എല്ലാം തരുന്ന കല്പവൃക്ഷം

Posted on: 02 Sep 2011


സപ്തംബര്‍ 2 ലോക നാളികേര ദിനമാണ്. നമ്മള്‍ കേരളീയര്‍ക്ക് എല്ലാം തരുന്ന കല്പവൃക്ഷമാണ് തെങ്ങ്. കേരളത്തിന് ആ പേരു പോലും കിട്ടിയത് തെങ്ങില്‍ നിന്നാണ്. കേരളത്തിന്റെ ഔദ്യോഗിക വൃക്ഷമായ തെങ്ങിനെയും തെങ്ങ് നമുക്ക് തരുന്ന ഉത്പന്നങ്ങളേയും കുറിച്ച് വായിച്ചോളൂ...

ഒറ്റത്തടി വമ്പന്‍!


50 മുതല്‍ 80 അടിവരെ ഉയരത്തില്‍ വളരുന്ന ഒരു ഒറ്റത്തടി വൃക്ഷമാണ് തെങ്ങ്. തെങ്ങിന്റെ തടി, ഓല, പട്ട, തേങ്ങ, ചിരട്ട, പൂക്കുല തുടങ്ങി എല്ലാ ഭാഗങ്ങളും ഉപയോഗമുള്ളതാണ്. ചാരനിറത്തില്‍ പരുപരുത്ത തൊലിയുള്ള തെങ്ങിന് അടിഭാഗത്ത് വണ്ണം കൂടുതലാണ്. മുകളിലേക്ക് പോകുംതോറും വണ്ണം കുറഞ്ഞുവരികയും ചെയ്യും. മേല്‍മണ്ണില്‍ നിന്ന് ഒന്നര മീറ്റര്‍ താഴ്ചയിലാണ് വേരുകള്‍.

തെങ്ങിന്റെ ഇലയ്ക്ക് 'ഓല' എന്നാണ് പറയുന്നത്. തെങ്ങിന്റെ മുകള്‍ഭാഗം കണ്ടാല്‍ ഓലകള്‍ നിറഞ്ഞ് ഒരു കുട തുറന്നുപിടിച്ചതുപോലെ തോന്നും. ഇത് യഥാര്‍ഥത്തില്‍ ഒറ്റ ഇലയല്ല. 200 മുതല്‍ 250 വരെ കുഞ്ഞിലകള്‍ ഒരു ഓലയിലുണ്ടാവും.പൂങ്കുലയുടെ അടിഭാഗത്ത് ചെറിയ തേങ്ങയുടെ രൂപത്തില്‍ പറ്റിപ്പിടിച്ചിരിക്കുന്നവയാണ് പെണ്‍പൂക്കള്‍. ഇതിന് മച്ചിങ്ങ, വെള്ളയ്ക്ക, മെളിച്ചില്‍ എന്നിങ്ങനെ പല പേരുകളുമുണ്ട്. മച്ചിങ്ങ പിന്നീട് കരിക്ക്, ഇളനീര്‍ എന്നീ ഘട്ടങ്ങള്‍ കഴിഞ്ഞ് തേങ്ങയാവുന്നു.

ഇളനീര്‍ മാഹാത്മ്യം

ഒട്ടും മായം കലരാത്ത പ്രകൃതിയുടെ ഗ്ലൂക്കോസ് പാനീയമാണ് ഇളനീര്‍. ഇതിനെ സ്‌പോര്‍ട്‌സ് ഡ്രിങ്ക് എന്നു വിളിക്കുന്നു.

പല രോഗങ്ങള്‍ക്കും ഡോക്ടര്‍മാര്‍ കരിക്കിന്‍വെള്ളം നിര്‍ദേശിക്കാറുണ്ട്. ദാഹം തീര്‍ക്കാനും ക്ഷീണമകറ്റാനും കഴിവുള്ള കരിക്കിന്‍വെള്ളം ധാരാളം പോഷകങ്ങള്‍ അടങ്ങിയതാണ്. സംസ്‌കരിച്ച ഇളനീര്‍ ഇന്ന് ടിന്നുകളിലാക്കിയും വില്‍ക്കുന്നുണ്ട്.

മുക്കണ്ണന്‍ തേങ്ങ!

മനുഷ്യരുടെ തലയുടെ ആകൃതിയിലുള്ള തേങ്ങ പച്ചനിറത്തില്‍ കട്ടിയേറിയ പുറന്തോടോടുകൂടിയാണ് ഉണ്ടാവുക. പുറന്തോടിനുള്ളില്‍ ധാരാളം നാരുകളുണ്ടാവും. ഉണങ്ങുമ്പോള്‍ ഇവ ചാരനിറമാകും. ഇവയ്ക്കുള്ളിലാണ് ചിരട്ടയുണ്ടാവുക. ചിരട്ടയ്ക്കുള്ളില്‍ വെളുത്ത മാംസളമായ കാമ്പുകാണാം. മധുരമുള്ള വെള്ളം ഉണ്ടാകും.

തെങ്ങിന് കണ്ണുണ്ടെന്നാണ് പല നാട്ടുകാരുടെയും വിശ്വാസം. അതുകൊണ്ടായിരിക്കാം 'തെങ്ങ് ചതിക്കില്ല' എന്ന പ്രയോഗം ഉണ്ടായത്. ഗുജറാത്തുകാര്‍ തെങ്ങിനെ ആരാധിക്കുന്നവരാണ്. കടലിനെ ശാന്തമാക്കാന്‍ തീരപ്രദേശങ്ങളിലുള്ളവര്‍ കടലിലേക്ക് നാളികേരം എറിയുന്ന പതിവുണ്ട്.ഉത്സവവുമായി ബന്ധപ്പെട്ട് 'ഇളനീര്‍ വരവ്, ഇളനീരാട്ടം' എന്നിങ്ങനെയുള്ള ചടങ്ങുകള്‍ നടത്താറുണ്ട്.

ഒന്നും പാഴാവില്ല!
ലോകത്ത് ഏറ്റവും കൂടുതല്‍ ഉപയോഗങ്ങളുള്ള പത്ത് വൃക്ഷങ്ങളില്‍ ഒന്നാണ് തെങ്ങ്. തെങ്ങിന്റെ എല്ലാ ഭാഗങ്ങളും ഏതെങ്കിലും തരത്തില്‍ നമുക്ക് പ്രയോജനപ്പെടുന്നു. അതുകൊണ്ടാണ് തെങ്ങിനെ 'കല്പവൃക്ഷ'മെന്ന് വിളിക്കുന്നത്.തെങ്ങിന്റെ തടി ഉപയോഗിച്ച് ഫര്‍ണിച്ചറുകള്‍ ഉണ്ടാക്കുന്നു.

പണ്ട് വീടിന്റെ മേല്‍ക്കൂര മേയാന്‍ തെങ്ങോലകള്‍ ഉപയോഗിച്ചിരുന്നു. ചിരട്ടകള്‍ തീ കത്തിക്കാനും കരകൗശലനിര്‍മാണത്തിനും ഉപയോഗിക്കുന്നു.തെങ്ങിന്റെ കൂമ്പ് ഭാഗത്തു നിന്നും വെട്ടിയെടുക്കുന്ന കുരുത്തോലകൊണ്ട് കളിപ്പാട്ടങ്ങളുണ്ടാക്കാം. തൂമ്പ, മണ്‍വെട്ടി, കോടാലി, മഴു തുടങ്ങിയ കാര്‍ഷികോപകരണങ്ങള്‍ക്ക് കൈപ്പിടി ഉണ്ടാക്കാന്‍ തെങ്ങിന്‍തടി ഉപയോഗിക്കാറുണ്ട്.തേങ്ങയുടെ തൊണ്ടില്‍നിന്നും ശേഖരിക്കുന്ന ചകിരിനാരുകള്‍ പിരിച്ചെടുത്ത് കയറുണ്ടാക്കുന്നു. ചകിരികൊണ്ട് ചവിട്ടിയും പരവതാനിയും മറ്റു കരകൗശല വസ്തുക്കളും ഉണ്ടാക്കുന്നു.

ചകിരി വൃത്തിയാക്കുമ്പോള്‍ കിട്ടുന്ന തരിതരിയായുള്ള അവശിഷ്ടമാണ് ചകിരിച്ചോറ്. ചകരിച്ചോറില്‍ ധാരാളം പൊട്ടാഷ് അടങ്ങിയിരിക്കുന്നതിനാല്‍ വളമായി ഉപയോഗിക്കുന്നു.

രോഗങ്ങളും കീടങ്ങളും

കാറ്റുവീഴ്ച, കൂമ്പുചീയല്‍, ഓലവാട്ടം, കൂമ്പടപ്പ് തുടങ്ങി നിരവധി രോഗങ്ങള്‍ തെങ്ങിനെ ബാധിക്കുന്നുണ്ട്. ചെമ്പന്‍ചെല്ലി, തെങ്ങോലപ്പുഴു, വേരുതീനിപ്പുഴു, പൂങ്കുലച്ചാഴി, മണ്ഡരി തുടങ്ങിയ കീടങ്ങളും തെങ്ങിനെ ആക്രമിക്കുന്നു. വവ്വാല്‍, മരംകൊത്തി, അണ്ണാന്‍ എന്നിവയും തെങ്ങിനെ ചെറിയതോതില്‍ ഉപദ്രവിക്കാറുണ്ട്.

പുരാണത്തിലെ തെങ്ങ്!

ഉടലോടെ സ്വര്‍ഗത്തില്‍ പോകാന്‍ ആഗ്രഹിച്ച ത്രിശങ്കു എന്ന രാജാവില്‍ നിന്നാണ് തെങ്ങുണ്ടായതെന്ന് മറ്റൊരു ഐതിഹ്യം കൂടിയുണ്ട്. എന്നാല്‍ പരശുരാമനാണ് കേരളത്തില്‍ തെങ്ങുകൃഷി വ്യാപകമാക്കിയതെന്നും ഒരു വാദമുണ്ട്.'തെങ്ങുവെക്കുന്ന മാനുഷരെല്ലാം
പൊങ്ങിടാതെയിരിക്കുന്നു സ്വര്‍ഗത്തില്‍' എന്ന വരികള്‍ പരശുരാമന്‍ രചിച്ച തെന്നു പറയപ്പെടുന്ന 'കൃഷിഗീത' എന്ന ഗ്രന്ഥത്തിലുണ്ട്. തെങ്ങിന്‍തൈ ശേഖരണം മുതല്‍ തേങ്ങ ഉത്പാദനം വരെ അതില്‍ പ്രതിപാദിക്കുന്നുണ്ട്.വേദകാലത്തിന് മുന്‍പുതന്നെ ഭാരതത്തില്‍ തെങ്ങുണ്ടായിരുന്നതായി കണക്കാക്കുന്നു. മഹാഭാരതം, രാമായണം, വിഷ്ണുപുരാണം, മത്സ്യപുരാണം, മാര്‍ക്കണ്ഡേയപുരാണം, ബ്രഹ്മാണ്ഡപുരാണം എന്നിവയിലും തെങ്ങിനെക്കുറിച്ച് പരാമര്‍ശമുണ്ട്.

കുരങ്ങു മുഖമുള്ള തേങ്ങ!

കുരങ്ങിനെപ്പോലെ ഇളിച്ചുകാട്ടുന്നതിന് പോര്‍ച്ചുഗീസ് ഭാഷയില്‍ cocos' എന്നാണ് പറയുക. പൊളിച്ച നാളികേരം കണ്ടാല്‍ കുരങ്ങിന്റെ മുഖംപോലെ തോന്നുമല്ലോ? തെങ്ങിന് ഇംഗ്ലീഷിലും ലാറ്റിനിലുമെല്ലാം കിട്ടിയ പേരുകള്‍ ഈ രൂപത്തില്‍ നിന്നും വന്നതാണ്. Ecocos nucifera' എന്നാണ് തെങ്ങിന്റെ ശാസ്ത്രീയനാമം. ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ വളരുന്ന തെങ്ങ് ഏഷ്യന്‍ രാജ്യങ്ങളായ ഇന്ത്യ, ശ്രീലങ്ക, ഇന്‍ഡൊനീഷ്യ, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളില്‍ കണ്ടുവരുന്നു. ദക്ഷിണേഷ്യയില്‍ കേരളത്തിലാണ് ആദ്യമായി തെങ്ങുകൃഷി തുടങ്ങിയത്. എന്നാല്‍ തെക്കേ അമേരിക്കയില്‍ നിന്നാണ് തെങ്ങ് മറ്റ് രാജ്യങ്ങളില്‍ എത്തിപ്പെട്ടതെന്നും പറയപ്പെടുന്നു.

പച്ച സ്വര്‍ണം!

തേങ്ങയുടെ വാണിജ്യപ്രാധാന്യം കണക്കിലെടുത്ത് അതിനെ പച്ചസ്വര്‍ണം എന്നു വിളിക്കാറുണ്ട്. തേങ്ങയുടെ കാമ്പ് കറികളിലരച്ചു ചേര്‍ക്കാന്‍ ഉപയോഗിക്കുന്നു. കേരളീയര്‍ പാചകത്തിന് പ്രധാനമായും നാളികേരത്തില്‍ നിന്നുണ്ടാക്കുന്ന വെളിച്ചെണ്ണയാണ് ഉപയോഗിക്കുന്നത്. വയറിളക്കം, പ്രമേഹം, ഹീമോഫീലിയ തുടങ്ങിയ രോഗങ്ങളുടെ ചികിത്സയില്‍ വെളിച്ചെണ്ണ ഉപയോഗിക്കാറുണ്ട്. തേങ്ങാപ്പാലും ഔഷധഗുണമുള്ളതാണ്. സ്വാദിഷ്ടമായ നിരവധി ഉത്പന്നങ്ങള്‍ തേങ്ങയില്‍ നിന്ന് ഉണ്ടാക്കാം.

1. തൂള്‍ തേങ്ങ: നാളികേര കാമ്പ് ചുരണ്ടിപ്പൊടിച്ച് ഉണക്കിയെടുക്കുന്നതാണ് തൂള്‍ തേങ്ങ.ബിസ്‌ക്കറ്റ്, മിഠായി എന്നിവയൊക്കെ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നു.

2. തേങ്ങാപ്പാല്‍പ്പൊടി: തേങ്ങാപ്പാലിലെ ജലാംശം ഇല്ലാതാക്കിയാണ് ഇതുണ്ടാക്കുന്നത്. തേങ്ങാപ്പാല്‍ സംസ്‌കരിച്ച് ടിന്നിലാക്കിയതും വിപണിയിലുണ്ട്.

3. നാളികേര സിറപ്പ്: തേങ്ങാപ്പാല്‍ ഉപയോഗിച്ചാണ് ഇതുണ്ടാക്കുന്നത്.

4. നാളികേരത്തേന്‍: തേങ്ങാപ്പാലില്‍ നിന്നും നിര്‍മിക്കുന്ന ഈ തേന്‍ സാക്ഷാല്‍ തേനിനു പകരം ഉപയോഗിക്കാം.

5. തെങ്ങിന്‍ചക്കര: തെങ്ങില്‍ നിന്നെടുക്കുന്ന മധുരക്കള്ള് തിളപ്പിച്ചാറ്റിയെടുത്താല്‍ ചക്കര കിട്ടും. സ്വാദുള്ള ഒരു വിഭവമായും ഔഷധമായും ഇത് ഉപയോഗിക്കുന്നു.

6. തെങ്ങിന്‍കള്ള്: വിടരാത്ത പൂക്കുല ചെത്തിയാണ് തെങ്ങിന്‍കള്ള് എടുക്കുന്നത്. ഇതില്‍ പലതരം വിറ്റാമിനുകളുണ്ട്.

7. ലമണേഡ്: തേങ്ങാവെള്ളത്തില്‍ പഞ്ചസാരയും ചെറുനാരങ്ങാനീരും ചേര്‍ത്ത് ഉണ്ടാക്കുന്നു.

8. യീസ്റ്റ്: മാവ് പുളിപ്പിക്കാനും മറ്റും ഉപയോഗിക്കുന്ന യീസ്റ്റ് തേങ്ങാവെള്ളത്തില്‍ വളര്‍ത്തിയെടുക്കാം.

9. വിനാഗിരി: വിളഞ്ഞ തേങ്ങയുടെ വെള്ളം തിളപ്പിച്ചാറ്റി അതില്‍ യീസ്റ്റും പഞ്ചസാരയും ചേര്‍ത്താണ് വിനാഗിരി ഉണ്ടാക്കുന്നത്.


കടങ്കഥ പറയാം!


തെങ്ങിനേയും തേങ്ങയേയും പറ്റി ഏതാനും കടങ്കഥകള്‍ ഇതാ:


ഉടുക്കാത്ത മങ്ക കുടയേന്തി നില്ക്കുന്നു
മരത്തിന്മേലുണ്ടൊരു തണ്ണീര്‍പ്പന്തല്‍
ഒരമ്മപെറ്റ മക്കളൊക്കെ മുക്കണ്ണന്മാര്‍
പച്ചക്കാട്ടില്‍ തവിട്ടുകൊട്ടാരം
അതിനുള്ളില്‍ വെള്ളക്കൊട്ടാരം
അതിനുള്ളില്‍ കൊച്ചുതടാകം
വെളുവെളെയുള്ളൊരു പലഹാരം
തെളുതെളെയുള്ളൊരു പാനീയം
രണ്ടുമിരിപ്പതൊരേ പാത്രത്തില്‍
എല്ലാര്‍ക്കും രണ്ട് കണ്ണ്, ഒരാള്‍ക്ക് മൂന്ന് കണ്ണ്
പുറം പൊന്തം പൊന്തം
അതിനുള്ളില്‍ പഞ്ഞിക്കെട്ട്
അതിനുള്ളില്‍ ഇരുമ്പും കെട്ട്
അതിനുള്ളില്‍ ഇയ്യക്കെട്ട്
അതിനുള്ളില്‍ പനിനീര്‍
തെക്കുതെക്കു തെന്നമരത്തില്‍ ഒരു കിണ്ടി വെള്ളം
തൂക്കാതെ തൂങ്ങി, ചൊരിയാതെ നിറഞ്ഞു,
എടുക്കാതെ വറ്റി

ഐതീഹ്യം

അറബിക്കടലിന്റെ തീരത്ത് പണ്ടൊരു മുക്കുവന്‍ താമസിച്ചിരുന്നു. മീന്‍ പിടിക്കാന്‍ അത്ര മിടുക്കനൊന്നുമായിരുന്നില്ല അയാള്‍. ഒരുദിവസം മുക്കുവന്‍ ഒരു മാന്ത്രികന്റെ അടുത്തെത്തി. എന്നിട്ട് മന്ത്രവിദ്യകൊണ്ട് തല ഉടലില്‍നിന്ന് വേര്‍പെടുത്താനും തിരികെ വെക്കാനുമുള്ള വിദ്യ പഠിച്ചു.

ഗ്രാമത്തില്‍ തിരിച്ചെത്തിയ മുക്കുവന്‍ രാത്രിയായപ്പോള്‍ തല ഒരിടത്ത് ഒളിച്ചുവച്ചു. എന്നിട്ട് കടലിലേക്ക് ഊളിയിട്ടു. തലയില്ലാത്ത മനുഷ്യനെക്കണ്ട് മീനുകള്‍ അടുത്തുകൂടി. അവ കഴുത്തിലെ ദ്വാരത്തിലൂടെ അകത്തുകയറി. കരയിലെത്തിയ മുക്കുവന്‍ ആ മീനുകളെയെല്ലാം പുറത്തേക്കിട്ടു. ഇതൊരു പതിവായി.

ഒരുദിവസം ഒരു കുട്ടി മുക്കുവനെ പിന്തുടര്‍ന്നു. മുക്കുവന്‍ തല ഒളിപ്പിക്കുന്നത് കണ്ട് അവന്‍ അമ്പരന്നു. കുട്ടി തലയുമെടുത്ത് നടന്നു. 'ഹൊ, എന്തൊരു ഭാരം! , അവന്‍ തലയെടുത്ത് കുറ്റിക്കാട്ടിലേക്ക് വലിച്ചെറിഞ്ഞു. പാവം മുക്കുവന്‍! തലകാണാതെ ഗതികെട്ട് കടലിലേക്കുതന്നെ ചാടി. ഒടുവില്‍ അയാള്‍ ഒരു മീനായി മാറി.

പിറ്റേന്ന് ആളുകളെയും കൂട്ടി കുട്ടി തല വലിച്ചെറിഞ്ഞ കുറ്റിക്കാട്ടിലെത്തി. അദ്ഭുതം! അപ്പോഴേക്കും ആ തല മുളച്ച് ഒരു ഒറ്റത്തടി മരമായി മാറിയിരുന്നു. അതിന്റെ മുകളിലുണ്ടായ കായ്കള്‍ പറിച്ച് പൊട്ടിച്ചപ്പോഴോ? മനുഷ്യന്റെ മുഖംപോലെ കണ്ണും മൂക്കുമുള്ള കായ ; തലമുടി പോലെ ചകിരി നാരുകളും! ആ മരമാണ് തെങ്ങ്.

തയ്യാറാക്കിയത്:സുരേന്ദ്രന്‍ ചീക്കിലോട്,സന്ധ്യ എം


Stories in this Section