Home>Sex
FONT SIZE:AA

പ്രായവും സെക്‌സും

വര്‍ഷങ്ങള്‍ കഴിയുംതോറും ദമ്പതികള്‍ക്കിടയില്‍ ലൈംഗികതാല്പര്യം കുറയുന്നത് എന്തുകൊണ്ടാണ്?
പങ്കാളിയുടെ താല്‍പര്യക്കുറവ്, ആവര്‍ത്തനവിരസത, സാമ്പത്തികമായും സാമൂഹികമായും വളര്‍ന്നുവരുന്ന ഉത്തരവാദിത്വങ്ങള്‍ ഇവയൊക്കെ ദാമ്പത്യജീവിതം തണുപ്പിക്കുന്ന പ്രശ്‌നങ്ങളാണ്. അതല്ലാതെ, അടിസ്ഥാനപരമായി ലൈംഗികതയ്ക്ക് ഒരു മാറ്റവും വരുന്നില്ല. യഥാര്‍ഥത്തില്‍ ദാമ്പത്യത്തിന്റെ വൈകിയുള്ള കാലഘട്ടമാണ് ലൈംഗികതയ്ക്ക് ഏറ്റവും ഉത്തമം.

ഒരു ജീവിതകാലം കൂടെ കഴിഞ്ഞതിന്റെ അടുപ്പവും സ്‌നേഹവും പരസ്പരധാരണയും ഒക്കെ ലൈംഗികജീവിതത്തിന് മാറ്റുകൂട്ടുന്നു. പങ്കാളിയിലെ വികാരം എങ്ങനെ ഉണര്‍ത്താം, പങ്കാളിയുടെ ഇഷ്ടാനിഷ്ടങ്ങള്‍ എന്തൊക്കെയാണ് ഇവയൊന്നും ദാമ്പത്യത്തിന്റെ ആദ്യനാളുകളിലല്ല, പിന്നീടുള്ള വര്‍ഷങ്ങളിലാണ് ദമ്പതികള്‍ മനസ്സിലാക്കിയെടുക്കുന്നത്. ലൈംഗികജീവിതം ചെറുപ്പക്കാര്‍ക്ക് എത്രത്തോളം പ്രധാനമാണോ അത്രത്തോളംതന്നെ പ്രധാനമാണ് പ്രായമായവര്‍ക്കും. ചുറ്റുപാടുകളും ആരോഗ്യസ്ഥിതിയും അനുവദിക്കുന്ന കാലംവരെ ലൈംഗികജീവിതം ആസ്വദിക്കണം.

സെക്‌സിന് പ്രായമില്ല

സെക്‌സ് ആസ്വദിക്കാന്‍ പ്രായം പ്രശ്‌നമല്ല എന്നാണോ?

സെക്‌സിന് എക്‌സ്പയറി ഡേറ്റ് ഇല്ല. ഇന്ന് നല്ലൊരു ശതമാനം ദമ്പതികളും വയസ്സുകാലത്തും ലൈംഗികമായി ആക്ടീവ് ആണ്. 80 കഴിഞ്ഞ 5,6 ദമ്പതികളെങ്കിലും വര്‍ഷത്തില്‍ എന്നെ കാണാന്‍ വരാറുണ്ട്.

ലൈംഗിക ജീവിതം എങ്ങനെമെച്ചപ്പെടുത്താന്‍ കഴിയും?

പങ്കാളിയുടെ ഇഷ്ടാനിഷ്ടങ്ങള്‍ മനസ്സിലാക്കിയെടുക്കുക, അവനവന്റെ ഇഷ്ടാനിഷ്ടങ്ങള്‍ തുറന്നുപറയുക. ഇത് ദമ്പതികള്‍ക്കിടയില്‍ ഏറ്റവും പ്രധാനമാണ്. പരിഹാരമില്ലാത്ത ഒരു പ്രശ്‌നവും ദമ്പതികള്‍ക്കിടയില്‍ ഇല്ല. രതിപൂര്‍വലീലകള്‍ വളരെ പ്രധാനമാണ്. പങ്കാളിയെ മറ്റാരുമായും താരതമ്യപ്പെടുത്തി താഴ്ത്തി സംസാരിക്കാതിരിക്കുക. ലൈംഗികബന്ധം അളവുകോല്‍കൊണ്ട് അളക്കേണ്ട ഒന്നല്ല. രണ്ട് വ്യക്തികള്‍ക്കിടയിലുള്ള സന്തോഷവും സംതൃപ്തിയും ആണത്. താരതമ്യപ്പെടുത്തല്‍ ബന്ധത്തിന്റെ ദൃഢത നശിപ്പിക്കും. നല്ല ഭക്ഷണക്രമം, ആവശ്യത്തിനുള്ള വ്യായാമം, പങ്കാളിയോട് പുലര്‍ത്തുന്ന സത്യസന്ധത ഇവയൊക്കെ നല്ല ലൈംഗികജീവിതത്തിന്റെയും വിവാഹജീവിതത്തിന്റെയും അടിസ്ഥാനമാണ്.

ആഴ്ചയില്‍ രണ്ടു ദിവസം സംഭോഗത്തിന് മുതിരാതെ രതിപൂര്‍വലീലകളില്‍ മാത്രം മുഴുകുക. ടെന്‍ഷന്‍ കാരണമോ മറ്റോ ഉദ്ധാരണത്തിന് പ്രശ്‌നം നേരിടുന്ന പങ്കാളിയാണെങ്കില്‍ അയാള്‍ക്ക് സംഭോഗം വഴി ഇണയെ തൃപ്തിപ്പെടുത്തേണ്ട ഉത്കണ്ഠ ഒഴിവാക്കാം. ഉത്കണ്ഠ കുറയുമ്പോള്‍ ഉത്തേജനം കൂടും. ആത്മവിശ്വാസം കൂടും. ഇത് തുടര്‍ന്നുള്ള ലൈംഗികബന്ധത്തിന്റെ മാറ്റ് കൂട്ടും. അതുകൊണ്ട് ആഴ്ചയില്‍ രണ്ടു തവണ സംഭോഗം ഇല്ലാത്ത ലൈംഗികബന്ധം-തഴുകല്‍, ആലിംഗനം, ചുംബനം - ശീലമാക്കാം. പല പുരുഷന്മാര്‍ക്കും സ്ത്രീകളുടെ ആര്‍ത്തവകാലത്ത് അധികം താല്‍പര്യം തോന്നുന്നതും ഇതുകൊണ്ടാണ്.
Tags- Age & sex
Loading