കഷണ്ടിയെന്ന് നമ്മള്‍ പറയുന്ന ആന്‍ഡ്രോജനിറ്റിക് അലോപേഷ്യയാണ് പുരുഷന്മാരിലും സ്ത്രീകളിലും കാണുന്ന മുടികൊഴിച്ചിലില്‍ 95 ശതമാനവും. ഇതിനുള്ള പുതിയ ചികിത്സാസംവിധാനങ്ങളില്‍ മുഖ്യം ശസ്ത്രക്രിയാമാര്‍ഗങ്ങളാണ്. മിനോക്‌സിഡില്‍, ഫിനാസ്റ്റെറൈഡ് എന്നീ മരുന്നുകളും നിലവിലുണ്ടെങ്കിലും മുടി വെച്ചുപിടിപ്പിക്കുന്ന സര്‍ജിക്കല്‍ രീതികളാണ് താരതമ്യേന കൂടുതല്‍ ഫലപ്രദം.
മുടിമാറ്റിവെക്കല്‍ (ഹെയര്‍ ട്രാന്സ്പ്ലാന്റേഷന്) എന്ന ശസ്ത്രക്രിയാരീതി പ്രചാരത്തില്‍ വന്നിട്ട് വര്‍ഷങ്ങളായി. മുടി നട്ടുപിടിപ്പിക്കല്‍ (ഹെയര്‍ ഗ്രാഫ്റ്റിങ്) എന്നാണ് ഇതിന്റെ ശരിക്കുള്ള പേര്. 1952ല്‍ ഡോ. നോര്‍മന്‍ ഓറന്‍ട്രിച്ച് ആണ് ഈ രീതി കണ്ടുപിടിച്ചത്. കേശപുനരുത്ഥാന ചികിത്സകളുടെ പിതാവായി അറിയപ്പെടുന്നത് ഡോ. നോര്‍മനാണ്.