തിന് ലഭിച്ചിരിക്കുന്നത്.
മുന്‍കൂട്ടിയുള്ള ബുക്കിങ് അനുസരിച്ച് റൂട്ട് നിശ്ചയിച്ച് ദിവസവും രാവിലെ പ്രാര്‍ഥനയ്ക്കുശേഷം സഞ്ചരിക്കുന്ന ചങ്ങാതിക്കൂട്ടം യാത്രതിരിക്കും. ഒരു ദിവസം ശരാശരി ആയിരം രൂപ മുതല്‍ ആയിരത്തിഇരുന്നൂറ് രൂപവരെ ഓരോരുത്തര്‍ക്കും വേതനം ലഭിക്കുന്നുണ്ട്. അതത് ദിവസം വേതനം വാങ്ങുന്നില്ല, സൊസൈറ്റിയില്‍ നിക്ഷേപിക്കുകയും ആവശ്യത്തിന് മാത്രം വാങ്ങുകയും ചെയ്യുന്നു.
''മാന്യമായ ഒരു തൊഴില്സംസ്കാരത്തിലേക്ക് അഭ്യസ്തവിദ്യരായ ചെറുപ്പക്കാരെ ആകര്‍ഷിക്കാനും കേരള കര്‍ഷകരെ സഹായിക്കാനും ഈ ഒരു സംരംഭത്തിലൂടെ കഴിയുന്നുവെന്നാണ്'' കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി സെക്രട്ടറി ഫാദര്‍ മൈക്കിള്‍ വെട്ടിക്കാട്ട് പറയുന്നത്.
കോട്ടയത്തെയും സമീപപ്രദേശങ്ങളിലെയും കര്‍ഷകരുടെ ആവശ്യം നിവര്‍ത്തിക്കാന്‍ ഇപ്പോഴുള്ള സഞ്ചരിക്കുന്ന ചങ്ങാതിക്കൂട്ടം മതിയാകാതെവന്നാല്‍ ഇവയുടെ എണ്ണം കൂട്ടുന്നതിനെക്കുറിച്ചും ആലോചനയുണ്ട്.
ഓരോ ദിവസവും മുപ്പതും നാല്പതും ബുക്കിങ് ഇപ്പോള്‍ത്തന്നെ ലഭിക്കുന്നുണ്ട്. കോട്ടം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ ഫോണ്‍: 9447365180.