അന്നജത്തിന്റെ കാര്യവും പ്രാധാന്യമര്‍ഹിക്കുന്നു. ഭക്ഷണത്തിലെ മാംസ്യത്തെ മുടി, രക്തം, മാംസപേശികള്‍ തുടങ്ങിയ കോശങ്ങളുടെ നിര്‍മിതിക്കുവേണ്ടി ഉപയോഗിക്കണമെങ്കില്‍ ഭക്ഷണത്തില്‍ വേണ്ടത്ര അന്നജവും അടങ്ങിയിരിക്കണം. മുടിയുടെ വളര്ച്ചക്കത്യന്താപേക്ഷിതമായ ബി ജീവകങ്ങളും അന്നജഭക്ഷണങ്ങളിലാണ് കൂടുതലടങ്ങിയിരിക്കുന്നത്.
പക്ഷേ, അധികം സംസ്കരിച്ച അന്നജങ്ങളായ പഞ്ചസാര, മൈദമാവ് ഇവയ്ക്ക് മുടിവളര്‍ച്ചയില്‍ യാതൊരു പ്രാധാന്യവുമില്ല. ഇവ ചേര്‍ത്തുണ്ടാക്കുന്ന ഫാസ്റ്റ് ഫുഡുകളും പലഹാരങ്ങളും വിപരീത ഫലമേ ഉണ്ടാക്കുകയുള്ളൂ. തവിടുകളയാത്ത അരി, ഗോതമ്പ്, കൂവരക്, അന്നജ പ്രധാനങ്ങളായ കിഴങ്ങുവര്‍ഗങ്ങള്‍, പഴങ്ങള്‍ എന്നിവ പ്രാധാന്യമര്‍ഹിക്കുന്നു.
ഭക്ഷണത്തിലടങ്ങിയിരിക്കുന്ന കൊഴുപ്പ് തൊലിക്ക് മാര്‍ദവവും മിനുസവും നല്കി ശിരോചര്‍മത്തിന്റെ സുസ്ഥിതി ഉറപ്പുവരുത്തുന്നു. പാചകത്തിന്നുപയോഗിക്കുന്ന എണ്ണയില്‍നിന്നു മാത്രമല്ല നാം കഴിക്കുന്ന ധാന്യങ്ങളിലും പയറുകളിലും സസ്യങ്ങളിലുമെല്ലാം കൊഴുപ്പിന്റെ അംശമുണ്ട്. കൊഴുപ്പിന്റെ അളവ് കൂടിയാല്‍, അത് മുടിയുടെ വളര്‍ച്ചയെ സഹായിക്കുന്ന കാത്സ്യത്തിന്റെ ആഗിരണത്തെ വിപരീതമായി ബാധിക്കുന്നു.
ഭക്ഷണത്തില്‍ കൊഴുപ്പ് അടങ്ങിയിരുന്നില്ലെങ്കില്‍, ത്വക്കിന്റെ മിനുസം നഷ്ടപ്പെടുകയും ശിരോചര്‍മം രോഗബാധിതമാകുകയും ചെയ്യും. 15-20 ഗ്രാം കൊഴുപ്പ് നമ്മുടെ ഭക്ഷണത്തിലടങ്ങിയിരിക്കണം. കൊഴുപ്പില്‍ ലയിക്കുന്ന ജീവകം, എ, ഇ എന്നിവയുടെ ആഗിരണത്തിനും കൊഴുപ്പ് ആവശ്യമാണ്. ഇവയും ശിരോചര്‍മത്തിന്റെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്.