ചിലരുടെ മുടി നീണ്ടിരിക്കും, ചിലരുടേത് ചുരുണ്ടും. ഓരോകാലത്ത് ഓരോന്ന് ഫാഷനായി വരും. മുമ്പൊക്കെ ചെറുപ്പക്കാര്‍ക്ക് എണ്ണ തേച്ച മുടിയില്‍ ഏറെനേരം ചീപ്പുകൊണ്ട് അഭ്യാസങ്ങള്‍ കാട്ടി മുന്നിലൊരു കുരുവിക്കൂടുണ്ടാക്കുന്ന ഏര്‍പ്പാടുണ്ടായിരുന്നു. ഇപ്പോള്‍ നീണ്ട മുടി ചുരുട്ടാനും ചുരുണ്ടത് നീട്ടാനും വിദ്യകളുണ്ട്. ചൂടുപിടിപ്പിച്ചും രാസവസ്തുക്കള്‍ തേച്ചുമാണ് ഇതൊക്കെ സാധിക്കുന്നത്.
മുടി ചുരുണ്ടിരിക്കണോ നീണ്ടിരിക്കണോ എന്നു തീരുമാനിക്കുന്നത് മുടിത്തണ്ടിലെ പ്രോട്ടീന്‍ തന്മാത്രകള്ക്കിടയിലെ ഡൈസള്‍ഫൈഡ് രാസബന്ധനങ്ങളാണ് (disul-phide bonds). കെരാറ്റിന്‍ എന്ന പ്രോട്ടീന്‍ കൊണ്ടാണ് അടിസ്ഥാനപരമായി മുടി നിര്‍മിക്കപ്പെട്ടിരിക്കുന്നത്. വേറെയും പ്രോട്ടീനുകള്‍ മുടിയിലുണ്ട്. ഈ പ്രോട്ടീനില്‍ സള്‍ഫര്‍ ആറ്റങ്ങള്‍ കാണും.
രണ്ട് സള്‍ഫര്‍ ആറ്റം ജോഡിയായതാണ് ഡൈസള്‍ഫൈഡ് ബന്ധനം. ഒരേ പ്രോട്ടീനിലെ രണ്ട് സള്‍ഫര്‍ ആറ്റമാണ് നിശ്ചിത ദൂരത്തില്‍ ബന്ധനമുണ്ടാക്കുന്നതെങ്കില് മുടി വളഞ്ഞിരിക്കും. മുടി നനഞ്ഞിരിക്കുമ്പോഴും അന്തരീക്ഷത്തില്‍ ഈര്‍പ്പം കൂടുതലുള്ളപ്പോഴും ഈ സ്വഭാവത്തില്‍ താല്‍ക്കാലിക മാറ്റം കാണും.
കുളിച്ചയുടന്‍ നന്നായി ചീകിയൊതുക്കാവുന്ന മുടി ഉണങ്ങുമ്പോള്‍ 'തോന്നിയപോലെ'യാവുന്നത് ഇങ്ങനെയാണ്.
മുടി ചുരുട്ടുന്നതും നീട്ടുന്നതും പലതരത്തില്‍ ഈ രാസസ്വഭാവത്തെ സ്വാധീനിച്ചാണ്. ഇത് സ്ഥിരമല്ല. പുതുതായി വരുന്ന മുടി ഒറിജിനല്‍ സ്വഭാവം തന്നെ കാട്ടും.