തലമുടിയുടെ വളര്‍ച്ച എണ്ണ തേയ്ക്കുന്നതില്‍ മാത്രം നിക്ഷിപ്തമല്ല. നിത്യവും മുടിയിലേല്ക്കുന്ന പൊടിയും മാലിന്യങ്ങളും രോമകൂപങ്ങളില്‍ താരന് പോലുള്ള പല രോഗങ്ങളെയും വിളിച്ചുവരുത്താറുണ്ട്. അമിതമായ വിയര്‍പ്പും രോമകൂപത്തിനു താഴെയുള്ള കൊഴുപ്പിന്റെ അംശത്തില്‍ വരുന്ന വ്യതിയാനവും പലപ്പോഴും മുടികൊഴിച്ചിലിന് കാരണമാകാറുണ്ട്.
ആഹാരത്തില്‍ മുളക്, ഉപ്പ്, പുളി എന്നീ രസങ്ങളുടെ അമിതമായ ഉപഭോഗവും മുടിയുടെ ഉറപ്പിന് ഹാനികരമാകാറുണ്ട്. കൂടുതല്‍ കൊഴുപ്പുള്ള ആഹാരങ്ങളും എണ്ണയിലോ നെയ്യിലോ വറുത്ത ആഹാരങ്ങളും ദഹനേന്ദ്രിയ വ്യവസ്ഥയെ അസന്തുലിതമാക്കുകയും മുടികൊഴിച്ചിലിന് കാരണമാകുകയും ചെയ്യുന്നു. അമിതമായ ചിന്തകളും അസ്വസ്ഥതകളും മസ്തിഷ്ക താപത്തെ വര്‍ധിപ്പിക്കുകയും രോമങ്ങളുടെ ദൃഢത കുറയ്ക്കുകയും ചെയ്യുന്നു.
ഗര്‍ഭകാലത്തെ ആഹാരങ്ങളില്‍ എരിവും പുളിയും കൂടുന്നതനുസരിച്ച്, കുഞ്ഞിന്റെ കേശബലം കുറയുന്നതായി കാണാറുണ്ട്. ഗര്‍ഭകാല പരിചരണത്തില്‍ തന്നെ ഖാലിത്യം (കഷണ്ടി), പാലിത്യം (നര) ഇവ കുഞ്ഞുങ്ങള്‍ക്ക് വരാതിരിക്കാന്‍ ഗര്‍ഭിണികള്‍ അനുവര്‍ത്തിക്കേണ്ട ക്രമം ആയുര്‍വേദത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. ശൈശവത്തില്‍ തന്നെ ശിരസ്സില്‍ വിയര്‍പ്പും ചൂടും കാണുന്നത് അടുത്തകാലത്ത് ഏറിവരുന്ന പ്രവണതയാണ്.
ആധുനികകാലത്തെ രാസവസ്തുക്കളുടെ അമിതമായ ഉപഭോഗം മുടിയുടെ ബലത്തിന് ഹാനികരമാണെന്ന് തെളിഞ്ഞുകഴിഞ്ഞല്ലോ. അതുപോലെ, കുളിക്കാന്‍ ഉപയോഗിക്കുന്ന വെള്ളത്തിന്റെ ഗുണവും വളരെ പ്രാധാന്യമുള്ളതാണ്. ആദ്യം തല നനയ്ക്കുക, പിന്നീട് ശരീരം കഴുകുക എന്ന സമ്പ്രദായമാണ് കുളിമുറിയിലെ സ്നാനത്തിന് അഭികാമ്യം. കാരണം, അഗ്നിയുടെ സഞ്ചാരഗതി മേല്പോട്ടേക്കാണല്ലോ. അതുകൊണ്ട് ശരീരത്തിലെ ചൂട് കുളിക്കുമ്പോള്‍ മേല്പോട്ടുയരാന് സാധ്യതയുണ്ട്. തല ആദ്യം കഴുകുന്നതോടെ ഈ ചൂടിനെ പ്രതിരോധിക്കാന്‍ കഴിയും. ദിവസവും കുളിക്കുന്നത് മുടിക്ക് കെല്പുണ്ടാവാന് സഹായിക്കുകയും ചെയ്യും.
വ്യാധികളുണ്ടായാല്‍ അത് മാറുന്നതോടെ മുടികൊഴിച്ചിലുമുണ്ടാകാറുണ്ട്. വ്യാധികള്‍ മൂലമുള്ള പോഷണക്കുറവും താപനിലയിലെ മാറ്റങ്ങളും ആയിരിക്കാം ഇതിനു കാരണം. സ്വേദം കൂടുതലുള്ള തടിച്ച പ്രകൃതക്കാര്‍ക്കും ഉഷ്ണശരീരികള്ക്കും മുടികൊഴിച്ചില്‍ ഉണ്ടാകാറുണ്ട്. ശരീരത്തിലെ അസ്ഥിധാതുവിന്റെ ശോഷം കൊണ്ടും മുടികൊഴിച്ചില്‍ സംഭവിക്കാറുണ്ട്. ഉദരസംബന്ധമായ പല രോഗങ്ങളിലും കൃമിജന്യമായ രോഗങ്ങളിലും മുടികൊഴിച്ചില്‍ അനുബന്ധമായി കാണാറുണ്ട്. ഋതുക്കളുടെ മാറ്റമനുസരിച്ച് ശരീരത്തില്‍ വരുന്ന വ്യതിയാനങ്ങളില്‍ മുടികൊഴിച്ചിലിന് അപ്രധാനമല്ലാത്ത ഒരു സ്ഥാനമുണ്ട്.