എനിക്ക് 44 വയസ്സുണ്ട്. ചിലപ്പോള്‍ ബന്ധപ്പെട്ടതിനു ശേഷം രക്തം കാണുന്നു. പക്ഷേ, വേദനയൊന്നുമില്ല. ഇത് ആര്‍ത്തവവിരാമത്തിന്റെ ലക്ഷണമാണോ? ഈ പ്രായത്തില്‍ സെക്‌സ് ഒഴിവാക്കുകയാണോ വേണ്ടത്?
ഏതു പ്രായത്തിലായാലും ലൈംഗികബന്ധത്തിനു ശേഷം രക്തം വരുന്നത് സ്വാഭാവികമല്ല. നിങ്ങള്‍ തീര്‍ച്ചയായും ഒരു ഗൈനക്കോളജിസ്റ്റിനെ കണ്ട് പരിശോധിപ്പിക്കണം. ആര്‍ത്തവവിരാമത്തിനു ശേഷം ബന്ധപ്പെടുക സാധാരണമാണ്. എത്ര പ്രായം ചെന്നാലും സെക്‌സിലേര്‍പ്പെടാം. ലൈംഗികബന്ധത്തിന് കാലപരിധി ബാധകമല്ല.
സ്‌ത്രൈണഛായ
എനിക്ക് 22 വയസ്സുണ്ട്. അവിവാഹിതന്‍. മുഖത്തിന്റെ സ്‌ത്രൈണതയാണ് എന്റെ പ്രശ്‌നം. എന്റെ വീട്ടുകാര്‍ ഒരു പെണ്‍കുട്ടിയെപ്പോലെയാണ് എന്നെ വളര്‍ത്തിയത്. പക്ഷേ, ഇന്ന് ഞാന്‍ കൂട്ടുകാര്‍ക്കിടയില്‍ ഇക്കാരണംകൊണ്ട് മാത്രം പരിഹാസ്യനാണ്. മാനസികമായും ശാരീരികമായും വിഷമത്തിലാണ് ഞാന്‍. ചിലപ്പോള്‍ ലഹരിസാധനങ്ങളില്‍ അഭയം തേടാറുണ്ട്. എന്താണൊരു വഴി?
മുഖത്തിന്റെ സ്‌ത്രൈണത ജന്മനാല്‍ ഉണ്ടാവുന്നതാണ്. പുരുഷത്വത്തിന്റെ രീതികള്‍, പെരുമാറ്റം, നടപ്പ്, മറ്റു ചലനങ്ങള്‍ തുടങ്ങിയവ ശീലിക്കാന്‍ പ്രത്യേകം പ്രയത്‌നിക്കുക. വസ്ത്രധാരണത്തിലും പൗരുഷം സൂക്ഷിക്കുക. ഹെയര്‍സ്റ്റൈല്‍ മാറ്റുന്നതും ഗുണം ചെയ്യും. ഇല്ലാത്തതിനെക്കുറിച്ച് വിഷമിക്കുന്നതിന് പകരം ഉള്ള ഗുണങ്ങളെ പ്രകാശിപ്പിക്കാന്‍ ശ്രമിക്കുന്നതാണ് ബുദ്ധി. നല്ലൊരു ബ്യൂട്ടീഷ്യനെ കാണുന്നതും സഹായകമാവും.
ഡോ. പ്രകാശ് കോത്താരി