പി. സഹദേവന്, ജോയന്റ് എക്സിക്യൂട്ടീവ് ഡയറക്ടര്‍, അഡാക്, ഫോണ്‍: 9495900670
അപ്രതീക്ഷിതമായി എത്തിച്ചേരുന്ന സര്‍വസംഹാരിയായ വൈറസ് രോഗബാധമൂലവും നാള്‍ക്കുനാള്‍ വര്‍ധിക്കുന്ന ഉല്പാദനച്ചെലവുകാരണം നിലനില്പിനായി ചെമ്മീന്‍ കര്‍ഷകര്‍ പാടുപെടുകയാണ്.
കൃഷിച്ചെലവിന്റെ ഉദ്ദേശം 50 ശതമാനം തീറ്റയുടെ വില മാത്രമാണ്. ഗുണമേന്മയുള്ള തീറ്റയുടെ വില അന്താരാഷ്ട്രവിപണിയിലെ ശക്തികളാണ് നിശ്ചയിക്കുന്നത്.
എന്നാല്‍ ചെമ്മീന്‍ വളര്‍ത്തലില്‍ ആദായം വര്‍ധിപ്പിക്കാന്‍ കൃഷിദൈര്ഘ്യം നീട്ടുന്നത് സഹായകമാവും.
സാധാരണയായി നമ്മുടെ കര്‍ഷകര്‍ ചെമ്മീന്‍ വിളവെടുക്കുന്നത് ശരാശരി 120 ദിവസത്തെ വളര്‍ത്തലിന് ശേഷമാണ്. 120 ദിവസത്തോടെ ചെമ്മന്‍ ഏകദേശം 30 മുതല്‍ 33 ഗ്രാം വരെ തൂക്കംവെക്കും. അതായത് ഒരു കി.ഗ്രാം ചെമ്മീനില്‍ 30-33 എണ്ണം എന്നര്‍ഥം. സാങ്കേതികമായി സൂചിപ്പിച്ചാല്‍ 30-35 കൊണ്ട്എത്രയെണ്ണം ചെമ്മീനാണ് ഒരു കി.ഗ്രാം തൂക്കത്തിന് വേണ്ടത് എന്നാണ് 'കൗണ്ട്' എന്നതുകൊണ്ട് വിവക്ഷിക്കുനത്. പൊതുവെ പറഞ്ഞാല്‍ കൗണ്ട് കുറയുന്നതിനനുസരിച്ച് ചെമ്മീന്റെ വില വര്‍ധിക്കും. 30-35 കൊണ്ട് കാരച്ചെമ്മീന് കഴിഞ്ഞ വര്‍ഷം കര്‍ഷകര്‍ക്ക് ലഭിച്ച മികച്ച വില കി.ഗ്രാമിന് 320 രൂപയായിരുന്നു.
120 ദിവസത്തിനുപകരം ഒരുമാസംകൂടി നീട്ടി 150 ദിവസത്തോളം വളര്‍ത്തിയാല്‍ ചെമ്മീന്‍ ഏതാണ്ട് 40 ഗ്രാം തൂക്കംവെക്കും. അതായത് 25 കൗണ്ട്. 25 കൗണ്ട് ചെമ്മീന്‍ കഴിഞ്ഞവര്‍ഷം ഏകദേശം 420 രൂപ വില ലഭിച്ചിരുന്നു.
കൃഷിക്കാലയളവ് വര്‍ധിപ്പിക്കുമ്പോള്‍ ചെമ്മീന്റെ അതിജീവനനിരക്ക് അല്പം കുറയാനും തീറ്റച്ചെലവ് കൂടാനും സാധ്യതയുണ്ടെന്ന് അംഗീകരിച്ചാല്‍ത്തന്നെ ലഭിക്കുന്ന അധിക ആദായം താരതമ്യേന വളരെ കൂടുതലാണ് എന്നു കാണാന്‍ സാധിക്കും.
ഉദാഹരത്തിന് ഒരു ഹെക്ടര്‍ വിസ്തൃതിയുള്ള കുളത്തില്‍ 70,000 കാരച്ചെമ്മീന് വിത്ത് നിക്ഷേപിച്ച് 120 ദിവസം വളര്‍ത്തുമ്പോള്‍ 33 ഗ്രാം വളര്‍ച്ചയും 70 ശതമാനം അതിജീവനനിരക്കും കണക്കാക്കിയാല്‍ ലഭിക്കുന്ന ഉത്പാദനം 1617 കി.ഗ്രാം ആയിരിക്കും. കി.ഗ്രാമിന് 320 രൂപ നിരക്കില്‍ ഇതിന് 5.17 ലക്ഷം രൂപ വരുമാനം ലഭിക്കും. എന്നാല്‍ 150 ദിവസം വളര്‍ത്തുമ്പോള്‍ 40 ഗ്രാം വളര്‍ച്ചയും 65 ശതമാനം (അതായത് 5 ശതമാനം കുറവ്) അതിജീവനനിരക്കും കണക്കാക്കിയാല്‍ ലഭിക്കുന്ന ഉത്പാദനം 1820 കി.ഗ്രാം ആയിരിക്കും. കി.ഗ്രാമിന് 420 രൂപ നരക്കില്‍ ലഭിക്കുന്ന ആകെ വരുമാനം 7.64 ലക്ഷം രൂപയും. അതായത് കൃഷിക്കാലം നീട്ടുമ്പോള്‍ 203 കി.ഗ്രാം. മാത്രമാണ് അധിക ഉത്പാദനമെങ്കിലും ലഭിക്കുന്ന അധികവരുമാനം 2.44 ലക്ഷം രൂപയാണ്.
കൃഷിക്കാലം നീട്ടുമ്പോള്‍ ഉത്പന്നത്തിന് മൂല്യവര്‍ധന ഉണ്ടാവുന്നു എന്നുസാരം. ഈ കാലയളവില്‍ തീറ്റക്കായി ഉപയോഗിക്കേണ്ടിവരുന്ന അധികച്ചെലവ് പരമാവധി 70,000 രൂപയായിരിക്കും. അത്രതന്നെ മറ്റു ചെലവുകള്‍ കണക്കാക്കിയാലും പരമാവധി അധികകൃഷിച്ചെലവ് 1.40 ലക്ഷം രൂപ മാത്രം. ഇത് ഏകദേശകണക്ക് മാത്രമാണ്. ചെമ്മീന്റെ അതിജീവനനിരക്കും ഉത്പാദനവും വിലയുമൊക്കെ കലാകാലങ്ങളില്‍ ഏറിയും കുറഞ്ഞുമിരിക്കും. എന്നാല്‍ കൗണ്ടുകള്‍ തമ്മിലുള്ള വിലവ്യത്യാസം ഏതാണ്ടൊക്കെ മേല്സൂചിപ്പിച്ചപ്രകാരം നിലനില്ക്കും.