എന്റെ മകന് കരയുമ്പോള്‍ ഏറെ നേരം വായ അടയ്ക്കാതെ തന്നെയായി പോകുകയും ചിലപ്പോള്‍ കണ്ണു രണ്ടും ഉള്ളിലേക്കു വലിഞ്ഞുപോകുകയും ചെയ്യുന്നു. ഡോക്ടറെ കാണിച്ചപ്പോള്‍ കുറെ ടെസ്റ്റിന് എഴുതി. എപിവാള്‍ എന്ന മരുന്ന് സ്ഥിരമായി മൂന്ന് കൊല്ലം കൊടുക്കണമെന്ന് നിര്‍ദേശിച്ചു. ഇപ്പോഴും കൊടുക്കുന്നുണ്ട്. വ്യത്യാസം ഒന്നും കാണുന്നില്ല. ഇത് എന്ത് രോഗമാണ് ഡോക്ടര്‍? ഈ മരുന്ന് കഴിക്കുന്നതുകൊണ്ട് കുട്ടിക്ക് ഭാവിയില്‍ എന്തെങ്കിലും തകരാറുകള്‍ സംഭവിക്കുമോ?
കുട്ടി കരയുമ്പോള്‍ ഏറെനേരം വായ തുറന്നുവെച്ച് ശ്വാസം നിര്‍ത്തുന്നതിന് 'ബ്രീത് ഹോള്‍ഡിങ് സ്പെല്‍' എന്നു പറയും. ആറു മാസം മുതല്‍ മൂന്നു വയസ്സുവരെയുള്ള കുട്ടികളിലാണ് ഇതു കൂടുതലായി കാണുന്നത്. ചിലപ്പോള്‍ കുഞ്ഞിന് നീലനിറമോ സന്നി പോലെയുള്ള ലക്ഷണമോ ഇതിനോടൊപ്പം വരാം. മാതാപിതാക്കളുടെ അമിതശ്രദ്ധ നേടാനായി വാശി പിടിക്കുന്ന കുഞ്ഞുങ്ങളിലാണ് ഇതു കൂടുതലായി കാണുന്നത്. വീട്ടുകാര്‍ കൂടുതല്‍ വിഷമിക്കുകയും അസാധാരണമായ ശ്രദ്ധ കുട്ടിയുടെ ഈ സ്വഭാവത്തിനു നല്‍കുകയും ചെയ്യുമ്പോള്‍ പ്രശ്നം സങ്കീര്‍ണമാകും. ഇതു കൈകാര്യം ചെയ്യാന്‍ സൈക്കോളജിസ്റ്റിന്റെ സഹായം തേടാം. ഇരുമ്പിന്റെ ഘടകം ചേര്‍ന്ന ടോണിക്കു നല്‍കുന്നതും പ്രയോജനം ചെയേ്തക്കാം.