ശരീരത്തിനാവശ്യമുള്ള എല്ലാ പോഷണമൂല്യങ്ങളും മുടിയുടെ വളര്‍ച്ചയ്ക്കും ആവശ്യമുണ്ട്. മാംസ്യം, അന്നജം, കൊഴുപ്പ്, ലവണങ്ങള്‍, ജീവകങ്ങള്‍ ഇവയെല്ലാം തന്നെ ഒരുവിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ മുടിയുടെ വളര്‍ച്ചയെയും ആരോഗ്യത്തെയും സംരക്ഷിക്കുന്നു. ഭക്ഷണത്തില്‍ വേണ്ടത്ര മാംസ്യം ഉണ്ടായിരിക്കണമെന്നതാണ് ആദ്യത്തെ ഘടകം.
പുതിയ കോശങ്ങളുടെ നിര്‍മിതിക്കാവശ്യമായ ഏറ്റവും പ്രധാന ഘടകമായ മാംസ്യം മുടിയുടെ വളര്‍ച്ചയ്ക്കും സുസ്ഥിതിക്കും അത്യന്താപേക്ഷിതമാണ്. മുടിയിഴയിലെ മാംസ്യമായ കെരാറ്റിന്‍ (keratin) നിര്‍മിതിക്കും സംയോജനത്തിനും മാംസ്യത്തിലടങ്ങിയിരിക്കുന്ന ഗന്ധകം ചേര്‍ന്ന അമിനോ അമ്ലങ്ങളായ ഡിസ്റ്റിന്‍, സിസ്റ്റൈന്‍, മെത്തിയോനൈന്‍, ആര്‍ജിനൈന്‍, ലൈസിന് എന്നിവ അത്യാവശ്യമാണ്.
ഭക്ഷണത്തില്‍ വേണ്ടത്ര മാംസ്യം ഇല്ലാതിരുന്നാല്‍ മുടിയുടെ വളര്‍ച്ച നിലയ്ക്കുന്നു; മുടിയുടെ നിറവും കട്ടിയും കുറയുന്നു; പിന്നീട് അത് കൊഴിഞ്ഞുവീഴുന്നു. ഇങ്ങനെ കൊഴിഞ്ഞുപോകുന്ന മുടിയുടെ വേര് മൈക്രോസ്കോപ്പിലൂടെ പരിശോധിച്ചാല്‍ അത് ആരോഗ്യമുള്ള മുടിയുടെ വേരിനെ അപേക്ഷിച്ച് ചുരുങ്ങിയിരിക്കുന്നതായി കാണാം. മാംസ്യക്കമ്മി കൊണ്ടുണ്ടാകുന്ന പല രോഗങ്ങളിലും ഈ പ്രതിഭാസം പ്രകടമാണ്.
മുട്ട, മാംസഭക്ഷണങ്ങള്‍, പാലും പാലുല്പന്നങ്ങളും, പയറുകള്‍, അണ്ടിവര്‍ഗങ്ങള്‍ എന്നിവയാണ് മാംസ്യം കൂടുതലടങ്ങിയ ഭക്ഷണസാധനങ്ങള്‍. എന്നാല്‍ മാംസ്യം ഭക്ഷണത്തില്‍ വളരെയധികമുണ്ടായാല് അവയുടെ ചലനത്തെ സഹായിക്കുന്ന ബി ജീവകം കുറവുണ്ടാവുകയും മുടി കൊഴിയുകയും ചെയ്യും.