എന്റെ 13 മാസം പ്രായമായ മകള്‍ക്കുവേണ്ടിയാണ് എഴുതുന്നത്. മറ്റു രീതിയിലുള്ള എല്ലാ വളര്‍ച്ചയും നോര്‍മല്‍ ആണ്. പക്ഷേ, വളരെ കുസൃതിയാണ്. ഹൈപ്പര്‍ ആക്ടീവ് ആണോ എന്ന് എനിക്ക് തോന്നുന്നു. ഹൈപ്പര്‍ ആക്ടീവ് കുട്ടികള്‍ക്ക് ബുദ്ധിവികാസം എങ്ങനെയായിരിക്കും? ഇവരുടെ ഐ.ക്യു. എങ്ങനെയായിരിക്കും?
13 മാസം പ്രായമായ കുഞ്ഞിന്റെ കുസൃതിയോര്‍ത്ത് മനസ്സ് വിഷമിക്കേണ്ട കാര്യമുണ്ടെന്നു തോന്നുന്നില്ല. പ്രസവസമയത്ത് പ്രത്യേകിച്ച് വിഷമങ്ങള്‍ ഒന്നും ഇല്ലാതിരുന്ന സ്ഥിതിക്കും വളര്‍ച്ചയും ബുദ്ധിവികാസവും നോര്‍മല്‍ ആണെന്നു തോന്നുന്ന സ്ഥിതിക്കും തലച്ചോറിന് രക്തയോട്ടത്തിനു കുറവോ ക്ഷതമോ ഒന്നും പറ്റിയതായി തോന്നുന്നില്ല. ഹൈപ്പര്‍ ആക്ടിവിറ്റി ഉള്ള കുട്ടികള്‍ പൊതുവെ അറ്റന്‍ഷന്‍ സ്പാന്‍ കുറഞ്ഞ കുട്ടികളായിരിക്കും. ഒന്നിലും അല്‍പസമയം ശ്രദ്ധിച്ച് ഇരിക്കുവാന്‍ കഴിയുകയില്ല, ഒരു കാര്‍ട്ടൂണ്‍ ചിത്രംപോലും. കുറച്ച് നശീകരണ പ്രകൃതിയും കാണും. മൂന്നുവയസ്സു കഴിഞ്ഞതിനുശേഷം മാത്രമേ ഐ.ക്യു. ടെസ്റ്റ് നടത്തുവാന്‍ കഴിയുകയുള്ളൂ. കുഞ്ഞിന് ശ്രദ്ധിക്കുവാനുള്ള കഴിവ് കുറവും നശീകരണ പ്രകൃതിയുമുണ്ടെങ്കില്‍ ഒരു ശിശുരോഗവിദഗ്ധന്റെ ഉപദേശം തേടുക. പ്രശ്‌നം കൂടുതലായുണ്ടെങ്കില്‍ ചയില്‍ഡ് ഗൈഡന്‍സ് ക്ലിനിക്ക് പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ കാണിക്കുക.