
ഏതാണ്ട് 1800 സ്ത്രീകളെ ഉള്‍പ്പെടുത്തി നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായതെന്ന്, 'ജേര്‍ണല്‍ ഓഫ് സെക്‌സ്വല്‍ മെഡിസിന്‍' പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു. ജി-സ്‌പോട്ട് എന്നൊരു സംഗതിയെക്കുറിച്ച് ഒരു തെളിവും പഠനത്തില്‍ കണ്ടെത്താനായില്ല.
ഗവേഷണം നടത്തിയ ലണ്ടന്‍ കിങ്‌സ് കോളേജ് സംഘം എത്തിയിരിക്കുന്ന നിഗമനം, സ്ത്രീകളുടെ സങ്കല്‍പ്പത്തിലുള്ള ഒന്ന് മാത്രമാകണം ജി-സ്‌പോട്ട് എന്നാണ്; സെക്‌സ് തെറാപ്പിസ്റ്റുകളും പ്രസിദ്ധീകരണങ്ങളും ചേര്‍ന്ന് പ്രോത്സാഹിപ്പിച്ച ഒന്ന്.
അതേസമയം, ജി-സ്‌പോട്ട് എന്ന ആശയം പ്രോത്സാഹിപ്പിച്ച സെക്‌സോളജിസ്റ്റ് ബിവെര്‍ലി വിപ്പിള്‍ പുതിയ പഠനം അംഗീകരിക്കുന്നില്ല. രതിയുടെ വൈവിധ്യപൂര്‍ണമായ അനുഭവം പരിഗണിച്ചല്ല പുതിയ പഠനം നടത്തിയതെന്ന് വിപ്പിള്‍ വാദിക്കുന്നു.
പഠനത്തില്‍ ഉള്‍പ്പെട്ട സ്ത്രീകളെല്ലാം ഒരേ ജനിതകപ്പതിപ്പുകള്‍ പേറുന്ന ഇരട്ടകളും, പകുതി ജീനുകള്‍ പങ്കുവെയ്ക്കുന്ന ഇരട്ടകളും ആയിരുന്നു. ആ സ്ത്രീകളോടെല്ലാം ജി-സ്‌പോട്ടിന്റെ കാര്യം ഗവേഷകര്‍ അന്വേഷിച്ചു.
ഒരാളില്‍ ജി-സ്‌പോട്ട് ഉണ്ടെങ്കില്‍ അതേ ജനിതപ്പതിപ്പ് പേറുന്ന ഇരട്ടയിലും അതുണ്ടാകേണ്ടതാണ്. എന്നാല്‍, അത്തരത്തിലല്ല കാര്യങ്ങള്‍ കണ്ടത്. ഒരേ ജനിതകപ്പതിപ്പുകള്‍ പേറുന്ന ഇരട്ടകളില്‍ രണ്ടുപേരിലും ജി-സ്‌പോട്ട് കണ്ടെത്താന്‍ മിക്ക ഉദാഹരങ്ങളിലും ഗവേഷകര്‍ക്കായില്ല.
ഭക്ഷണക്രമം, വ്യായാമം മുതലായവയുടെ ഫലമായാണ് ചില സ്ത്രീകള്‍ ജി-സ്‌പോട്ടുള്ളതായി പറഞ്ഞതെന്ന് ഗവേഷകര്‍ കണ്ടു. യഥാര്‍ഥ ജി-സ്‌പോട്ട് കണ്ടെത്തുക ശരിക്കും അസാധ്യമാണെന്നും മനസിലായി.
എന്നാല്‍, ജി-സ്‌പോട്ട് ഇല്ല എന്ന് കരുതി സ്ത്രീകള്‍ ഉത്ക്കണ്ഠപ്പെടേണ്ടതില്ല എന്നാണ് പഠനത്തില്‍ മുഖ്യപങ്ക് വഹിച്ചവരിലൊരാളായ സെക്‌സ്വല്‍ സൈക്കോളജിസ്റ്റ് ഡോ.പെട്ര ബോയ്ന്റന്‍ പറയുന്നത്.
ജി-സ്‌പോട്ടിന്റെ കാര്യത്തില്‍, ഇതുവരെ നടന്നിട്ടുള്ളതില്‍ ഏറ്റവും വലിയ പഠനമാണ് ഡോ.ബോയ്ന്റനും കൂട്ടരും നടത്തിയത്. 'തികച്ചും വ്യക്തിപരമായ ഒന്നാണ് ജി-സ്‌പോട്ട് എന്ന ആശയം' എന്നാണ് ഗവേഷകര്‍ എത്തിയ നിഗമനം.
ജര്‍മന്‍ ഗൈനക്കോളജിസ്റ്റായ ഏണസ്റ്റ് ഗ്രാഫെന്‍ബര്‍ഗ് ആണ് 50 വര്‍ഷംമുമ്പ് 'ഗ്രാഫെന്‍ബര്‍ഗ് സ്‌പോട്ട്' (ജി-സ്‌പോട്ട്) എന്ന ആശയം മുന്നോട്ട് വെയ്ക്കുന്നത്. യോനീഭിത്തിയുടെ മുന്‍വശത്ത് 2-5 സെന്റീമീറ്റര്‍ ഉള്ളിലാണ് ജി-സ്‌പോട്ട് എന്നായിരുന്നു വാദം.
ആള്‍ട്രോസൗണ്ട് സ്‌കാന്‍ ഉപയോഗിച്ച് ജി-സ്‌പോട്ട് നിര്‍ണയിക്കാന്‍ കഴിഞ്ഞതായി അടുത്തയിടെ ഇറ്റാലിയന്‍ ഗവേഷകര്‍ പറയുകയുണ്ടായി. സ്ത്രീകളെ രതിമൂര്‍ച്ഛയ്ക്ക് സഹായിക്കുന്ന കട്ടികൂടിയ കോശഭാഗമാണതെന്നും അവര്‍ അഭിപ്രായപ്പെടുകയുണ്ടായി. അത്തരം വാദങ്ങളുടെ മുനയൊടിക്കുന്നതാണ് പുതിയ പഠനഫലം.
(അവലംബം: ജേര്‍ണല്‍ ഓഫ് സെക്‌സ്വല്‍ മെഡിസിന്‍)
-ജെ.എ