സ്ത്രീകള്‍ വളരെയധികം ആഗ്രഹിക്കുന്ന ഒന്നാണ് ഇടതൂര്‍ന്ന, അഴകാര്‍ന്ന, ഇരുണ്ട, നീണ്ടമുടി. പലര്‍ക്കും ഈ ഭാഗ്യം കിട്ടാറില്ല. എന്താണു കാരണം? പ്രോട്ടീനുകളുടെയും വൈറ്റമിനുകളുടെയും അഭാവം മാത്രമല്ല, കേശ പരിചരണത്തിലുള്ള അശ്രദ്ധയാണ് മുഖ്യം.
കുളി മുതല്‍ ശ്രദ്ധിക്കേണ്ട വിഷയങ്ങളാണ്. കഴിയുമെങ്കില്‍ മുങ്ങിക്കുളി തന്നെയാണ് ഉത്തമം. വെറുതെ മുങ്ങിക്കുളിച്ചാല്‍ പോര. തലമുടിയും തലയോടും നല്ലപോലെ വൃത്തിയാക്കണം. കുളിമുറിയായാലും ഇതൊക്കെ ചെയ്യാം. തലമുടിയിഴകളിലും തലയോട്ടിയിലും പറ്റിപ്പിടിച്ചിരിക്കുന്ന ചെളി കളയണം അതിന് നാടന്‍ പ്രയോഗങ്ങള്‍ ധാരാളമുണ്ട്, മുടി പൊട്ടിപ്പോവുക, വിണ്ടുകീറുക, മുടിയില്‍ കായയുണ്ടാകുക, താരന്, മുടിക്ക് കറുപ്പു നിറം കുറയുക എന്നിവയാണ് സാധാരണയായി കണ്ടുവരുന്ന പ്രശ്നങ്ങള്‍. പോഷകാംശങ്ങളുടെ കുറവ് ഇതിന്നൊരു കാരണമാണ്.
ഭക്ഷണത്തില്‍ ഇലക്കറികള്‍ക്ക് പ്രാധാന്യം കൊടുക്കുക, കഫവര്‍ദ്ധകങ്ങളായ ഭക്ഷണം കുറയ്ക്കുക. 'അണുതൈലം' കൊണ്ട് നസ്യം ചെയ്യുന്നത് മുടിക്ക് വളരെ നല്ലതാണ്.
അതുപോലെ ശ്രദ്ധിക്കേണ്ട കാര്യമാണ് തലയില്‍ തേക്കുന്ന എണ്ണ. തലമുടിയുടെ വളര്‍ച്ചയ്ക്കും ആരോഗ്യത്തിന്നും ശീതവീര്യമാണ് വേണ്ടത്. ഇത് ചിലര്‍ക്ക് പറ്റുകയുമില്ല. നീര്‍ദോഷം വരാന്‍ എളുപ്പമുള്ള ശരീരപ്രകൃതിക്ക് ശീതവീര്യം പറ്റില്ല. സമശീതോഷ്ണമായ തൈലം വേണം. താരനുണ്ടെങ്കില് തൈലം പറ്റില്ല. വെളിച്ചെണ്ണയേ പറ്റൂ.
എണ്ണ തേച്ച് കുളിക്കുന്നത് വൈകുന്നേരങ്ങളിലാണ് ഉത്തമം. കാരത്തിന്റെ അംശം മുടിക്ക് നല്ലതല്ല. സോപ്പോ ഷാമ്പൂവോ ഉപയോഗിച്ച് മെഴുക്കിളക്കുന്നതും നല്ലതല്ല. ഉലുവ കൂടുതല്‍ ചേരുന്ന ഭക്ഷണം രാത്രിയില്‍ കഴിച്ചാല്‍ മുടിക്ക് വളരെ വിശേഷമാണ്. രാത്രിയില്‍ പശുവിന്പാല് കുടിക്കുന്നത് കൊണ്ട് നല്ല ഉറക്കം കിട്ടും. മുടിക്ക് വണ്ണമുണ്ടാകുന്നതിന്നും ഇതുപകരിക്കും.