
എക്സ്റേ രശ്മികള്‍, കമ്പ്യൂട്ടറുകള്‍, ഡിറ്റക്ടറുകള്‍ എന്നിവയുടെ കൂട്ടായ പ്രവര്‍ത്തനമാണ് സി.ടി. സ്കാനിങ്ങില്‍ ഉപയോഗിക്കുന്നത്. സാധാരണചെയ്യുന്ന എക്സ്റേ പരിശോധനയില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് സി.ടി. സ്കാനിങ്. എക്സ്റേ പരിശോധനയില്‍ അവയവങ്ങളുടെ മൊത്തത്തിലുള്ള പ്രതിബിംബമാണ് കിട്ടുന്നത്. എന്നാല്‍, സി.ടി. സ്കാനിങ്ങിലൂടെ ലഭിക്കുന്ന ഇമേജില്‍ ആന്തരഘടനയുടെ വിശദാംശങ്ങള്‍ നടുച്ഛേദ പ്രതിബിംബം തുടങ്ങിയവ ഉണ്ടായിരിക്കും. വികിരണ രശ്മികള്‍ കടന്നുപോകുന്ന അവയവങ്ങള്‍, ആ രശ്മികളെ എത്രത്തോളം കടത്തിവിടുന്നു എന്നതിനെ ആസ്പദമാക്കിയാണ് ചിത്രങ്ങള്‍ തെളിയുന്നത്.
സാധാരണ നിലയിലുള്ള സി.ടി. സ്കാനിങ്ങിലൂടെ നൂറ് തവണയോ അതിലധികമോ എക്സ്റേ പരിശോധന നടത്തുന്നതിന് സമാനമായ റേഡിയേഷനാണ് രോഗിക്ക് ലഭിക്കുക. എക്സ്റേ രശ്മികളുടെ പാര്‍ശ്വഫലങ്ങള്‍ മൂലം രോഗിക്ക് മറ്റുരോഗങ്ങള്‍ ഉണ്ടാകുവാനാകും സാധ്യത. റേഡിയേഷന്റെ തോത് ക്രമാതീതമായതിനാല്‍ ഒരല്പം ചിന്തിച്ചശേഷമേ സി.ടി. സ്കാന്‍ പരിശോധനയ്ക്ക് തയ്യാറാകേണ്ടതുള്ളൂയെന്നാണ് ശാസ്ത്രമതം.