Home>Health News
FONT SIZE:AA

മരിച്ച മകളുടെ അണ്ഡം സൂക്ഷിക്കാന്‍ അനുമതി

അപകടത്തില്‍ മരിച്ച പെണ്‍കുട്ടിയുടെ അണ്ഡാശയത്തില്‍നിന്ന് അണ്ഡം എടുത്ത് ശീതീകരിച്ച് സൂക്ഷിക്കാന്‍ മാതാപിതാക്കള്‍ക്ക് ഇസ്രായേലി കോടതി അനുമതിനല്‍കി. മരിച്ച മകള്‍ക്ക് കൃത്രിമ ബീജസങ്കലനത്തിലൂടെ ഭാവിയില്‍ കുഞ്ഞുങ്ങളുണ്ടാകുമെന്ന പ്രതീക്ഷയിലാണിത്. ലോകത്താദ്യമായാണ് ഇത്തരത്തില്‍ ഒരു കോടതി വിധിയുണ്ടാകുന്നതെന്നാണ് കരുതുന്നത്.

ഒന്നരയാഴ്ച മുമ്പ് കാറപകടത്തില്‍ മരിച്ച പതിനേഴുകാരി ചെന്‍ ഐഡ അയാഷിന്റെ കുടുംബമാണ് ഇങ്ങനെ ഒരാവശ്യമുന്നയിച്ച് കഫര്‍ സഫയിലെ കോടതിയെ സമീപിച്ചത്. പെണ്‍കുട്ടിക്ക് മസ്തിഷ്‌ക മരണം സംഭവിച്ചതായി കഫര്‍ സഫയിലെ മീര്‍ ആസ്പത്രിഅധികൃതര്‍ ബുധനാഴ്ച അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്ന് അയാഷിന്റെ അവയവങ്ങള്‍ ദാനംചെയ്യാന്‍ കുടുംബം സമ്മതിച്ചു. എന്നാല്‍ അണ്ഡങ്ങള്‍ ശീതീകരിച്ച് സൂക്ഷിക്കണമെന്ന ആവശ്യം ആസ്പത്രി അധികൃതര്‍ നിരാകരിച്ചു. കോടതി ഉത്തരവുണ്ടെങ്കിലേ ആവശ്യം അംഗീകരിക്കൂ എന്ന് അവര്‍ അറിയിച്ചു.

അണ്ഡം എടുത്ത് സൂക്ഷിക്കാന്‍ കോടതി അനുവദിച്ചുവെങ്കിലും അത് ദാതാവിന്റെ ബീജവുമായി സംയോജിപ്പിക്കുന്നതിന് തത്കാലം അനുമതി നിഷേധിച്ചതായി 'ഹാരെറ്റ്‌സ്' പത്രം റിപ്പോര്‍ട്ട് ചെയ്തു. ബീജസങ്കലനം നടന്ന ഭ്രൂണം സൂക്ഷിച്ചുവെക്കുന്നതാണ് അണ്ഡം ശീതീകരിച്ചു സൂക്ഷിക്കുന്നതിനേക്കാള്‍ ഫലപ്രദം എന്നതുകൊണ്ടാണ് മാതാപിതാക്കള്‍ അതിന് അനുമതി തേടിയത്. കുട്ടികള്‍ വേണമെന്ന് അയാഷ് ആഗ്രഹിച്ചിരുന്നതായി കുടുംബം തെളിയിച്ചാല്‍മാത്രമേ ഇതിന് അനുമതി നല്‍കൂ എന്ന് കോടതി വ്യക്തമാക്കി.

എന്നാല്‍, മരിച്ച മാതാവിനും കുട്ടികളെ ജനിപ്പിക്കാം എന്ന സാധ്യത നല്‍കുന്നതാണ് ഈ വിധി. മരിച്ച മാതാവിന്റെ അണ്ഡത്തില്‍നിന്ന് സന്താനോത്പാദനം നടത്താന്‍ ചില രാജ്യങ്ങള്‍ നിയമപരമായി അനുമതി നല്‍കുന്നുണ്ട്.
Tags- Eggs harvest
Loading