Home>Kids Health>Selected Questions
FONT SIZE:AA

മലബന്ധം

എനിക്ക് നാലുമാസം പ്രായമായ ഒരു മകനുണ്ട്. അവന്റെ പ്രശ്‌നം മലബന്ധമാണ്. പ്രസവിച്ച ഉടനെ കുറച്ചുദിവസം ശോധന ഉണ്ടായിരുന്നില്ല. പിന്നീട് രണ്ടുമാസം വരെ തുടര്‍ച്ചയായി ശോധന ഉണ്ടായിരുന്നു. രണ്ടു മാസത്തിനുശേഷം അഞ്ചാറു ദിവസം കൂടുമ്പോഴാണ് ശോധന ഉണ്ടാകാറ്. ഒരു ഹോമിയോ ഡോക്ടറെ കാണിച്ചപ്പോള്‍ വന്‍കുടലിലേക്ക് വെള്ളമെത്താഞ്ഞിട്ടാണെന്ന് പറഞ്ഞു. ഗുളികയും തന്നു. ഈ ഗുളിക കൂടാതെ ഓറഞ്ച്, ഉണക്കമുന്തിരി എന്നിവയുടെ നീരും കഞ്ഞിയും കൊടുത്തുവരുന്നു. ഒരു ഫലവുമില്ല.

ഒരു വൈദ്യരുടെ നിര്‍ദേശപ്രകാരം ബാലനിധി എന്ന മരുന്ന് കൊടുക്കുമ്പോള്‍ പെട്ടെന്ന് ശോധന ഉണ്ടാകുന്നുണ്ട്. ദുര്‍ഗന്ധമുള്ള കീഴ്‌വായു എപ്പോഴും ഉണ്ടാകാറുണ്ട്. മൂത്രം ധാരാളമുണ്ട്. മുലപ്പാല്‍ മാത്രമേ കൊടുക്കുന്നുള്ളൂ. ഇങ്ങനെ ശോധന ഉണ്ടാകാതിരിക്കുമ്പോള്‍ കട്ടിയാഹാരം കൊടുക്കുവാന്‍ പറ്റുമോ? ശോധനയില്ലാത്തതുമൂലം എന്റെ കുഞ്ഞിന് വല്ല കുഴപ്പവുമുണ്ടാകുമോ?



സാധാരണയായി മുലപ്പാല്‍ മാത്രം കുടിക്കുന്ന കുഞ്ഞുങ്ങളില്‍ മലബന്ധം സാധാരണയല്ല. എന്നാല്‍ പാല്‍പ്പൊടി, പശുവിന്‍പാല്‍ എന്നിവ നല്‍കുന്നവരില്‍ മലബന്ധം സാധാരണയാണ്. പ്രസവിച്ച് കുറച്ചുദിവസത്തേക്ക് മലശോധന ഇല്ലായിരുന്നു എന്നു കത്തില്‍ എഴുതിയിരിക്കുന്നതുകൊണ്ട് കുട്ടികളുടെ സര്‍ജനെ കാണിച്ച് ഹിര്‍ഷ്‌സ്​പ്രങ്ങ്‌സ് ഡിസീസ് എന്ന, വന്‍കുടലിന്റെ അസുഖം ഉണ്ടോ എന്നു നോക്കുന്നത് നന്നായിരിക്കും.

കുഞ്ഞിന് ചിരിക്കാനും കഴുത്തുറയ്ക്കാനും താമസമുണ്ടെങ്കില്‍ തൈറോയ്ഡ് ഹോര്‍മോണിന്റെ കുറവുണ്ടോ എന്നും പരിശോധിപ്പിക്കണം. മലം പോകുന്നില്ലെങ്കിലും വയറുപെരുക്കം, ഛര്‍ദി എന്നിവ ഇല്ലെങ്കില്‍ കുറുക്കും പഴച്ചാറും നല്‍കുന്നതില്‍ കുഴപ്പമില്ല. ദിവസം മൂന്നു പ്രാവശ്യം മുതല്‍ ആഴ്ചയില്‍ 3 പ്രാവശ്യം വരെ മലം പോകുന്നത് നോര്‍മല്‍ ആകാനും സാധ്യതയുണ്ട്.

Loading