
കൊക്കെയിന്‍ ഉള്‍പ്പെടെയുള്ള മയക്കുമരുന്നുകളുടെ പകുതിവിലയ്ക്ക് ലഭ്യമാകുന്ന കെറ്റമിന്റെ ഉപയോഗം ഒരു സാമൂഹികവിപത്തായി അതിവേഗം മാറിക്കൊണ്ടിരിക്കെയാണ് പുതിയ വെളിപ്പെടുത്തലുകള്‍ ലഭ്യമായിരിക്കുന്നത്.
ലണ്ടനിലെ യൂണിവേഴ്‌സിറ്റി കോളേജിലെ ഗവേഷകര്‍ 120 പേരില്‍ നടത്തിയ നിരീക്ഷണങ്ങളില്‍നിന്നാണ് പുതിയ നിഗമനങ്ങള്‍ ഉരുത്തിരിയുന്നത്. നിരന്തരമായി കെറ്റമിന്‍ ഉപയോഗിക്കുന്നവരുടെ ഓര്‍മശക്തി ഗുരുതരമായി തകരാറിലാവുന്നതായി ഗവേഷകര്‍ കണ്ടെത്തി. പേരുകള്‍ ഓര്‍ത്തിരിക്കാന്‍പോലും കഴിയാത്തവിധം ചിലരുടെ ഓര്‍മശക്തി നശിച്ചു. പലരുടെയും മാനസികാരോഗ്യവും തകര്‍ന്നതായി സംഘം നിരീക്ഷിച്ചു. ഭയം, ഉത്കണ്ഠ, തങ്ങള്‍ക്കെതിരെ എല്ലാവരും ഗൂഢാലോചന നടത്തുന്നുവെന്ന അന്ധവിശ്വാസം എന്നിവയൊക്കെയാണ് നിരന്തരം കെറ്റമിന്‍ ഉപയോഗിച്ചവരില്‍ കണ്ടെത്തിയ പൊതുസ്വഭാവ സവിശേഷതകള്‍.
പുതിയതലമുറ ഏറ്റവും അധികം ഉപയോഗിക്കുന്ന മയക്കുമരുന്ന് എന്ന നിലയില്‍ കെറ്റമിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ബോധവത്കരണം അത്യാവശ്യമാണെന്ന് ഗവേഷക സംഘത്തിന് നേതൃത്വം കൊടുത്ത ഡോ. സെലിയ മോര്‍ഗന്‍ പറയുന്നു.
വൃക്കകള്‍ക്കും മൂത്രസഞ്ചിക്കും തകരാര്‍ ഉണ്ടാക്കുമെന്ന 'കുപ്രസിദ്ധി' നേരത്തെത്തന്നെ കെറ്റമിന്‍ സ്വന്തമാക്കിയിട്ടുണ്ട്. അതിനുപുറമേയാണ് പുതിയ വെളിപ്പെടുത്തല്‍.
ജി.കെ.