നമ്മള് പ്രതീക്ഷിക്കുന്ന തരം സൗന്ദര്യാത്മക ധര്‍മങ്ങള്‍ മാത്രമല്ല മുടിക്കുള്ളത്. നല്ല മുടിയും അഴകുള്ള മുഖരോമങ്ങളും ചന്തം പകരുമെന്നതു ശരി. പക്ഷേ, തലമുടിയുടെ മുഖ്യധര്‍മം തലയെ കാത്തുരക്ഷിക്കലാണ്. വീഴ്ചയില്‍ വലിയ ക്ഷതം പറ്റാതെ ഒരു കുഷ്യന്‍പോലെ ഇതു പ്രവര്‍ത്തിക്കും. സൂര്യതാപവും അള്‍ട്രാവയലറ്റ് രശ്മികളും തലയില്‍ പതിക്കാതെ ഒരു കുടപോലെ പ്രവര്‍ത്തിക്കാനും മുടിക്കു കഴിയും.
ദേഹരോമങ്ങള്‍ നല്ല സ്പര്‍ശിനികളാണ്. നേരിയ സ്പര്‍ശംപോലും ദേഹം പെട്ടെന്നറിയും. മൂക്കിലേയും ചെവിയിലേയും രോമങ്ങള്‍ പൊടി തടുക്കാനുള്ള അരിപ്പകളാണ്. പുരികം, വിയര്‍പ്പും പൊടിയും കണ്ണിലൊലിച്ചിറങ്ങാതെ കാക്കും. ഗുഹ്യരോമങ്ങള്‍ ദേഹം തമ്മിലുരസുന്ന ഘര്‍ഷണം കുറയ്ക്കാന്‍ സഹായിക്കും. കുറേ അനാവശ്യരോമങ്ങളും ദേഹത്തുണ്ട്. പരിണാമത്തില്‍ ബാക്കിയായവ. ഇതില്‍ വ്യക്തിപരമായ ഏറ്റക്കുറച്ചിലുമുണ്ടല്ലോ. പുരുഷന്റെ മീശയും താടിയും പോലുള്ള അധിക രോമങ്ങള്‍ ആണിനു പ്രകൃതി നല്കുന്ന ആകര്‍ഷക ഘടകങ്ങളില്പെടും.