കഴിഞ്ഞ രണ്ടുകൊല്ലമായി എന്റെ അനിയന്റെ മകള്‍ ജുവനെയില്‍ റുമാറ്റോയിഡ് ആര്‍ത്രൈറ്റിസ്
എന്ന രോഗത്തിന് ചികിത്സിച്ചുകൊണ്ടിരിക്കയാണ്. അവള്‍ക്ക് 11 വയസ്സുണ്ട്. ശരീരത്തിലെ വിവിധ സന്ധികളില്‍ നീര്‍ക്കെട്ടു വരുന്നു. ഇപ്പോള്‍ രണ്ടു കാല്‍മുട്ടുകള്‍, മണിബന്ധം, ചില വിരലുകള്‍ എന്നിവയില്‍ നീരുണ്ട്. കഴിഞ്ഞമാസം ഒരു സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയും രണ്ടു കാലുകള്‍ക്കും ട്രാക്ഷന്‍ ഇടുകയും ചെയ്തു.
രണ്ട് കാല്‍മുട്ടുകള്‍ക്കും ഇഞ്ചക്ഷനും ചെയ്തിരുന്നു. കാല്‍മുട്ടില്‍നിന്ന് നീര് കുത്തിയെടുത്തു പരിശോധനയ്ക്ക് അയച്ചപ്പോള്‍ അണുബാധ ഇല്ലെന്നു പറഞ്ഞു. ഇപ്പോള്‍ ഒരു ഗുളിക മാത്രം കഴിക്കുന്നു. ഫിസിയോതെറാപ്പി ചെയ്യുവാനും വേദനയുള്ള ഭാഗങ്ങളില്‍ ഓയിന്റെ്മന്‍റ് പുരട്ടാനും നിര്‍ദേശിച്ചിട്ടുണ്ട്. ഇടയ്ക്കിടെ കണ്ണിന്റെ കാഴ്ച പരിശോധിക്കാനും പറഞ്ഞിട്ടുണ്ട്. ഈ അസുഖം പൂര്‍ണമായി മാറില്ലേ?
11 വയസ്സായ കുട്ടിക്ക് സന്ധിവീക്കം വരുന്നത് റുമാറ്റിക് ഫീവര്‍, റുമറ്റോയ്‌സ് ആര്‍ത്രൈറ്റിസ് എന്നീ രോഗങ്ങളുടെ ലക്ഷണമാകാം. റുമാറ്റിക് ഫീവര്‍ ഒരു അണുബാധ മൂലം ഉണ്ടാകുന്നതായതുകൊണ്ട് പെന്‍സിലിന്‍ മരുന്നിന്റെ കൂടെ മറ്റുചില മരുന്നുകളും നല്‍കണം. ഈ രോഗം ഹൃദയത്തിന്റെ വാല്‍വുകളെയും ബാധിക്കാവുന്നതാണ്. എന്നാല്‍ റുമറ്റോയ്ഡ് ആര്‍ത്രൈറ്റിസ് ശരീരത്തിന്റെ ഒരു പ്രത്യേകത കൊണ്ടു വരുന്നതാണ്. പാരമ്പര്യവും ഇതിന് ഒരു ഘടകമായേക്കാം.
ഇതു സന്ധികളെ ബാധിക്കുമ്പോള്‍ സന്ധികളില്‍ നീണ്ടുനില്‍ക്കുന്ന പ്രത്യാഘാതങ്ങള്‍, വളവ്, ആയാസമില്ലായ്മ എന്നിവ വരാം. ഇതിനും ഗുളികകള്‍ ഫലപ്രദമാണ്. വളരെ നാളുകള്‍ ഈ രോഗം ശരീരത്തില്‍ നിലനില്‍ക്കാം. അപൂര്‍വം ആളുകളില്‍ വളരെ നാളുകള്‍ നിശ്ശേഷം കുറഞ്ഞിരിക്കുകയും ചെയ്യാം. അസുഖം കണ്ണിനെയും ബാധിക്കാം. മെഡിക്കല്‍ കോളേജിലെ ശിശുരോഗവിഭാഗത്തില്‍ ചികിത്സിക്കുന്നതായിരിക്കും നല്ലത്.