മേലാകെ എണ്ണ തേച്ചുപിടിപ്പിച്ച് ചൂടുവെള്ളത്തിലുള്ള കുളി മാംസപേശികളില്‍ രക്തയോട്ടംകൂട്ടാനും അവയുടെ സങ്കോജ വികാസശേഷി വീണ്ടെടുക്കാനും സഹായിക്കും. സിസേറിയന്‍ ശസ്ത്രക്രിയ കഴിഞ്ഞ സ്ത്രീകള്‍ അതിന്റെ മുറിവ് ശരിയായി ഉണങ്ങിയശേഷം മാത്രമേ ശരീരത്തില്‍ എണ്ണ തേച്ചുകുളിക്കാവൂ. എണ്ണതേക്കാതെ ചൂടുവെള്ളവും സോപ്പും ഉപയോഗിച്ച് ശരീരമാസകലവും മുറിവിന്റെ ഭാഗം പ്രത്യേകിച്ചും കഴുകി വൃത്തിയാക്കാം. മുറിവ് പഴുക്കുമെന്നു പേടിച്ച് പലസ്ത്രകളും ആ ഭാഗം മാത്രം കഴുകുന്നതില്‍നിന്ന് ഒഴിവാക്കും.
പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് ആഭാഗം മാത്രം കെട്ടിപ്പൊതിഞ്ഞ് പരമ്പരാഗത എണ്ണക്കുളി പാസാക്കുന്നവരുമുണ്ട്. ഇത് കൂടുതല്‍ അപകടം ക്ഷണിച്ചുവരുത്തലാണ്. ശരീരത്തിലെ മറ്റുഭാഗങ്ങളില്‍ നിന്നുള്ള എണ്ണയും അഴുക്കുമെല്ലാം മുറിവിന്റെ ഭാഗത്ത് അടിഞ്ഞ് തുന്നല്‍ പഴുക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുകയാണ് ഇത് ചെയ്യുന്നത്. അതുകൊണ്ട് ധൈര്യമായിത്തന്നെ, മുറിവിന്റെ ഭാഗം ചൂടുവെള്ളവും സോപ്പും ഉപയോഗിച്ച് കഴുകുക. കുളിക്കുശേഷം ആഭാഗം പ്രത്യേകം വൃത്തിയുള്ള തുണികൊണ്ട് തുടച്ചുവൃത്തിയാക്കുക. ആന്റിബയോട്ടിക് ലേപനങ്ങള്‍ ഡോക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ടെങ്കില്‍ അതു പുരട്ടുക. മുറിവ് അതിവേഗംതന്നെ ഉണങ്ങും