
കൊതുകിലൂടെതന്നെയാണ് ഈ പനിയും പടരുന്നത് എന്നതുകൊണ്ടുതന്നെ ആശങ്ക വര്‍ധിക്കുകയും ചെയ്യുന്നു. കൊതുകിലൂടെ പടരുന്ന ചിക്കുന്‍ഗുനിയയും ഡെങ്കിപ്പനിയുമെല്ലാം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുന്‍ വര്‍ഷങ്ങളില്‍തന്നെ വ്യാപകമായി ബാധിച്ചിരുന്നു. വരും വര്‍ഷത്തിലും ഡെങ്കിപ്പനിയും മറ്റും പടരാനുള്ള സാധ്യത ആരോഗ്യവകുപ്പ് കാണുന്നുമുണ്ട്. ഇതോടൊപ്പം പ്രത്യേകതരം പനികൂടി പടര്‍ന്നാലുണ്ടാകുന്ന സ്ഥിതി ഗൗരവത്തോടെയാണ് ആരോഗ്യവകുപ്പ് കാണുന്നത്.
തമിഴ്‌നാട്ടില്‍നിന്ന് ഒട്ടേറെപ്പേര്‍ കേരളത്തിലേക്കും തിരിച്ചും നിരന്തരം യാത്രചെയ്യുന്നതുകൊണ്ടുതന്നെ ഇവിടെ രോഗം പടരാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. മാത്രമല്ല സംസ്ഥാനത്ത് പലയിടത്തും കൊതുക് സാന്ദ്രത വളരെ ഉയര്‍ന്ന സ്ഥിതിയിലാണ്.
മഴയില്ലാത്ത കാലത്താണ് തമിഴ്‌നാട്ടില്‍ കൊതുകിലൂടെ പകരുന്ന പ്രത്യേകതരം പനി പടര്‍ന്നത് എന്നതും ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. മഴക്കാലം വരുന്നതോടെ കൊതുക് സാന്ദ്രത ഉയരുകയും രോഗം പടരാനുള്ള സാധ്യത ഏറുകയും ചെയ്യും. അതുകൊണ്ടുതന്നെ കൊതുക് നാശനം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സംസ്ഥാനത്ത് വളരെയേറെ ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് സ്റ്റേറ്റ് ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് മോണിറ്ററിങ് സെല്‍ നോഡല്‍ ഓഫീസര്‍ തോമസ് മാത്യു 'മാതൃഭൂമി'യോട് പറഞ്ഞു. ചിക്കുന്‍ഗുനിയ വൈറസിനുണ്ടായ മാറ്റമാകാം പുതിയതരം പനിക്ക് കാരണമെന്നും സംശയിക്കുന്നുണ്ട്.
ലക്ഷണങ്ങള്‍
ശക്തമായ പനി, ശരീരവേദന, സന്ധികളില്‍ വേദന, നീര്‍വീക്കം തുടങ്ങിയവയാണ് റോസ്‌റിവര്‍ പനിയുടെയും ലക്ഷണങ്ങള്‍. ശരിയായ ചികിത്സ ഇല്ലാത്തതിനാല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കിയിട്ടുള്ളത്. ഈഡിസ് പോളിനെസിനെസിസ് ക്യുലക്‌സ് അനുലിറോസ്ട്രിസ് കൊതുകുകളിലൂടെയാണ് രോഗം പടരുന്നത്. രോഗാണു ശരീരത്തില്‍ പ്രവേശിച്ചാല്‍ അഞ്ചുദിവസം മുതല്‍ 15 ദിവസത്തിനിടയില്‍ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങും. രോഗം മാറിയാലും പലരിലും സന്ധിവേദനയും മറ്റും ഒരു വര്‍ഷത്തിലധികം നിലനില്‍ക്കും.
സമാനലക്ഷണങ്ങളോടെ രോഗം കണ്ടാല്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന നിര്‍ദേശമാണ് ആരോഗ്യവകുപ്പ് നല്‍കിയി
ട്ടുള്ളത്.
സി. സജില്‍