എന്റെ മകളുടെ പൊക്കിള്‍ അകത്തേക്ക് പോയിട്ടില്ല. ഒരു നെല്ലിക്കയുടെ ആകൃതിയില്‍ പുറത്തേക്ക് ഉന്തിനില്‍ക്കുകയാണ്. കുഞ്ഞ് ഉറങ്ങുന്ന സമയത്ത് ഇത് അകത്തേക്ക് വലിഞ്ഞ് സാധാരണപോലെയാകും. മോള്‍ക്ക് ഇപ്പോള്‍ ഒന്നര വയസ്സായി. ഡോക്ടറെ കാണിച്ചപ്പോള്‍ ഒരു ചെറിയ സര്‍ജറിയിലൂടെ ഉള്ളിലേക്ക് ആക്കാം എന്നാണ് പറഞ്ഞത്. സര്‍ജറി കൂടാതെ പൊക്കിള്‍ ഉള്ളിലേക്കാക്കുന്നതിന് എന്തെങ്കിലും മാര്‍ഗമുണ്ടോ?
കുഞ്ഞിന്റെ പൊക്കിളില്‍ അംബിലിക്കല്‍ ഹെര്‍ണിയ ഉള്ളതുകൊണ്ടാണ് നെല്ലിക്കയുടെ വലുപ്പത്തില്‍ ഇടയ്ക്കിടക്ക് പുറത്തേക്കു തള്ളിവരുന്നത്. സാധാരണയായി ചെറിയ കുഞ്ഞുങ്ങള്‍ കമിഴ്ന്നുവീണു നീന്തുമ്പോള്‍ മസിലിനു ശക്തിവെക്കുകയും ഇത് ചുരുങ്ങിപ്പോവുകയും ചെയ്യും. ഒന്നര വയസ്സായിട്ടും അതു പോകാത്ത സ്ഥിതിക്ക് ചെറിയ ഒരു ഓപ്പറേഷനിലൂടെ മസിലിലുള്ള വിടവ് അടയ്ക്കണം. മറ്റു മരുന്നുകളൊന്നും പ്രതിവിധിയാവുകയില്ല.