Home>Sex>Common Doubts
FONT SIZE:AA

ഭക്ഷണം ഉത്തേജനം നല്‍കുമോ?

കൊഴുപ്പും കൊളസ്‌ട്രോളും കുറഞ്ഞ ഭക്ഷണരീതി ലൈംഗികചോദനയെ വര്‍ധിപ്പിക്കുമെന്നുകേട്ടു. കടല്‍വിഭവങ്ങളും ഉത്തേജകങ്ങളാണെന്ന് ഒരു മാസികയില്‍ വായിച്ചു. എത്രമാത്രം ശരിയാണിത്?

കൊഴുപ്പും കൊളസ്‌ട്രോളും കുറഞ്ഞ ഭക്ഷണം കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കും. പ്രത്യേകിച്ചും മേദസ്സ് കൂടിയവര്‍ക്ക്. അതേസമയം, പുരുഷ ലൈംഗിക ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണ്‍ വര്‍ധിക്കാന്‍ കൊളസ്‌ട്രോള്‍ ആവശ്യവുമാണ്. കടല്‍വിഭവങ്ങള്‍ ഉത്തേജകങ്ങളാണെന്നത് പൊള്ളയായ അവകാശവാദമാണ്. ലൈംഗികാവയവങ്ങളുടെ ആകൃതിയിലുള്ള ഭക്ഷ്യവസ്തുക്കള്‍ ലൈംഗികാഭിനിവേശം കൂട്ടുമെന്നതും തെറ്റായ വിശ്വാസം തന്നെ. നേരിട്ട് ലൈംഗിക താല്‍പര്യം സൃഷ്ടിക്കുന്ന ഒരു വസ്തുവും ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ല.

സെക്‌സും വിഷാദരോഗവും

എന്റെ ഭര്‍ത്താവ് അഞ്ചുവര്‍ഷമായി ഗള്‍ഫില്‍ ജോലിചെയ്യുന്നു. വര്‍ഷത്തില്‍ മൂന്നുമാസം ലീവിനാണ് നാട്ടില്‍ വരുന്നത്. ഉദ്ധാരണമുണ്ടാവാത്തതാണ് ഇപ്പോള്‍ പ്രശ്‌നം. സെക്‌സില്‍ താല്‍പ്പര്യമില്ലായ്മയല്ല തന്റെ കുഴപ്പമെന്നും ഭര്‍ത്താവ് പറയുന്നു.

ഭര്‍ത്താവിന് സെക്‌സില്‍ താല്‍പ്പര്യമില്ലാത്തതിന്റെ കാരണം നിങ്ങള്‍ കണ്ടുപിടിക്കേണ്ടിയിരിക്കുന്നു. ഏറ്റവും സാധാരണമായ കാരണങ്ങളിലൊന്ന് വിഷാദരോഗമാണ്. പങ്കാളിയോടുള്ള അനിഷ്ടം തൊട്ട് ജോ ലിയിലെ സമ്മര്‍ദം വരെ കാരണമാകാം. മുതിര്‍ന്ന പുരുഷന്മാരില്‍ പുരുഷഹോര്‍മോണിന്റെ അളവില്‍ വരുന്ന കുറവും അപൂര്‍വമായിട്ടെങ്കിലും വിഷാദത്തിന്നിടയാക്കാം. ഇഷ്ടാനിഷ്ടങ്ങള്‍ പരസ്പരം തുറന്നുപറയുകയാണ് ആദ്യം വേണ്ടത്. ചോദിച്ചും പറഞ്ഞും മനസ്സിലാക്കിയും തന്നെ കുറേ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയും. പലപ്പോഴും മടുപ്പും വിരസതയും താല്‍പ്പര്യക്കുറവിന് കാരണമാണ്. ഒരു ഒഴിവുദിവസം നല്ല ഒരു യാത്ര നിങ്ങള്‍ രണ്ടുപേര്‍ മാത്രമായി നടത്തുന്നത് ബന്ധത്തിന് പുതുമ നല്‍കും.

അകന്നിരിക്കുമ്പോള്‍ ഇഷ്ടം

ഈയിടെയായിരുന്നു ഞങ്ങളുടെ വിവാഹം. ഒന്നിച്ചിരിക്കുമ്പോള്‍ ഭര്‍ത്താവിന് സെക്‌സില്‍ നല്ല താല്‍പര്യമാണ്. പക്ഷേ, അദ്ദേഹത്തില്‍നിന്നും മാറിയിരിക്കുമ്പോഴാണ് എനിക്ക് താല്‍പര്യം തോന്നുക. ഇത് ഒരു മാനസിക പ്രശ്‌നമാണോ?

ഇത് അത്രവലിയ പ്രശ്‌നമൊന്നുമല്ല. നവദമ്പതികള്‍ക്ക് ഇത്തരം സാഹചര്യങ്ങളുണ്ടാവുക സ്വാഭാവികമാണ്. അടുപ്പം വളരുമ്പോള്‍ പ്രയാസങ്ങള്‍ താനേ മാറിക്കൊള്ളും. പരസ്പരം അടുത്തറിയാനുള്ള അവസരങ്ങള്‍ നന്നായി ഉപയോഗിക്കുക. ഇഷ്ടവും ഇഷ്ടക്കേടും തുറന്ന് സംസാരിക്കുകയും വേണം.

ഡോ. പ്രകാശ് കോത്താരി

Tags- Food & Sex
Loading