പെണ്ണുകാണാന്‍ പോകുമ്പോള്‍ മുടിയുടെ അഴക് നോക്കുന്നതും മുടിയുള്ളവളുടെ നടപ്പു കണ്ട് കുശുമ്പുണ്ടാകുന്നതും മുടി നഷ്ടപ്പെട്ടാല്‍ എല്ലാം നഷ്ടപ്പെട്ടു എന്നു ചിന്തിക്കുന്നതും നാട്ടുനടപ്പ്. 'മുടിയിലെന്തിരിക്കുന്നു?' എന്ന് ആക്ഷേപ ഭാവത്തില്‍ പറയുന്ന പലരും ഉള്ളില്‍ മുടിയോട് ആരാധനയുള്ളവരാണെന്ന് ആര്‍ക്കാണറിയാത്തത്. അരക്കെട്ടോളം നീളമുള്ള, കറുത്ത് കട്ടിയുള്ള മുടി സൗന്ദര്യം തന്നെയാണെന്ന് ഏതൊരു മലയാളിയും സമ്മതിക്കാതിരിക്കില്ല.
അനാദികാലം മുതല്‍ കേരളത്തില്‍ നിലവിലുണ്ടായിരുന്ന സമ്പ്രദായമാണ് കേശസംരക്ഷണം. എണ്ണ തേപ്പിക്കുക, താളി തേച്ചു കുളിപ്പിക്കുക, അഗരു തുടങ്ങിയ സുഗന്ധമരുന്നുകളുടെ പുകയേല്പിച്ചു വൃത്തിയായി ചീകിവെക്കുക എന്നത് ഒരു സമ്പ്രദായമാണ്. മുത്തശ്ശിമാര്‍ പെണ്‍കിടാങ്ങളുടെ ഈ ശീലം സസൂക്ഷ്മം നിരീക്ഷിക്കാറുമുണ്ടായിരുന്നു. ഗ്രാമജീവിതത്തില്‍ നിന്ന് നഗരജീവിതമായപ്പോള്‍ ബ്യൂട്ടി ക്ലിനിക്കുകളിലേക്ക് ആകര്‍ഷിക്കപ്പെടുകയും പെണ്‍കുട്ടികള്‍ക്ക് കേശസംരക്ഷണത്തിന്റെ പൊരുള്‍ അറിയാതാകുകയും ചെയ്തു.
പ്രകൃത്യാ ഉപയോഗിച്ചിരുന്ന നല്ലെണ്ണയും വെളിച്ചെണ്ണയും ആവണക്കെണ്ണയും മറ്റൗഷധങ്ങള്‍ ചേര്‍ത്ത് കാച്ചിയ എണ്ണകളും അസൗകര്യങ്ങളുടെ മറവില്‍ ഉപയോഗിക്കാതായി. പകരം ഇന്‍സ്റ്റന്റ് ഹെയര്‍ ഓയില്‍ രക്ഷയ്‌ക്കെത്തി. ഷാംപൂവിന്റെ വരവും ഒട്ടൊക്കെ സ്വാധീനിക്കുന്നുണ്ട്. എന്നാല്‍ പിന്നീട് മുടിക്കേല്‍ക്കുന്ന ക്ഷതം ശ്രദ്ധിക്കപ്പെട്ടതോടെ 'ഹെര്‍ബല്‍' എന്നപേരില്‍ ഷാംപൂകളും സോപ്പുകളും എണ്ണകളും രംഗപ്രവേശം ചെയ്തു.
''അഭ്യംഗമാചരേന്നിത്യം
സജരാശ്രമവാതഹ''
എന്ന ആയുര്‍വേദ വചനം ജരാനരകളെയും ക്ഷീണത്തെയും എണ്ണതേപ്പു കൊണ്ട് നശിപ്പിക്കാമെന്നു സൂചിപ്പിക്കുന്നു.