Home>Healthy Hair>Hair Food
FONT SIZE:AA

ഇലക്കറികള്‍

ലവണങ്ങളാണ് മുടിയഴകിലും അതിന്റെ ആരോഗ്യത്തിലും പ്രേരണ ചെലുത്തുന്ന സുപ്രധാന പോഷകങ്ങള്‍. ഇരുമ്പ്, കാത്സ്യം, അയോഡിന്‍ തുടങ്ങിയവയും നാകം, ചെമ്പ്, ക്രോമിയം, സെലിനിയം തുടങ്ങിയ അമ്ലാംശ മൂലകങ്ങളും ഇവയില്‍ പ്രാധാന്യമര്‍ഹിക്കുന്നു. ഇരുമ്പിന്റെ അംശം ഭക്ഷണത്തില്‍ വേണ്ടത്ര ഇല്ലാതിരുന്നാല്‍ ക്രമേണ വിളര്‍ച്ച ബാധിക്കുമെന്നത് സാധാരണ അറിവാണ്.

വിളര്‍ച്ച ബാധിച്ചാല്‍ കോശങ്ങളിലേക്കുള്ള ഓക്‌സിജന്റെ വിതരണം കുറയുന്നു. ഇത് മുടിവേരുകളിലേക്കുള്ള രക്തപ്രവാഹത്തെയും അവയില്‍ ഓക്‌സിജനെത്തിക്കുന്നതിനെയും തടസ്സപ്പെടുത്തും. മുടി ശോഷിക്കുകയും ചെയ്യും. പല രോഗങ്ങളെയും പ്രതിരോധിക്കുന്ന നാരുകള്‍ ഭക്ഷണത്തില്‍ ക്രമത്തിലധികം അടങ്ങിയിരുന്നാല്‍ ഇരുമ്പും മറ്റു ലവണങ്ങളും ആഗിരണം ചെയ്യപ്പെടുന്നതിന് തടസ്സം നേരിടുന്നു. ഇരുമ്പിന്റെ ആഗിരണം തടസ്സപ്പെട്ടാല്‍ മുടി വേഗം നരയ്ക്കുമെന്ന് ഒരു വാദഗതിയുണ്ട്.

ചീര, മുരിങ്ങയില തുടങ്ങിയ ഇലക്കറികളില്‍നിന്ന് വളരെ കുറഞ്ഞ ചെലവില്‍ നമുക്ക് ഇരുമ്പിന്റെ അംശം ലഭിക്കും. എന്നാല്‍, കേരളീയരുടെ ഭക്ഷണത്തില്‍ പ്രകടമായിക്കാണുന്ന ഒരു കുറവ് ഇലക്കറികളുടേതാണ്. സസ്യങ്ങള്‍, തവിടു കളയാത്ത ധാന്യങ്ങള്‍, കൂവരക്, ചക്കര ഇവ ഇരുമ്പ് സമൃദ്ധമായുള്ള ഭക്ഷണസാധനങ്ങളാണ്. മാംസഭക്ഷണങ്ങളില്‍നിന്നുള്ള ഇരുമ്പ് വേഗം ആഗിരണം ചെയ്യപ്പെടുന്നു. സസ്യങ്ങളില്‍നിന്നുള്ളത് 10-30 ശതമാനം മാത്രമേ ശരീരത്തിന് ഉപയോഗപ്പെടുത്താനാവുകയുള്ളൂ.

മുടിക്കു നിറം നല്‍കുന്ന മൂലകമാണ് ചെമ്പ്. കൂടാതെ, മുടിയിലെ മാംസ്യമായ കെരാറ്റിന്റെ സംയോജനത്തിന് ചെമ്പും നാകവും അത്യന്താപേക്ഷിതമാണ്. സിലിക്കോണ്‍, സെലിനിയം, ബോറോണ്‍ തുടങ്ങിയ അല്പാംശമൂലകങ്ങളും മുടിയുടെ മാംസ്യസംയോജനത്തിനാവശ്യമാണ്. കൂടുതല്‍ സംസ്‌കരിച്ച ഭക്ഷണസാധനങ്ങളില്‍ ഈ അല്പാംശ മൂലകങ്ങള്‍ തീരെയുണ്ടാവുകയില്ല. അതുപോലെതന്നെ കൃത്രിമ വളമുപയോഗിച്ചുള്ള കൃഷിരീതിയിലൂടെ ഉല്പാദിപ്പിക്കുന്ന വിളവുകളിലും ഈ മൂലകങ്ങളുടെ അളവ് നന്നേ കുറവായിരിക്കും.
Tags- Hair, Hair loss
Loading