മൂന്നര വയസ്സായ മകന്റെ ദേഹം എവിടെയെങ്കിലും തട്ടുകയോ മുട്ടുകയോ ചെയ്താല്‍ ആ ഭാഗം മുഴച്ചുവരുന്നു. പീഡിയാട്രീഷ്യനെ കാണിച്ചു. രക്തത്തില്‍ പ്രോട്ടീന്‍ ഫാക്ടര്‍ എട്ടിന്റെ അളവ് ഒരു ശതമാനത്തില്‍ കുറവാണെന്ന് തെളിഞ്ഞു. റിസള്‍ട്ട് പീഡിയാട്രീഷ്യനെ കാണിച്ചപ്പോള്‍ സൂക്ഷിച്ചാല്‍ മതിയെന്നും ചികിത്സയൊന്നും ഉടനെ ആവശ്യമില്ലെന്നും പറഞ്ഞു. എന്തു ചെയ്യണം?
മകന് ഫാക്ടര്‍ എട്ടിന്റെ കുറവുമൂലമുള്ള ഹീമോഫീലിയ രോഗമാണെന്നാണ് മനസ്സിലാകുന്നത്. ഈ രോഗം ആണ്‍കുട്ടികളിലാണ് പ്രകടമാകുന്നത്. ഇംഗ്ലണ്ടിലെ രാജകുടുംബത്തില്‍ ഈ അസുഖം ഉണ്ടായിരുന്നതുകൊണ്ട് ഇതിന് രാജകീയരോഗം (royal disease) എന്നും പേരുണ്ട്. രക്തം കട്ടപിടിക്കാന്‍ താമസമുള്ളതുകൊണ്ട് അവിടവിടെ രക്തം കെട്ടിനിന്നാണ് മുഴുകള്‍പോലെ കാണുന്നത്. ക്രിക്കറ്റും മറ്റും കളിച്ചാല്‍ കാല്‍മുട്ടിനും മറ്റു സന്ധികള്‍ക്കും വീക്കം വരാം. ഇതു വരാതെ നോക്കണം. ഇങ്ങനെ സന്ധികളിലോ മറ്റോ രക്തസ്രാവം ഉണ്ടായാല്‍ ഉടന്‍ അത് തടുക്കുവാനായി ഫാക്ടര്‍ എട്ടിന്റെ കുത്തിവയ്പ്പു നല്‍കണം. ഫാക്ടര്‍ എട്ട് നല്‍കിയാലും ശരീരത്തില്‍ വളരെ കുറച്ചു സമയമേ അതിന്റെ പ്രവര്‍ത്തനം കാണുകയുള്ളൂ. അതിനുശേഷം അത് നശിച്ചുപോകും. അതുകൊണ്ട് പ്രത്യേകിച്ച് വിഷമം ഒന്നും ഇല്ലാത്തപ്പോള്‍ ഇത് നല്‍കേണ്ട കാര്യമില്ല. എന്തെങ്കിലും കാര്യമായ രക്തസ്രാവം ഉണ്ടായാല്‍ ഉടനെ ഫാക്ടര്‍ എട്ട് നല്‍കണം.
ഇത് ഒരു പാരമ്പര്യ രോഗമായതുകൊണ്ട് അടുത്തതായി ജനിക്കാന്‍ പോകുന്ന കുഞ്ഞിന് ഈ രോഗം ഉണ്ടോ എന്ന് ഗര്‍ഭിണിയാകുമ്പോഴേ വിദഗ്ദ്ധ പരിശോധനകള്‍ നടത്തണം. ആണ്‍കുഞ്ഞുങ്ങള്‍ക്കാണ് ഈ രോഗം വരുന്നത്. പെണ്‍കുഞ്ഞുങ്ങള്‍ അവരുടെ അടുത്ത തലമുറയിലെ ആ കുഞ്ഞുങ്ങള്‍ക്ക് ഈ രോഗം പകര്‍ന്നു നല്‍കാനുള്ള സാധ്യതയുണ്ട്. ഇതിന് ഒരിനം സ്‌പ്രേ ഉപയോഗിക്കാനാവും. മൂക്കില്‍നിന്നോ മറ്റോ ബ്ലീഡിങ് വന്നാല്‍ സ്‌പ്രേ പ്രയോജനപ്പെടും. പല്ല് എടുക്കുക, ശസ്ത്രക്രിയകള്‍ നടത്തുക എന്നിവയ്ക്കു മുമ്പായി ഫാക്ടര്‍ എട്ട് നല്‍കുന്നതും പ്രയോജനകരമാണ്.