Home>Post Delivery Care
FONT SIZE:AA

പേറ്റുലേഹ്യം

നമ്മുടെ നാട്ടില്‍ എത്രയോ കാലമായി പ്രചാരത്തിലുള്ള പ്രസവരക്ഷാമരുന്നാണ്. പേറ്റുലേഹ്യം. പ്രാചീന ഗ്രന്ഥങ്ങളിലും താളിയോലകളിലും കാണുന്ന യോഗം അനുസരിച്ചാണ് ലേഹ്യം തയ്യാറാക്കുന്നത്. ഒരോ നാട്ടിലും ഓരോ രീതിയിലും ഈ യോഗങ്ങള്‍ക്ക് കുറേയൊക്കെ വ്യത്യാസങ്ങള്‍ കാണുക പതിവാണ്. നിരവധി യോഗങ്ങളില്‍ പ്രചാരമുള്ള ഒരു യോഗമാണ് താഴെ നല്‍കുന്നത്.

ശതകുപ്പ 200 ഗ്രാം, ഉലുവ വറുത്തത് 100 ഗ്രാം, ജീരകം 100 ഗ്രാം, അയമോദകം 50 ഗ്രാം, കരിംജീരകം 50 ഗ്രാം, പെരുംജീരകം 50 ഗ്രാം, ചുക്ക് 50 ഗ്രാം, കുറാശ്ശാണി 50 ഗ്രാം, പുളിങ്കുരു വറുത്തു പൊടിച്ചത് 50 ഗ്രാം, ജാതിപത്രി 50 ഗ്രാം ഇവപൊടിച്ചുവെക്കുക.

രണ്ടര കിലോ ശര്‍ക്കര, ഒന്നേകാല്‍ കിലോ കല്‍ക്കണ്ടം ഇവ അടുപ്പത്തുവെച്ച് ഉരുക്കി വലിയ ഉരുളി (ചരക്ക്) യിലേയ്ക്ക് അരിച്ച് 100 ഗ്രാം എണ്ണയും 50 ഗ്രാം നെയ്യും ചേര്‍ത്ത് പതുക്കെ ചൂടാക്കുക. ഇതിലേയ്ക്ക് മേല്‍പ്പറഞ്ഞ പൊടിയുടെ പകുതിയിട്ട് കുറുക്കി ലേഹ്യപാകമായാല്‍ ബാക്കി പൊടികൂടി ചേര്‍ത്ത് ഇളക്കി യോജിപ്പിച്ചു വെയ്ക്കുക. ചൂട് ആറിയാല്‍ 500 ഗ്രാം തേന്‍ ചേര്‍ത്ത് ഇളക്കി യോജിപ്പിച്ച് സ്ഫടിക ഭരണിയിലാക്കി സൂക്ഷിക്കുക.

കഴിക്കേണ്ട രീതി


15-20 ഗ്രാം ലേഹ്യം വീതം ദിവസം രണ്ടുനേരം കഴിക്കണം. കാലത്ത് വെറുംവയറ്റിലും രാത്രി ഭക്ഷണശേഷവുമാണ് കഴിക്കേണ്ടത്. അനുപാനമായി ചെരു ചൂടോടെ പാല്‍ കഴിക്കണം.


ഗുണങ്ങള്‍


പ്രസവത്തോടെ ശരീരത്തിനുണ്ടാകുന്ന ശൈഥില്യം തീര്‍ത്ത് ദാര്‍ഢ്യവും സൗന്ദര്യവും ആരോഗ്യവും ഉണ്ടാകാന്‍ സഹായിക്കും.

വിശപ്പുണ്ടാക്കും.

മുലപ്പാലും ധാരാളം ഉണ്ടാകാന്‍ സഹായിക്കും.

പ്രസവാനന്തരം വയര്‍ ചുരുങ്ങുക, വയറുവേദന ഒഴിവാക്കുക എന്നിവയ്ക്ക് സഹായിക്കും.

Tags- Pettu lehyam
Loading