മുടി പലമട്ടിലാണ് വെച്ചുപിടിപ്പിക്കുക. പഞ്ച് ഗ്രാഫ്റ്റുകള്‍, മിനി ഗ്രാഫ്റ്റുകള്‍, മൈക്രോ ഗ്രാഫ്റ്റുകള്‍ (ഫോളിക്കുലാര്‍ ഗ്രാഫ്റ്റുകള്‍) എന്നിങ്ങനെ പലതരം ഗ്രാഫ്റ്റുണ്ട്. 10-15 മുടി വേരോടെ ഒന്നിച്ച് പിഴുതെടുത്തുണ്ടാക്കുന്നതാണ് പഞ്ച് ഗ്രാഫ്റ്റ്. ഇതായിരുന്നു പഴയരീതി. പക്ഷേ അവിടവിടെ മുടി കൂടിനില്ക്കുന്ന പ്രതീതിയുണ്ടാവും ഇതിന്. കുറേക്കൂടി ചെറിയ ഗ്രാഫ്റ്റുകള്‍ വന്നതങ്ങനെയാണ്. മിനിഗ്രാഫ്റ്റില് 2-4 മുടിയേയുണ്ടാവൂ. ഇവ വെച്ചുപിടിപ്പിച്ചാല്‍ കുറേക്കൂടി സ്വാഭാവികത തോന്നും.
ഡോ. ബോബ്ലിഡര് ആണ് മൈക്രോഗ്രാഫ്റ്റിങ്ങ് രീതി കണ്ടുപിടിച്ചത്. രോമവും രോമകൂപവും അതിന്റെ അനുബന്ധ കലകളും മൈക്രോസ്കോപ്പിന്റെ സഹായത്തോടെ പിഴുതെടുത്ത് ഒന്നോരണ്ടോ മുടിവീതം വെച്ചുപിടിപ്പിക്കുന്ന രീതിയാണിത്. ഇതിന് സ്വാഭാവികതയേറും. എല്ലാ രീതിയും കൂട്ടിയോജിപ്പിക്കുന്ന രീതിയാണ് പറ്റിയത്. മുന്നിലും മറ്റും ചെറുഗ്രാഫ്റ്റുകളും പിന്നിലും മറ്റും വലുതും. ഇത് പലതവണയായി ചെയ്യേണ്ടിവരും.
ശസ്ത്രക്രിയയ്ക്കുമുമ്പ് ചര്‍മ്മം ഇതിന്നു പറ്റിയതാണോ എന്നു പരിശോധിച്ചറിയണം. ചിലരില്‍ തൊലി കട്ടികൂടുന്ന(keloidal formation)തായി കാണാം.
ലോക്കല്‍ അനസ്തേഷ്യ നല്‍കിയാണ് ഗ്രാഫ്റ്റിനുവേണ്ട മുടി എടുക്കുന്നതും വെച്ചുപിടിപ്പിക്കുന്നതും. തലയുടെ പിന്നില്‍ നിന്നോ വശങ്ങളില്‍നിന്നോ (donor areas) മുടി എടുക്കും. ഒരു സ്ട്രിപ് ആയാണ് മുടിയെടുക്കുക. ഇതിനെ മുറിച്ച് ഗ്രാഫ്റ്റുണ്ടാക്കും. കഷണ്ടിയുള്ളിടത്ത്, മുടിവേണ്ടിടത്ത് സൂചികൊണ്ട് തുളയിട്ട് മുടി നട്ടുപിടിപ്പിക്കും.
ഇതിന് ആസ്പത്രിയില്‍ കിടക്കേണ്ട ആവശ്യമില്ല. സര്‍ജറി കഴിഞ്ഞ് ഡ്രസ്സുചെയ്താല് ഒരു മണിക്കൂറിനകം വീട്ടില്‍ പോവാം. ഒന്നുരണ്ടു ദിവസം കഴിഞ്ഞ് ഡ്രസ്സിങ്ങ് അഴിക്കാം. ഏതാനും ദിവസങ്ങള്‍ക്കകം പുതിയ മുടി വളര്‍ന്നു തുടങ്ങും. ചില മുടിയിഴകള്‍ കൊഴിഞ്ഞുപോയി പുതിയതു വരും. അന്തിമഫലം കണ്ടറിയാന്‍ 4-6 മാസമോ അതിലധികമോ വേണ്ടിവരാം.