മിക്കവാറും എല്ലാ ജീവകങ്ങളും മുടിയുടെ വളര്‍ച്ചയ്ക്ക് അത്യാവശ്യമാണ്. ഇവയില്‍ ഏറ്റവും പ്രധാനം ജീവകം എ, ബി ജീവകങ്ങള്‍, ജീവകം സി, ഇ എന്നിയാണ്. ബി ജീവകങ്ങളിലെ ബയോട്ടീന് (ബി6), പാന്റൊതെനിക് ആസിഡ് (ബി5) എന്നിവ കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നു. മാംസ്യ സംയോജനത്തിന്നത്യന്താപേക്ഷിതമായ ഇവ മുടിയുടെ മാംസ്യമായ കെരാറ്റിന്‍ സംയോജിപ്പിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നു. ഗന്ധകം ചേര്‍ന്ന അമിനോ അമ്ലങ്ങളെ മുടിയിഴകളിലേക്ക് തുന്നിപ്പിടിപ്പിക്കാന്‍ ആവശ്യമായ ബി ജീവകങ്ങളാണ് ബയോട്ടിനും, പാന്റൊതെനിക് ആസിഡും ആരോഗ്യമുള്ള കെരാറ്റിന്റെ സംയോജനത്തില്‍ കൊ എന്‍സൈം ആയി വര്‍ത്തിക്കുന്നു എന്നു മാത്രമല്ല സള്‍ഫര്‍ അടങ്ങിയ അമിനോ അമ്ലങ്ങളുടെ ആഗിരണത്തെ സഹായിക്കുകയും ചെയ്യുന്നു.
ജീവകം ബി5 അടങ്ങിയിട്ടുള്ള ഷാംപൂവിന്റെ പരസ്യങ്ങള്‍ കാണാറില്ലേ? മുടിയഴകിന് മേന്മയേറിയതെന്നവകാശപ്പെടുന്ന, മുടിയില്‍ തേക്കുന്ന ഷാംപൂവിന് എങ്ങനെയാണ് കുടലിലെ അമിനോ അമ്ലങ്ങളുടെ ആഗിരണത്തെ സഹായിക്കാനാവുക? ശാസ്ത്രീയമായി ആലോചിച്ചാല്‍ മുടിയില്‍ തേച്ചുകഴുകിക്കളയുന്ന ഇത്തരം ഷാംപൂവില്‍ എന്തു ചേര്‍ന്നിരുന്നാലും അതു മുടിയുടെ അഴുക്ക് കളഞ്ഞേക്കാമെന്നല്ലാതെ മുടിയുടെ വളര്‍ച്ചയെയും സുസ്ഥിതിയെയും ബാധിക്കില്ല എന്നു മനസ്സിലാക്കാവുന്നതേയുള്ളൂ.
താളികള്‍ ഈ ജോലി കുറേക്കൂടി മെച്ചമായി നിര്‍വഹിക്കുന്നു. പയറുകളില്‍ ബി ജീവകങ്ങള്‍ ധാരാളമുണ്ട്. പഴഞ്ചോറിലും ബി ജീവകമുണ്ട്. നമ്മുടെ മുഖ്യാഹാരം ധാന്യങ്ങളാകയാല് അവയില്‍ നിന്നാണ് നമുക്ക് ഏറ്റവും കൂടുതല്‍ ബി ജീവകങ്ങള്‍ ലഭിക്കുന്നത്. സസ്യങ്ങളിലും ബി ജീവകങ്ങള്‍ അടങ്ങിയിട്ടുണ്ട്. മാംസഭക്ഷണങ്ങള്‍ പ്രത്യേകിച്ച് കരള്‍, കിഡ്നി തുടങ്ങിയവയിലും ബി ജീവകങ്ങള്‍ ഉണ്ട്. ധാന്യങ്ങള്‍, പയറുകള്‍ എന്നിവ പുളിപ്പിക്കുമ്പോള്‍ അതില്‍ ധാരാളം ബി ജീവകമുണ്ടാകും.
ഇഡ്ഡലി, ദോശ, അപ്പം എന്നിവ ഉദാഹരണം. എന്നാല്‍ മാവ് പതയാന്വേണ്ടി സോഡപ്പൊടി ചേര്‍ക്കുമ്പോള്‍ ബി ജീവകങ്ങള്‍ മുഴുവന്‍ നഷ്ടപ്പെടുകയാണ് ഫലം. പച്ചക്കറികളും മറ്റും പാകം ചെയ്യുന്ന വെള്ളം ഊറ്റിക്കളയുമ്പോഴും സസ്യങ്ങളിലെ ബി ജീവകങ്ങള്‍ നഷ്ടപ്പെടുന്നു. എന്തു കഴിക്കുന്നു എന്നതിനെക്കാള്‍ പ്രാധാന്യം എങ്ങനെ പാകം ചെയ്തു കഴിക്കുന്നു എന്നതിനാണ്.
ജീവകം എ തൊലിക്ക് സ്നിഗ്ദ്ധത നല്‍കുകയും ശിരോചര്‍മത്തിന് രോഗം വരാതെ സൂക്ഷിക്കുകയും ചെയ്യുന്നു. ഇലക്കറികള്‍, പാല്, ഓറഞ്ച്, മഞ്ഞനിറത്തിലുള്ള സസ്യങ്ങള്‍, മാമ്പഴം, ജന്തുക്കളുടെ കരള്‍ എന്നിവയില്‍ ജീവകം എ സമൃദ്ധമാണ്. ജീവകം ഇ ശക്തമായ ഒരു ആന്റി ഓക്സിഡന്റാണ്. ചയാപചയ പ്രവര്‍ത്തനം മൂലം കോഷ്ഠങ്ങളിലടിഞ്ഞുകൂടുന്ന മാലിന്യങ്ങളെ നീക്കുന്ന ജീവകം ഈ ശിരോചര്‍മത്തിന്റെ ആരോഗ്യവും സംരക്ഷിക്കുന്നു. മുളപ്പിച്ച പയറുകളില്‍ ജീവകം ഇ സമൃദ്ധമായുണ്ട്. പച്ചക്കറികളുടെയും മറ്റും തണ്ടുകളിലും ജീവകം ഇ ധാരാളമായി അടങ്ങിയിരിക്കുന്നു.
പുതിയ പച്ചക്കറികളിലും പഴങ്ങളിലും നാരകഫലങ്ങളിലും അടങ്ങിയിരിക്കുന്ന ജീവകം സിയാണ് മുടിയുടെ ആരോഗ്യത്തിനാവശ്യമായ മറ്റൊരു പ്രധാന ജീവകം. ഭക്ഷണത്തിലടങ്ങിയിരിക്കുന്ന ഫെറിക് രൂപത്തിലുള്ള ഇരുമ്പിനെ ഫെറസ് രൂപത്തിലാക്കി ദഹനേന്ദ്രിയത്തിന് ആഗിരണം ചെയ്യാന്‍ പാകത്തിലാക്കുന്നത് ജീവകം സി ആണ്. പരോക്ഷമായി രക്തോല്പാദനത്തേയും രക്തപരിസരണത്തേയും സഹായിക്കുകയും കോശതേമാനം നികത്തുകയും ചെയ്യുന്ന ജീവകം സി മുടിയുടെ വളര്‍ച്ചയ്ക്ക് അത്യാവശ്യമാണ്. ശക്തമായ ഒരു ആന്റി ഓക്സിഡന്റുകൂടിയാണ് ജീവകം സി.