രോഗങ്ങള്‍ ജന്തുക്കളില്‍ നിന്ന് മനുഷ്യരിലേക്ക്
Posted on: 29 Jul 2011
ഡോ. പി.കെ. മുഹ്‌സിന്‍, താമരശ്ശേരി, മുന്‍ അഡീഷണല്‍ ഡയറക്ടര്‍ (എ.എച്ച്)

മൃഗങ്ങളില്‍ നിന്നുള്ള വിഭവങ്ങള്‍ ഭക്ഷണത്തിനും വ്യാവസായികാവശ്യത്തിനും ഉപയോഗിക്കുന്നത് മൂലവും ഓമനമൃഗങ്ങളും വളര്‍ത്തുപക്ഷികളുമായി അടുത്തിടപഴകുന്നത് മൂലവും ഇവയെ ബാധിക്കുന്ന ചില രോഗങ്ങള്‍ മനുഷ്യരിലേക്ക് പകരുന്നു.ബാക്ടീരിയ, വൈറസ് അവ ഉത്പാദിപ്പിക്കുന്ന വിഷവസ്തുക്കള്‍ തുടങ്ങിയവമൂലമാണ് രോഗങ്ങള്‍ പ്രധാനമായും ഉണ്ടാവുന്നത്. കൊതുക് മുതലായ ഷഡ്പദങ്ങളും രോഗം പരത്തുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നു. ഇത്തരം രോഗങ്ങളില്‍ ചിലത് മനുഷ്യരിലും മൃഗങ്ങളിലും ഒരുപോലെ മാരകമാണ്. പേവിഷബാധ, ക്ഷയരോഗം എന്നിവ ഈ ഇനത്തില്‍പ്പെടുന്നു. മറ്റുചില രോഗങ്ങളാകട്ടെ മൃഗങ്ങളില്‍ മിതമായ തോതിലും മനുഷ്യരില്‍ രൂക്ഷമായും രോഗലക്ഷണങ്ങള്‍ ഉണ്ടാക്കുന്നവയാണ്. ബ്‌റൂസെല്ലാരോഗം ഉദാഹരണം. കുളമ്പ്‌രോഗം പോലുള്ള രോഗങ്ങള്‍ മൃഗങ്ങളില്‍ രൂക്ഷമായും മനുഷ്യരില്‍ നിസ്സാരമായും പ്രത്യക്ഷപ്പെടുന്നു.മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന പ്രധാന രോഗങ്ങള്‍:
നായകള്‍ വഴി
ഇതില്‍ പ്രധാനപ്പെട്ടതും ഏറ്റവും മാരകമായതും പേവിഷബാധതന്നെ. നായ, പൂച്ച മുതലായ മൃഗങ്ങളുടെ കടിമൂലമാണ് മനുഷ്യര്‍ക്ക് പ്രധാനമായും രോഗം വരുന്നത്. രോഗലക്ഷണങ്ങള്‍ കാണിച്ചുകഴിഞ്ഞാല്‍ ചികിത്സ ഫലപ്രദമല്ലാത്ത മാരകരോഗമാണിത്. നായകള്‍ക്കും പൂച്ചകള്‍ക്കും പ്രതിരോധ കുത്തിവെപ്പ് നടത്തിയാല്‍ രോഗവ്യാപനം ഒരുപരിധിവരെ തടയാം.
എക്കൈനോകോക്കസ് വിരബാധ, അഞ്ചാംപനി, ഡിഫ്ത്തീരിയ, ഗ്യാസ് ഗാന്‍ഗ്രീന്‍, ക്ഷയരോഗം, പ്ലേഗ്, സ്‌കാര്‍ലറ്റ് ഫീവര്‍ എന്നിവയാണ് നായകളില്‍ക്കൂടി പകരാവുന്ന മറ്റു പ്രധാന രോഗങ്ങള്‍. ക്ഷയരോഗം ബാധിച്ച നായകളുമായി ഇടപഴകിക്കളിച്ച് നടക്കുന്ന കുട്ടികളിലേക്ക് ഈ രോഗം എളുപ്പത്തില്‍ പകരുന്നു. ക്ഷയരോഗം ബാധിച്ച മനുഷ്യരുടെ കഫം ഭക്ഷിക്കുന്ന നായകളിലും ഈ രോഗം വരുന്നു.
അഞ്ചാംപനി, മുണ്ടിനീര്, ഡിഫ്ത്തീരിയ, സ്‌കാര്‍ലറ്റ്ഫീവര്‍ എന്നീരോഗങ്ങള്‍ മനുഷ്യരില്‍ നിന്ന് നായയിലേക്കും നായയില്‍ നിന്ന് മനുഷ്യനിലേക്ക് തിരിച്ചും പകരാറുണ്ട്. നായയുടെ ശരീരത്തില്‍ കാണുന്ന ചിലതരം പേനുകള്‍ മനുഷ്യരില്‍ ത്വക്‌രോഗം ഉണ്ടാക്കുന്നു.
പൂച്ചകള്‍ വഴി
പേവിഷബാധ, മുണ്ടിനീര്, കേറ്റ്‌സ്‌ക്രേച്ച് ഡിസീസ് എന്നിവയാണ് പൂച്ചകളില്‍ക്കൂടി പകരുന്ന പ്രധാന വൈറസ് രോഗങ്ങള്‍.
ആന്ത്രാക്‌സ്, ബ്‌റൂസല്ലോസിസ്സ്, പ്ലേഗ്, സാല്‍മോണല്ലാ ഫീവര്‍ എന്നിവയാണ് പൂച്ചജന്യ ബാക്ടീരിയ രോഗങ്ങള്‍. ആക്ടിനോ മൈക്കോസിസ്സ്, ആസ്പര്‍ജില്ലോസിസ്സ് എന്നിവ ഫംഗസ് രോഗങ്ങളില്‍പ്പെടുന്നു. പ്രൊട്ടോസോവ മൂലമുള്ള രോഗങ്ങളാകട്ടെ അമീബിയാസിസ്, ടോക്‌സോപ്ലാസ് മോസിസ്, ട്രിപ്പനോസോമിയാസിസ് എന്നിവയാണ്.
കന്നുകാലികള്‍ വഴി
ബാസില്ലസ് ആന്ത്രാസിസ്സ് എന്ന ബാക്ടീരിയ മൂലം കന്നുകാലികളില്‍ കാണുന്ന മാരകരോഗമാണ് ആന്ത്രാക്‌സ്. ആന്ത്രാക്‌സ് ബാക്ടീരിയ 'സ്‌പോര്‍' രൂപത്തില്‍ ഭക്ഷണത്തില്‍ക്കൂടിയോ ശ്വാസകോശത്തില്‍ കൂടിയോ മനുഷ്യരില്‍ പ്രവേശിച്ച് രോഗബാധയുണ്ടാക്കുന്നു. മൃഗങ്ങളുടെ രോമം, കമ്പിളി, തോല്‍, മാംസം, എല്ല്, കൊമ്പ് തുടങ്ങിയ വസ്തുക്കള്‍ കൈകാര്യം ചെയ്യുന്നവരിലും രോഗം ബാധിച്ചവയെ പരിചരിക്കുന്നവരിലും അവയുടെ മാംസം കഴിക്കുന്നവരിലും രോഗംവരാന്‍ സാധ്യതയുണ്ട്.
ലെപ്‌റ്റോസ്‌പൈറോസിസ് അഥവാ എലിപ്പനി വളര്‍ത്തുമൃഗങ്ങളിലും എലികളിലും റ്റും ഉണ്ടാവാറുണ്ട്. അവയുടെ മൂത്രത്തില്‍ക്കൂടി രോഗാണുക്കള്‍ പുറത്തുവരുന്നു. ഇനി അണുക്കള്‍ മനുഷ്യരിലേക്ക് പകരുന്നപക്ഷം 'വീല്‍സ് ഡിസീസ്' അഥവാ എലിപ്പനിയുണ്ടാകുന്നു.
പക്ഷികള്‍ വഴി
പ്രധാനമായും കോഴി, താറാവ്, വാത്ത്, ടര്‍ക്ക് എന്നീ പക്ഷികളെ ബാധിക്കുന്ന മാരകമായ വൈറസ് രോഗമാണ് പക്ഷിപ്പനി അഥവാ 'ബേഡ് ഫ്ലൂ'. രോഗബാധയേറ്റ പക്ഷികളില്‍ നിന്നും രോഗം മനുഷ്യരിലേക്ക് പകരുന്നു.
മാംസം വഴി
മാംസം നന്നായി വേവിക്കാതെ കഴിക്കുന്നപക്ഷം ചില ജന്തുജന്യരോഗബാധകള്‍ക്ക് സാധ്യതയുണ്ട്. മാട്ടിറച്ചിയും പന്നിയിറച്ചിയും വഴി പകരുന്ന നാടവിരകളാണ് ടീനിയ സോളിയയും ടീനിയ സാജിനേറ്റയും. ലാര്‍വ ബാധയുള്ള പന്നിമാംസം കഴിക്കുന്നതു മൂലം മനുഷ്യരില്‍ ഉണ്ടാകുന്ന അസുഖമാണ് ''ട്രൈക്കിനെല്ലോസിസ് ''. ഇത് വളരെ മാരകമാണ്.