കരിമീനിനെ കൂടില്‍ വളര്‍ത്താം

Posted on: 28 Jul 2011
കരിമീനുകളെ വലക്കൂടുകളില്‍ വളര്‍ത്തുന്ന സാങ്കേതികവിദ്യ വിജയകരമായി പരീക്ഷിച്ചു. കുമരകം പ്രാദേശിക കാര്‍ഷിക ഗവേഷണകേന്ദ്രം വികസിപ്പിച്ച 'കേജ് കള്‍ച്ചര്‍' എന്ന ഈ രീതി ഏറെ സാധ്യതകളുയര്‍ത്തുകയാണ്.

ദീര്‍ഘ ചതുരാകൃതിയിലുണ്ടാക്കിയ ഫ്രെയിമുകളുടെ നാലുവശവും കണ്ണിയകലം കുറഞ്ഞ വലകൊണ്ട് പൊതിഞ്ഞാണ് കരിമീന്‍ വളര്‍ത്താനുള്ള കൂടുകളുണ്ടാക്കുന്നത്. പ്ലാസ്റ്റിക് പൈപ്പുകളോ തടിയോ ഉപയോഗിച്ച് ഫ്രെയിമുണ്ടാക്കാം. 2 മീറ്റര്‍ നീളവും ഒരു മീറ്റര്‍ വീതിയും 2 മീറ്റര്‍ ആഴവുമുള്ള കൂടുകള്‍ തമ്മില്‍ ബന്ധിച്ച് ജലാശയത്തില്‍ നിക്ഷേപിക്കാം. ആവശ്യാനുസരണം കൂടിന്റെ വലിപ്പം കൂട്ടാവുന്നതാണ്. കമ്പുകള്‍ നാട്ടി അവയുമായി കേജുകള്‍ കൂട്ടിക്കെട്ടുക വഴി ഒഴുകിപ്പോകുന്നതു തടയുകയും ചെയ്യാം. ഈ കൂടുകളിലാണ് കരിമീന്‍ കുഞ്ഞുങ്ങളെ നിക്ഷേപിച്ചുവളര്‍ത്തുന്നത്. ഇവയ്ക്കുള്ള തീറ്റ കൂടുകളുടെ മേല്‍ഭാഗത്തുള്ള വലയിലൂടെ അകത്തേക്കു നിക്ഷേപിക്കാനാവും. ഇതിനു തവിടും പിണ്ണാക്കും മറ്റും ചേര്‍ത്തുണ്ടാക്കുന്ന പ്രത്യേകതരം തീറ്റ ഗവേഷണകേന്ദ്രം വികസിപ്പിച്ചിട്ടുമുണ്ട്. കരിമീന്‍ 6 മാസംകൊണ്ട് 400 മുതല്‍ 600 ഗ്രാം വരെ തൂക്കംവെക്കും.

കുമരകം പ്രാദേശിക ഗവേഷണകേന്ദ്രം മേധാവി ഡോ. കെ.ജി. പത്മകുമാറിന്റെ നേതൃത്വത്തില്‍ വേമ്പനാട്ടുകായലില്‍ നടത്തിയ കേജ്കള്‍ച്ചര്‍ വളരെ വിജയകരമായിരുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0481 2524421.Stories in this Section