Home>Health News
FONT SIZE:AA

അധരങ്ങള്‍ ചുവപ്പിക്കുന്നത് അപകടമെന്ന് പഠനം

അധരങ്ങള്‍ക്ക് ചുവപ്പുനിറം കുറഞ്ഞാലും കുഴപ്പമില്ല, ആരോഗ്യകരമായ ജീവിതം നയിക്കുന്നതല്ലേ നല്ലത്? ലിപ്സ്റ്റിക്കുകളില്‍ പലതിലും ലെഡ്, കാഡ്മിയം, ക്രോമിയം, മാംഗനീസ്,അലുമിനിയം തുടങ്ങിയ ലോഹങ്ങളും വിഷമയമായ രാസവസ്തുക്കളും ചേര്‍ക്കുന്നുണ്ടെന്ന് കണ്ടെത്തിയിരിക്കുന്നു. വിപണിയില്‍ ലഭ്യമായ 30ഓളം ലിപ്സ്റ്റിക്കുകള്‍ പഠനവിധേയമാക്കിയാണ് കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയിലെ ബെര്‍ക്ക്‌ലീസ് സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് ഇത് കണ്ടെത്തിയത്.

ലിപ്സ്റ്റിക് ശീലം യുവതികളില്‍ ലൈംഗിക ശേഷിക്കുറവും വന്ധ്യതയും വരുത്തുമെന്ന് അമേരിക്കന്‍ ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഗര്‍ഭസ്ഥശിശുക്കളെ മാരകരോഗത്തില്‍നിന്ന് രക്ഷപ്പെടുത്താന്‍ ലിപ്സ്റ്റിക് ഒഴിവാക്കണമെന്നും ഇവര്‍ നിര്‍ദേശിക്കുന്നു. ലിപ്സ്റ്റിക് പതിവാക്കിയ ഗര്‍ഭിണികളും യുവതികളും അടങ്ങുന്ന 1700 സ്ത്രീകളെ ഗ്രൂപ്പുകളായി തിരിച്ചാണ് പഠനം നടത്തിയത്.

മാതാവിന്റെ പൊക്കിള്‍ക്കൊടി വഴിയാണ് ലിപ്സ്റ്റിക്കിലെ ലെഡ് കുട്ടിയിലെത്തുന്നത്. കുട്ടിയുടെ തലച്ചോറിലേക്ക് നേരിട്ട് ആഗിരണം ചെയ്യപ്പെടുന്ന ഈ വിഷവസ്തു നാഡീവളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുന്നു. പിന്നീടിത് നാഡീസംബന്ധമായ രോഗങ്ങളിലേക്കും മാനസികവൈകല്യങ്ങളിലേക്കും നയിക്കുന്നു. തുടര്‍ന്ന് കുട്ടികളിലെ ഭാഷാപഠനം മന്ദഗതിയിലാക്കിയേക്കാം. ഇത്തരം കുട്ടികളില്‍ സ്വഭാവവൈകല്യങ്ങള്‍ക്ക് സാധ്യത കൂടുതലാണ്. എളുപ്പത്തില്‍ വിഘടിച്ച് പുറത്തു പോകാത്ത ലെഡ് ജീവിതാവസാനം വരെ വിഷാംശമായി കുഞ്ഞുങ്ങളുടെ ശരീരത്തില്‍ നിലനിന്നേക്കാമെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
Tags- Lipstick
Loading