Home>Post Delivery Care
FONT SIZE:AA

പ്രസവാനന്തരമുള്ള നടുവേദന

പ്രസവാനന്തരം സ്ത്രീകളില്‍ കാണുന്ന നടുവേദനയ്ക്ക് ഒരുപാടു കാരണങ്ങളുണ്ടാകാം. ഇത്തരം നടുവേദനകളുമായെത്തുന്നവരെ ചികിത്സിക്കുക ഏറെ വിഷമകരവുമാണ്. കൃത്യമായ രോഗനിര്‍ണയം പലപ്പോഴും ബുദ്ധിമുട്ടായിരിക്കും.

ഗര്‍ഭധാരണവും പ്രസവവും കഴിയുന്നതോടെ ശരീരത്തിന് വളരെയേറെ മാറ്റങ്ങള്‍ ഉണ്ടാകാറുണ്ട്. ശരീരത്തിന്റെ ഭാരം വളരെ കൂടുകയും പിന്നീട് കുറയുകയും ചെയ്യുന്നു. ഹോര്‍മോണ്‍ നിലകളില്‍ കാര്യമായ മാറ്റങ്ങളുണ്ടാകുന്നു. നടപ്പിന്റെയും കിടപ്പിന്റെയും രീതികള്‍ മാറുന്നു, എന്നിങ്ങനെ പലതരം മാറ്റങ്ങള്‍. ഇവയൊക്കെ പരോക്ഷമായി നട്ടെല്ലിനെയും ബാധിച്ചേക്കാം.

പ്രസവാനന്തരമുണ്ടാകുന്ന ടെന്‍ഷന്‍, ജീവിതപ്രാരബ്ധങ്ങള്‍ എന്നിവയൊക്കെ മാനസികാസ്വാസ്ഥ്യങ്ങളുണ്ടാക്കുകയും അവ സ്വയമറിയാതെതന്നെ നടുവേദനയായി പ്രത്യക്ഷപ്പെടുകയും ചെയ്യാറുണ്ട്. വീട്ടമ്മമാരില്‍ കാണുന്ന നടുവേദനയുടെ ഒരു മുഖ്യകാരണം ഇത്തരം മാനസികാസ്വാസ്ഥ്യങ്ങളാണ്. ഇവ ചികിത്സിച്ചു ഭേദമാക്കണമെങ്കില്‍ ഒരു മനഃശാസ്ത്രജ്ഞന്റെ കൂടി സഹായം ആവശ്യമാണ്.

പ്രസവാനന്തരം സ്ത്രീകളിലുണ്ടാകുന്ന മറ്റൊരു പ്രധാന പ്രശ്‌നം ഉദരപേശികള്‍ക്കുണ്ടാകുന്ന ബലക്കുറവാണ്. പ്രസവം കഴിഞ്ഞാലും പല സ്ത്രീകളുടെയും വയറ് ചുരുങ്ങാറില്ല. നടുഭാഗത്തെ, ലംബാര്‍ കശേരുക്കളെ സ്ഥാനത്ത് ഉറപ്പിച്ചു നിര്‍ത്തുന്നതില്‍ മുഖ്യ പങ്കു വഹിക്കുന്ന ഉദരപേശികള്‍ ബലം നഷ്ടപ്പെട്ട് തൂങ്ങിനില്‍ക്കുമ്പോള്‍ നട്ടെല്ലിനുമേല്‍ ആയാസം കൂടും.

ഇത് ക്രമേണ ഡിസ്‌ക് പ്രശ്‌നങ്ങളിലേക്കും നടുവേദനയിലേക്കും നയിച്ചെന്നു വരാം. പ്രസവാനന്തരം വയറു ചുരുങ്ങേണ്ടത് സൗന്ദര്യപരം എന്നതിലുപരി ആരോഗ്യപരമായ ആവശ്യമാണ്. പ്രസവാനന്തരം കൃത്യമായ വിശ്രമം എടുക്കുകയും ശാസ്ത്രീയമായ ശുശ്രൂഷകള്‍ ചെയ്യുന്നതും അസ്വസ്ഥതകളൊഴിവാക്കാന്‍ സഹായിക്കും. ശരിയായ വ്യായാമങ്ങള്‍ ചെയ്ത് പേശികളെ ബലപ്പെടുത്തുകയും വേണം.


Loading