മുടിയും മുഖവും നമ്മുടെ ദൗര്‍ബല്യമാണ്. ആ ദൗര്‍ബല്യത്തെ മുതലെടുക്കുന്നതാണ് ദൃശ്യശ്രാവ്യ മാധ്യമങ്ങളില്‍ ഇന്നു വരുന്ന പരസ്യങ്ങളില്‍ ഒട്ടുമിക്കതും. മുടി വളരാനും മുഖക്കുരു മാറ്റാനും മുഖം വെളുപ്പിക്കാനുമുള്ള എണ്ണകളുടെയും ലേപനങ്ങളുടെയും ക്രീമുകളുടെയും പരസ്യങ്ങളുടെ മുമ്പില്‍ പകച്ചുനില്‍ക്കുകയാണിന്ന് കേരളത്തിലെ യുവത്വം.
ഇവയില്‍ ഏതു വാങ്ങണം, അതോ എല്ലാം വാങ്ങണോ എന്ന കണ്‍ഫ്യൂഷനിലാണവര്‍. അവസാനം തലയിലും മുഖത്തും പല എണ്ണകളും ക്രീമുകളും ഒക്കെ വാങ്ങി പരീക്ഷിക്കുന്നു, ഫലമോ? മുഖം നിറയെ മുഖക്കുരുവും പാടുകളും. തലയില്‍ ശുഷ്‌കിച്ച കുറച്ചു മുടിയും.
ശരീരമെന്ന മുഴുവന്‍ ജൈവവ്യവസ്ഥയുടെ ഭാഗമാണ് മുടി. ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്ത് തകരാറുണ്ടായാല്‍ അതു മുടിയുടെ ആരോഗ്യത്തെയും ബാധിക്കും. ഉദാഹരണത്തിന് ഒരു മേജര്‍ ശസ്ത്രക്രിയക്കു ശേഷമോ, ഗുരുതരമായ രോഗം ബാധിക്കുമ്പോഴോ മുടി ധാരാളമായി കൊഴിയും; മുടിയുടെ കട്ടി കുറയും; മിനുസവും നിറവും ഇല്ലാതാകും. പിന്നീട് നഷ്ടപ്പെട്ട ആരോഗ്യം വീണ്ടെടുക്കുമ്പോള്‍ മുടിയുടെ നഷ്ടവും ക്രമേണ നികത്തപ്പെടുന്നു.
ശരീരത്തിന്റെ പോഷണാവശ്യങ്ങള്‍ എല്ലാം നിറവേറിക്കഴിഞ്ഞേ മുടിയുടെ ആവശ്യത്തിനുള്ള പോഷണമൂല്യങ്ങള്‍ എത്തുകയുള്ളു എന്നും, ശരീരത്തിന് എന്തെങ്കിലും പോഷണ വൈകല്യങ്ങളുണ്ടായാല്‍ അത് ആദ്യം പ്രകടമാവുന്നത് മുടി കണക്കിലധികം പൊഴിയുന്നതിലൂടെയാണെന്നും ആധുനിക ഗവേഷണ ഫലങ്ങള്‍ പറയുന്നു.