കൃമിശല്യം മൂലം ശരീരപുഷ്ടി കുറയുകയും മുടിയുടെ ബലവും നിറവും പ്രഭയും നഷ്ടപ്പെടുകയും ചെയ്യും. ബാല്യാവസ്ഥയിലാണ് ഇത് ഏറെ കാണുന്നത്. അതിന് പരജീവി നിര്‍മാര്‍ജനം (കൃമിശോധനം) കഴിഞ്ഞ് ശുദ്ധി ചെയ്യേണ്ടതാണ്. ശരീരജന്യ രോഗങ്ങള്‍ പലതും ചികിത്സിക്കുമ്പോള്‍ മുടിയുടെ ആരോഗ്യവും വര്‍ധിക്കുന്നത് കാണാറുണ്ട്.
സ്ത്രീകളുടെ ധാതുക്ഷയജ രോഗങ്ങളിലാണ് പ്രകടമായി കാണാറുള്ളത്. ശിരോധാര, ശിരോവസ്തി, ശിരോലേപം തുടങ്ങിയ ചികിത്സാവിധികളും മുടികൊഴിച്ചിലില്‍ ചെയ്തുവരാറുണ്ട്. സ്ഥിരം യാത്ര ചെയ്യുന്നവര്‍, പ്രത്യേകിച്ചും ഇരുചക്രവാഹനങ്ങളില്‍ സഞ്ചരിക്കുന്നവര്‍ മുടിയെ പൊടി, പുക, കാറ്റ് ഇവയില്‍ നിന്ന് സംരക്ഷിക്കേണ്ടതാണ്. ശുദ്ധമായ പഴങ്ങളും പച്ചക്കറിയും ജലവും നെയ്യും ഉപയോഗിക്കുന്നത് വളരെ പ്രാധാന്യമുള്ളതാണ്. നാളികേരവെള്ളം, തെങ്ങിന്‍കള്ള്, തെങ്ങിന്‍പൂക്കുല, കൂവപ്പൊടി ഇവയെല്ലാം മുടിയുടെ ആരോഗ്യത്തിന് സഹായകമാണ്. ശരീരപുഷ്ടിക്കു കൊടുക്കുന്ന ലേഹ്യങ്ങളും നെയ്യുകളും കേശത്തിന് നല്ലതു തന്നെ.
വട്ടത്തില്‍ മുടി കൊഴിയുന്ന ഇന്ദ്രലുപ്തമെന്ന രോഗത്തിനും താരനും ചികിത്സയുണ്ട്. മുടിയിലെ അഴുക്ക്, പേന്‍ ഇവ നീക്കം ചെയ്യാനും ഔഷധങ്ങളുണ്ട്.
കേശസംരക്ഷണം ഒരു കലയാണ്, ചന്തമാണ്, സൗന്ദര്യമാണ്, സര്‍വോപരി ആരോഗ്യാവസ്ഥയുടെ പ്രതിഫലനമാണ്. അതുകൊണ്ടുതന്നെ ഏതു കാലത്തും മുടി വളരുന്നതിനും നിറം പകരുന്നതിനും കഷണ്ടി നികത്തുന്നതിനും മനുഷ്യമനസ്സ് സദാ ജാഗരൂകമായിരിക്കും.
ഡോ. എം.പി. ഈശ്വരശര്‍മ
പ്രൊഫസര്‍, കായചികിത്സാ വിഭാഗം
വി.പി.എസ്.വി. ആയുര്‍വേദ കോളേജ്,
കോട്ടയ്ക്കല്‍