Home>Health News
FONT SIZE:AA

എബോള വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിച്ചു തുടങ്ങി

ശിഹാബുദ്ദീന്‍ തങ്ങള്‍

പശ്ചിമാഫ്രിക്കന്‍ രാജ്യങ്ങളില്‍ പടര്‍ന്നു പിടിച്ച എബോളയെ പ്രതിരോധിക്കുന്നതിനുള്ള വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷണം ആരംഭിച്ചു. ഇംഗ്ലണ്ടിലെ യൂണിവേഴ്‌സിറ്റി ഓഫ് ഓക്‌സ്‌ഫോര്‍ഡില്‍ നടന്ന ട്രയലില്‍ ഒരു ബ്രിട്ടീഷ് സന്നദ്ധസേവകന്‍ വാക്‌സിന്‍ സ്വീകരിച്ചു.

ലോകത്തെ വിറപ്പിക്കുന്ന എബോളയെ തടയാനുള്ള ബ്രിട്ടീഷ് അമേരിക്കന്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷണം ആരംഭിച്ചിരിക്കുന്നത്. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ 60 പേരില്‍ കൂടി വാക്‌സില്‍ പരീക്ഷണം നടത്തും. ഇതോടൊപ്പം തന്നെ പരീക്ഷണം അമേരിക്കയിലും നടക്കും.

എബോള വൈറസിന്റെ ജനിതക ഘടകങ്ങള്‍ അടങ്ങിയ വാക്‌സിനാണ് പരീക്ഷണത്തിനായി ഉപയോഗിക്കുന്നത്. വൈറസ് ശരീരത്തിനകത്ത് പ്രവേശിക്കുമ്പോള്‍ പ്രതിരോധ സംവിധാനം സ്വാഭാവികമായി ഇതിനെ തകര്‍ക്കുന്നതിനുള്ള ആന്റിബോഡികള്‍ ഉത്പാദിപ്പിക്കും. വാക്‌സിനില്‍ അടങ്ങിയിരിക്കുന്ന വൈറസ് അപകടകാരിയല്ലെങ്കിലും ശരീരത്തില്‍ ഉത്പാദിപ്പിക്കപ്പെട്ട ആന്റിബോഡികള്‍ പിന്നീടുണ്ടാകുന്ന എബോള ആക്രമണത്തെ ഫലപ്രദമായി ചെറുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ആഫ്രിക്കയില്‍ ഉണ്ടായിരിക്കുന്ന ദുരന്തം അടിയന്തര പ്രതികരണം ആവശ്യപ്പെടുന്നതാണെന്ന് ഓക്‌സ്‌ഫോര്‍ഡിലെ വാക്‌സിന്‍ പരീക്ഷണത്തിന് നേതൃത്വം നല്‍കുന്ന പ്രൊഫസര്‍ അഡ്രിയാന്‍ ഹില്‍ പറഞ്ഞു. തങ്ങളുടെ വാക്‌സിന്‍ എബോളയ്ക്ക് എതിരെ ഫലപ്രദമായിരിക്കുമെന്ന ശുഭാപ്തി വിശ്വാസവും അദ്ദേഹം പങ്കുവെച്ചു.

ബ്രിട്ടീഷ് കമ്പനിയായ ഗ്ലാക്‌സോസ്മിത്ത്ക്ലിന്‍ (GlaxoSmithKline), യുഎസ് നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ടുമായി ചേര്‍ന്നാണ് വാക്‌സിന്‍ നിര്‍മിച്ചിരിക്കുന്നത്. ഓക്‌സ്‌ഫോര്‍ഡിലെ ജെന്നെര്‍ ഇന്‍സ്റ്റിറ്റിയൂട്ട് പരീക്ഷണ കാലയളവില്‍ മരുന്ന് നിര്‍മിക്കാനായി 46 ലക്ഷം ഡോളറാണ് നല്‍കിയിട്ടുണ്ട്. പതിനായിരം വാക്‌സിന്‍ ഡോസുകള്‍ ഇതുപയോഗിച്ച് ഉത്പാദിപ്പിക്കും.

സൈറെ (Zaire) സ്പീഷീസില്‍ പെട്ട എബോള വൈറസിനെ ലക്ഷ്യമിട്ടാണ് വാക്‌സിന്‍ വികസിപ്പിച്ചിരിക്കുന്നത്. ഇപ്പോഴുണ്ടായിരിക്കുന്ന എബോള ബാധയില്‍ ഗിനിയ, സെനഗല്‍, സിയറ ലിയോണ്‍, ലൈബീരിയ എന്നീ രാജ്യങ്ങളിലായി 4985 പേര്‍ക്ക് രോഗബാധ ഉണ്ടായിട്ടുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍. ഇതില്‍ 2461 പേര്‍ മരിച്ചു.

എബോള ബാധിത രാജ്യങ്ങളില്‍ അടിയന്തര സാഹചര്യമാണ ഉണ്ടായിരിക്കുന്നതെന്നും ഇതിനെ കൃത്യമായി പ്രതിരോധിക്കാനായില്ലങ്കില്‍ ലോകത്തിനു തന്നെ വന്‍ ഭീഷണി ആയിത്തീരുമെന്നും ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഫിലിപ് ഹമ്മോണ്ട് പറഞ്ഞു. സുരക്ഷിതമെന്നു തെളിയിക്കപ്പെട്ടു കഴിഞ്ഞാല്‍ വാക്‌സിന്‍ നവംബര്‍ മുതല്‍ ഉപയോഗിക്കാമെന്നാണ് ലോകാരോഗ്യ സംഘടനയുടെ നിര്‍ദ്ദേശമെങ്കിലും കൂടുതല്‍ പരീക്ഷണങ്ങള്‍ക്ക് ശേഷം അടുത്ത വര്‍ഷം ആദ്യത്തോടെ വാക്‌സിന്‍ ഉപയോഗിച്ചു തുടങ്ങിയാല്‍ മതിയെന്നാണ് ഗവേഷകരുടെ അഭിപ്രായം.
Tags- Ebola vaccine
Loading