Home>Post Delivery Care
FONT SIZE:AA

ശരീരബലത്തിന് ബ്രാത്തും സൂപ്പും

രോഗ പ്രതിരോധ ശേഷി കൂട്ടുകയും ബലം കൂട്ടുകയും ചെയ്യുന്നവയാണ് സൂപ്പും ബ്രാത്തും. തുടര്‍ച്ചയായ പ്രസവങ്ങളിലൂടെ ക്ഷീണിക്കുന്ന അമ്മമാര്‍ക്ക് വീടുകളില്‍ ഇവ ഉണ്ടാക്കികൊടുക്കാറുണ്ടായിരുന്നു. ഇവ വിശപ്പ് വര്‍ധിപ്പിക്കും. കൂടുതല്‍ ശ്രദ്ധയും സമയവും ആവശ്യമാണ് ഇവ തയ്യാറാക്കാന്‍. അതുകൊണ്ടുതന്നെ വീടുകളില്‍ ഇവ തയ്യാറാക്കുന്നത് വളരെ ചുരുക്കമാണിപ്പോള്‍.

ഇവയുടെ പാചകമറിയുന്നവരും അപൂര്‍വമായി. വീടുകളില്‍ ആട്ടിന്‍ബ്രാത്തും ആട്ടിന്‍ സൂപ്പും ഉണ്ടാക്കുന്നതിനുള്ള വിധിയാണ് ഇവിടെ കൊടുക്കുന്നത്. ഒരു ആടിന്റെ മുഴുവന്‍ മാസവും ഇതിന് വേണം. ഇത് കനംകുറിച്ച് അതിനോടൊപ്പം തിപ്പലി, ചുക്ക്, കുരുമുളക്, കാട്ടുതിപ്പലി, പശുപാശി, ജാതിക്ക, അക്കികറുവ, ഗ്രാമ്പു, ദേവതാരം, ഇരട്ടിമധുരം, അയമോദകം, ചിറ്റരത്ത,ജീരകം, ചിറ്റോലം,കച്ചോരി, ഇലവര്‍ങം, ഇരുവേലി, പാടലക്കിഴങ്ങ്, ശീമക്കൊട്ടം, രാമച്ചം, മുത്തങ്ങ, വാല്‍മുളക് എന്നിവ കുറഞ്ഞ അളവിലെടുത്ത് പൊടിച്ചതുചേര്‍ത്ത് തിളപ്പിക്കുക. ചേരുവകള്‍ വെന്തുവരുമ്പോള്‍ ദ്രാവകം ഊറ്റിയെടുക്കണം.

ഒരോ തവണയും ഊറ്റിയെടുക്കുന്ന ബ്രാത്ത് വെവ്വേറെ കുപ്പിയിലാവണം സൂക്ഷിക്കേണ്ടത്. കുപ്പിയിലാക്കും മുമ്പ് കല്‍ക്കണ്ടം, തേന്‍, കറുത്തമുന്തിരി, കറിവേപ്പില, ചുവന്നഉള്ളി എന്നിവയും ചേര്‍ക്കണം. ഈ ബ്രാത്ത് കുപ്പികളിലാക്കി നെല്ലില്‍ കുഴിച്ചിടുകയാണ് പതിവ്. ബ്രാത്ത് ഉണ്ടാക്കി പരിചയമുള്ളവരുടെ മേല്‍നോട്ടത്തില്‍ തയ്യാറാക്കിയാലെ വേവും പാകവും കൃത്യമാവൂ. ആട്ടിന്‍സൂപ്പിന് ആടിന്റെ നാലു കാലുകള്‍ മാത്രമാണ് ഉപയോഗിക്കുന്നത്.

കുറുന്തോട്ടി, ചോന്നരത്ത,ദേവതാരം, ആടലോടകം, കരിങ്കുറിഞ്ഞി(60 ഗ്രാം വീതം), എന്നിവ എട്ടടങ്ങഴി, വെള്ളത്തില്‍വേവിച്ച് നാലിടങ്ങഴിയാക്കുക. കഷായം ചൂടാറിയാല്‍ കൊറ്റന്‍ കളയണം. ആട്ടിന്‍കാല്‍ ചെറുതായി അരിഞ്ഞ് കഷായവെള്ളത്തില്‍ ഇട്ട് ഇഞ്ചി, വേപ്പില, ചുവന്നുള്ളി എന്നിവ 50 ഗ്രാം വീതം ചേര്‍ത്ത് വറ്റിച്ച് ഇടങ്ങഴിയാക്കുക. ഇത് 50 മില്ലിവീതം രണ്ടുനേരം കഴിക്കാം. നാലുദിവസത്തേക്കുള്ള സൂപ്പുണ്ടാവും ഇത്. അതില്‍ കൂടുതല്‍ ദിവസം സൂക്ഷിക്കാനും പാടില്ല.
Tags- Broth and soup
Loading