Home>Health News
FONT SIZE:AA

ആത്മഹത്യക്കു പിന്നില്‍

ആത്മഹത്യയുടെ കാരണമെന്താണ്? ഒരാളുടെ മനോനില മാത്രമാണോ ആത്മഹത്യയിലേക്ക് നയിക്കുന്നത്? അതോ ശരീരത്തില്‍ നടക്കുന്ന ഏതെങ്കിലും രാസമാറ്റങ്ങളുടെ ഫലമാണോ ആത്മഹത്യ? ഇങ്ങനെ ഒട്ടേറെ ചോദ്യങ്ങള്‍ക്ക് ഉത്തരം തേടിയുള്ള ഗവേഷണങ്ങള്‍ക്ക് ഫലം കണ്ടു. തലച്ചോറില്‍ ഒരു പ്രത്യേകതരം പ്രോട്ടീന്റെ സാന്നിധ്യം വര്‍ദ്ധിക്കുന്നതാണ് ഒരാളെ കടുത്ത വിഷാദത്തിലേക്കോ ആത്മഹത്യയിലേക്കോ തള്ളിവിടുന്നതെന്ന് ഒരു സംഘം ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നു.

ലണ്ടനിലെ വെസ്റ്റേണ്‍ ഒന്റാറിയോ സര്‍വകലാശാലയിലെ മൈക്കിള്‍ പൗള്‍ട്ടറും ഒട്ടാവയിലെ കാര്‍ലെട്ടണ്‍ സര്‍വകലാശാലയിലെ ഹൈമി അനിസ്മാനും ചേര്‍ന്നാണ് ആത്മഹത്യയെക്കുറിച്ചുള്ള ഗവേഷണം നടത്തിയത്.

സ്വാഭാവിക മരണമോ ഹൃദയാഘാതം കൊണ്ടുള്ള മരണമോ സംഭവിച്ചവരുടെയും ആത്മഹത്യ ചെയ്തവരുടെയും തലച്ചോറുകള്‍ ആണ് ഗവേഷകര്‍ പഠന വിധേയമാക്കിയത്. ആത്മഹത്യ ചെയ്തവരുടെ തലച്ചോറില്‍ ഒരു പ്രത്യേകതരം പ്രോട്ടീന്റെ സാന്നിധ്യം മറ്റുള്ളവരെ അപേക്ഷിച്ച് പത്തു മടങ്ങ് വരെ അധികമായി കണ്ടു. രാസപരമായി ഡി.എന്‍.എ.യില്‍ മാറ്റങ്ങള്‍ വരുത്താന്‍ ശേഷിയുള്ളവയാണ് ഈ പ്രോട്ടീനുകള്‍. എപ്പിജെനോമിക് റെഗുലേഷന്‍ (Epigenomic Regulation)എന്ന് വിളിക്കുന്ന ഈ പ്രക്രിയയിലൂടെ ഡി.എന്‍.എ.യില്‍ മാറ്റങ്ങള്‍ സംഭവിക്കുമ്പോള്‍ ഉത്കണ്ഠയും മാനസിക പിരിമുറുക്കവും വര്‍ധിക്കുകയും അങ്ങനെ ആത്മഹത്യയിലേക്കോ കടുത്ത വിഷാദത്തിലേക്കോ വ്യക്തിയെ തള്ളിവിടുകയും ചെയ്യുന്നു.

പുതിയ കണ്ടെത്തല്‍ മാനസികാരേഗ്യ ചികിത്സാരംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ ഉണ്ടാക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. മനസ്സിനെ ബാധിക്കുന്ന ഒട്ടേറെ രോഗങ്ങള്‍ക്ക് ഫലപ്രദമായ ചികിത്സ കണ്ടെത്താന്‍ ഗവേഷണഫലം സഹായകമാവുമെന്നും അവര്‍ അഭിപ്രായപ്പെടുന്നു.
ജി.കെ
Tags- suicide
Loading