എന്‍േറത് ഏഴാം മാസത്തിലുള്ള പ്രസവമായിരുന്നു. മോള്‍ക്ക് ഇപ്പോള്‍ ഒരു വയസ്സ് തികഞ്ഞു. ഇപ്പോഴും കഴുത്ത് ഉറച്ചിട്ടില്ല. തലച്ചോറിന്റെ കുറവാണെന്നാണ് ഡോക്ടര്‍ പറഞ്ഞത്. തനിയെ കയ്യും കാലും നിവര്‍ത്തി മടക്കില്ലായിരുന്നു. ഒരു ബലം പിടിക്കല്‍. ഇപ്പോള്‍ മടക്കുകയും നിവര്‍ത്തുകയും ചെയ്യും. കാലിന്റെ പാദത്തിന്മേല്‍ പിടിച്ചാല്‍ വിറയ്ക്കുന്നുണ്ട്. കുട്ടിയ്ക്ക് നില്‍ക്കാന്‍ ശേഷിയില്ല. നാലു മാസം പ്രായമായ കുട്ടികളുടെ വളര്‍ച്ചയേ ഉള്ളൂ. തടി തീരെ ഇല്ല.
മാസം തികയാതെ പ്രസവിച്ച ഒരു വയസ്സായ കുഞ്ഞിന് കഴുത്ത് ഉറച്ചിട്ടില്ല, ഇരിക്കുവാനും നില്‍ക്കുവാനും കഴിവില്ല, അപസ്മാര രോഗവും ബലംപിടുത്തവും ഉണ്ട് എന്നീ ലക്ഷണങ്ങളില്‍ നിന്ന് തലച്ചോറിനു വളര്‍ച്ചയെത്തിയിട്ടില്ല, അല്ലെങ്കില്‍ തലച്ചോറിനു ക്ഷതം സംഭവിച്ചിരിക്കുന്നു എന്നാണ് മനസ്സിലാകുന്നത്. ഇതിന് സെറിബ്രല്‍ പള്‍സി എന്നു പറയും. ശിശുരോഗവിദഗ്ധനെ കാണിച്ച് അപസ്മാര രോഗത്തിനു മരുന്നു നല്‍കണം. ഫിസിയോ തൊറാപ്പിയും മറ്റു വ്യായാമങ്ങളും നല്‍കിയാല്‍ ബലം പിടുത്തം കുറയുവാന്‍ ഇടയുണ്ട്. ഒരു ഫിസിയാട്രിസ്റ്റിന്റെ ഉപദേശം തേടുക. തലച്ചോറിന്റെ പ്രശ്‌നം കൊണ്ടാണ് മസിലുകള്‍ നോര്‍മല്‍ ആകാത്തത്.