Home>Health News
FONT SIZE:AA

പന്നിപ്പനിക്കെതിരെ ഒരു പ്രതിരോധ മരുന്നൂകൂടി

ന്യൂഡല്‍ഹി:പന്നിപ്പനിയെന്ന എച്ച് 1 എന്‍ 1 രോഗബാധ തടയാന്‍ മൂക്കിലൂടെ ഉപയോഗിക്കുന്ന ആദ്യ വാക്‌സിന്‍ പുറത്തിറങ്ങി. സെറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയാണ് 'നാസോവാക്' എന്ന വാക്‌സിന്‍ നിര്‍മിച്ചത്. മൂക്കിന്റെ ഇരുദ്വാരങ്ങളിലേക്കും ഒരുപ്രാവശ്യം വാക്‌സിന്‍ സ്‌പ്രേ ചെയ്താല്‍മതി.

പന്നിപ്പനിയെ പരിഭ്രാന്തിപരത്തുന്ന മഹാമാരി എന്ന വിശേഷണത്തില്‍ നിന്നൊഴിവാക്കി സാധാരണ പകര്‍ച്ചവ്യാധിയായി പ്രഖ്യാപിക്കാന്‍ ലോകാരോഗ്യസംഘടന ന്യൂയോര്‍ക്കില്‍ യോഗം ചേരാനിരിക്കെയാണ് ഇന്ത്യയില്‍ പുതിയ മരുന്നു വന്നത്.

മൂന്നുവയസ്സിനുമേല്‍ പ്രായമുള്ള ആര്‍ക്കും നാസോവാക് ഉപയോഗിക്കാം. എന്നാല്‍ ഗര്‍ഭിണികള്‍ക്ക് ഇത് ഉപയോഗിച്ചുകൂടാ. സിറിഞ്ചില്‍ നിറച്ച് സ്‌പ്രേ ചെയ്യുന്നതിനാല്‍ വേദനാരഹിതവുമാണ്. പാര്‍ശ്വഫലങ്ങളുണ്ടാക്കാത്ത മരുന്നാണിതെന്ന് കമ്പനി പറഞ്ഞു. ആസ്ത്മാ രോഗികള്‍ക്കും നാസോവാക് ഉപയോഗിക്കാം. പന്നിപ്പനി പ്രതിരോധിക്കാന്‍ ഇന്ത്യയില്‍ വികസിപ്പിച്ചെടുക്കുന്ന രണ്ടാമത്തെ വാക്‌സിനാണിത്.

ഇന്ത്യയിലെ എല്ലാ നഗരങ്ങളിലും ചൊവ്വാഴ്ച മുതല്‍ നാസോവാക് ലഭ്യമാണ്. മരുന്നിന് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ(ഡി.സി.ജി.ഐ)യുടെ അനുമതി ലഭിച്ചിട്ടുണ്ട്. പന്നിപ്പനിപ്രതിരോധത്തിന് ഇന്ന് വിപണിയില്‍ ലഭ്യമായ ഏറ്റവും വിലകുറഞ്ഞ വാക്‌സിനാണിതെന്ന് കമ്പനി പറഞ്ഞു. നാസോവാകിന്റെ ഒരുഡോസിന് 158 രൂപയാണ് വില. അഞ്ച് ഡോസിന്റെ 790 രൂപവരുന്ന ഫാമിലി പായ്ക്കാണ് ഇപ്പോള്‍ ഇറങ്ങുന്നത്. രണ്ടാഴ്ചയ്ക്കകം സിംഗിള്‍ഡോസ് പായ്ക്കും ഇറക്കും.

എച്ച് 1 എന്‍ 1നു മാത്രമല്ല, ഏത് സീസണല്‍ പനിക്കും നാസോവാക് ഉപയോഗിക്കാമെന്ന് സെറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയുടെ ചെയര്‍മാന്‍ സൈറസ് പൂനാവാല പറഞ്ഞു. മുമ്പ് പന്നിപ്പനി പ്രതിരോധ കുത്തിവെപ്പ് എടുത്തുവര്‍ നാസോവാക് ഉപയോഗിക്കേണ്ടതില്ല.

കേരളത്തിന് നാസോവാക് വാക്‌സിന്‍ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാറുമായി ചര്‍ച്ചകള്‍ നടത്തിവരികയാണെന്ന് സെറം ഇന്‍സ്റ്റിറ്റിയൂട്ട് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ അദര്‍ പൂനാവാല പറഞ്ഞു. കേരളത്തിന് 50,000 മുതല്‍ ഒരുലക്ഷം ഡോസ് വരെ നല്‍കാന്‍ തയ്യാറാണ്. അടുത്ത മഴക്കാലത്തിനു മുമ്പായി കേരളത്തിനാവശ്യമായ മുഴുവന്‍ പന്നിപ്പനി പ്രതിരോധ വാക്‌സിനും നല്‍കാനാവുമെന്നും അദ്ദേഹം പറഞ്ഞു.

എച്ച് 1 എന്‍ 1 ബാധിച്ച് കഴിഞ്ഞവര്‍ഷം 18,000 പേര്‍ മരിച്ചു. ഇന്ത്യയില്‍ 1500 പേരാണ് കഴിഞ്ഞവര്‍ഷം പന്നിപ്പനി ബാധിച്ച് മരിച്ചത്. ഈവര്‍ഷം ജൂണ്‍ ഒന്നുമുതല്‍ 28 വരെമാത്രം ഇന്ത്യയില്‍ 58 പേര്‍ പന്നിപ്പനി ബാധിച്ച് മരിച്ചതായാണ് കണക്കുകള്‍.

Tags- H1N1
Loading