ഭക്ഷണശീലങ്ങളിലും ജീവിതസാഹചര്യങ്ങളിലും വന്ന വ്യതിയാനങ്ങള്‍, ശാരീരിക സവിശേഷതകള്‍, ചില രോഗങ്ങള്‍ എന്നിങ്ങനെ പല കാരണങ്ങള്‍കൊണ്ടും ഹോര്‍മോണ്‍ തകരാറുകള്‍ ഉണ്ടാകാം. ചുരുക്കം ചില പുരുഷന്മാരില്‍ ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ മൂലം വന്ധ്യത അനുഭവപ്പെടാറുണ്ട്. ഹൈപ്പോതലാമാസിന്റെ നിയന്ത്രണത്തിലുള്ള പിറ്റിയൂറ്ററി ഗ്രന്ഥി 'മാസ്റ്റര്‍ ഗ്രന്ഥി' ആയാണ് അറിയപ്പെടുന്നത്. ഹോര്‍മോണ്‍ ഉത്പാദിപ്പിക്കുന്ന മിക്ക ഗ്രന്ഥികളെയും നിയന്ത്രിക്കുന്നത് പിറ്റിയൂറ്ററിയാണ്. അതിനാലാണ് പിറ്റിയൂറ്ററിയെ മാസ്റ്റര്‍ ഗ്ലാന്‍ഡ് എന്നു വിളിക്കുന്നത്. ഹൈപ്പോതലാമസില്‍ ഉത്പാദിപ്പിക്കുന്ന ഗൊണാഡോ ട്രോപിന്‍ റിലീസിങ്ങ് ഹോര്‍മോണ്‍ ആണ് പിറ്റിയൂറ്ററിയെ പ്രചോദിപ്പിച്ച് പ്രധാന ലൈംഗിക ഹോര്‍മോണുകളായ എല്‍.എച്ച് എഫ്.എസ്.എച്ച്. എന്നിവയുടെ ഉത്പാദനം ത്വരിതപ്പെടുന്നത്. എല്‍.എച്ച്. അഥവാ ല്യൂട്ടിനെസിങ്ങ് ഹോര്‍മോണ്‍ വൃഷണത്തിലെ ലെയ്ഡിഗ് കോശങ്ങളെ പ്രചോദിപ്പിച്ച് പുരുഷഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണ്‍ ഉത്പാദനം സുഗമമാക്കുന്നു.
ഫോളിക്കിള്‍ സ്റ്റിമുലേറ്റിങ് ഹോര്‍മോണ്‍ ആണ് വൃഷണങ്ങളില്‍ ബീജോത്പാദനം ത്വരിതപ്പെടുത്തുന്നത്. ഗൊണാഡോട്രോപിന്‍ ഹോര്‍മോണുകളുടെ അളവു കുറവായിരിക്കുന്ന അവസ്ഥയ്ക്ക് ഹൈപ്പോഗൊണാഡിസം എന്നു പറയുന്നു. ഫോളിക്കിള്‍ സ്റ്റിമുലേറ്റിങ് ഹോര്‍മോണുകളുടെ കുറവുമൂലം ബീജസംഖ്യയിലും ബീജങ്ങളുടെ ഗുണനിലവാരത്തിലും കുറവു വരാം. ലൈംഗിക താത്പര്യവും ലൈംഗിക ശേഷിയും ഉണ്ടാകണമെങ്കില്‍ ടെസ്റ്റോസ്റ്റിറോണ്‍ ഉണ്ടായേ തീരൂ. ല്യൂട്ടനൈസിങ് ഹോര്‍മോണ്‍ കുറഞ്ഞാല്‍ ടെസ്റ്റോസ്റ്റിറോണ്‍ ഉത്പാദനം ഫലപ്രദമായി നടക്കുകയില്ല.
രക്തപരിശോധനയിലൂടെ ശരീരത്തിലെ ഹോര്‍മോണ്‍ നില നിര്‍ണയിക്കാനാവും. ഓരോരുത്തരുടെയും ശാരീരികനിലയ്ക്കനുസരിച്ച് ഹോര്‍മോണ്‍ നിലയില്‍ നേരിയ മാറ്റങ്ങളുണ്ടാവാം. അതിനാല്‍, ചികിത്സ തുടങ്ങുംമുമ്പ് രണ്ടു തവണയെങ്കിലും രക്തത്തിലെ ഹോര്‍മോണ്‍ നില പരിശോധിക്കേണ്ടതാണ്. പുറമേ നിന്ന് ഹോര്‍മോണ്‍ നല്‍കി വലിയൊരളവുവരെ ഈ പ്രശ്‌നം പരിഹരിക്കാനാവും. ഹോര്‍മോണ്‍ ഗുളികകള്‍, ഹോര്‍മോണ്‍ പാച്ചുകള്‍ , കുത്തിവയ്പുകള്‍ തുടങ്ങി പലരീതിയിലും ഹോര്‍മോണ്‍ റീപ്ലേസെ്മന്‍റ് തെറാപ്പി സാധ്യമാണ്. എന്നാല്‍, ഹോര്‍മോണ്‍ പകരം നല്‍കുന്ന ചികിത്സകള്‍ക്ക് പല പാര്‍ശ്വഫലങ്ങളും ഉണ്ട്.