
നട്ടെല്ലിനു പരിക്കുപറ്റി സുഷുമനയേ്ക്കറ്റ ആഘാതത്തെത്തുടര്‍ന്ന് പക്ഷാഘാതം പിടിപ്പെട്ടയാളിലാണ് മനുഷ്യഭ്രൂണത്തില്‍ നിന്നുള്ള വിത്തുകോശങ്ങള്‍ കുത്തിവെച്ചത്. സാന്‍ഫ്രാന്‍സിസ്‌കോയിലെ സിലിക്കണ്‍വാലി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'ജെറോണ്‍' എന്ന ബയോടെക് കമ്പനിയുടെ സഹകരണത്തോടെയായിരുന്നു പരീക്ഷണം. വിത്തുകോശങ്ങള്‍ വികസിപ്പിക്കുന്നതിനായി കമ്പനി 170 ദശലക്ഷം ഡോളര്‍ ചെലവിട്ടതായാണ് കണക്ക്.
നട്ടെല്ലിന് തകരാറുള്ള രോഗികളിലാണ് നിലവില്‍ വിത്തുകോശ ചികിത്സ പരീക്ഷിക്കുന്നത്. പരീക്ഷണത്തിന്റെ ആദ്യഘട്ടത്തില്‍ എട്ട്-പത്ത് രോഗികളില്‍ വിത്തുകോശങ്ങള്‍ കുത്തിവെക്കാനാണ് പദ്ധതി. വിത്തുകോശ കുത്തിവെപ്പ് പരിക്കേറ്റ് 14 ദിവസത്തിനകം എടുത്തിരിക്കണമെന്നാണ് ചട്ടം. വിത്തുകോശ ചികിത്സയിലൂടെ ഭേദപ്പെടുത്താവുന്ന രോഗങ്ങളിലെന്നായാണ് നട്ടെല്ലുമായി ബന്ധപ്പെട്ട അസുഖങ്ങളെ ശാസ്ത്രജ്ഞര്‍ കണക്കാക്കുന്നത്. അല്‍ഷിമേഴ്‌സ്, പാര്‍ക്കിന്‍സണ്‍സ് എന്നീ രോഗങ്ങളും വിത്തുകോശ ചികിത്സയിലൂടെ മാറ്റാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നു.
ഗുരുതരമായ സുഷുമ്‌നാ തകരാര്‍ മൂലമുണ്ടാകുന്ന പക്ഷാഘാതം തടയാന്‍ വിത്തുകോശ ചികിത്സയ്ക്ക് കഴിയുമെന്നും ചികിത്സയ്ക്ക് ശേഷം രോഗികള്‍ക്ക് ചലനശേഷി തിരിച്ചുകിട്ടുമെന്നും ഗവേഷകര്‍ കരുതുന്നു. ഇതുസംബന്ധിച്ച് എലികളില്‍ നടത്തിയ പരീക്ഷണം വിജയം കണ്ടിരുന്നു.
ഭ്രൂണ വിത്തുകോശ ചികിത്സ വര്‍ഷങ്ങളോളം വിവാദവിഷയമായിരുന്നു. ജോര്‍ജ് ബുഷിന്റെ ഭരണകാലത്ത് അമേരിക്ക നൈതിക പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തി ഗവേഷണം നിരോധിച്ചിരുന്നു. ഭ്രൂണ കോശങ്ങള്‍ മനുഷ്യജീവനെ പ്രതിനിധീകരിക്കുന്നെന്ന് കാരണം പറഞ്ഞായിരുന്നു നിരോധനം. ഒബാമ ഭരണകൂടം നിരോധനം പിന്‍വലിച്ചെങ്കിലും പിന്നീട് കോടതി ഇടപെട്ട് അത് റദ്ദാക്കി. തീരുമാനത്തിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്കിയതിനെത്തുടര്‍ന്ന് വിലക്ക് താത്കാലികമായി പിന്‍വലിച്ചു.
വിത്തുകോശ ഗവേഷണം സംബന്ധിച്ച വാദങ്ങള്‍ പൂര്‍ത്തിയാകുന്നതുവരെയാണ് കോടതി നിരോധനം പിന്‍വലിച്ചിരിക്കുന്നത്. സ്റ്റേയുടെ പിന്‍ബലത്തിലാണ് അമേരിക്കയില്‍ ഗവേഷണ പരിപാടികള്‍ പുനഃരാരംഭിച്ചത്.