Home>Post Delivery Care
FONT SIZE:AA

വെള്ളം കുടിക്കാമോ?

പ്രസവം കഴിഞ്ഞ സ്ത്രീകള്‍ അധികം വെള്ളം കുടിക്കാന്‍ പാടില്ല എന്നൊരു വിശ്വാസം എന്തുകൊണ്ടോ മലയാളികള്‍ക്കിടയിലുണ്ട്. 'വെള്ളം കുടിച്ചാല്‍ വയറുചാടും' എന്നും പറയാറുണ്ട്. വയറിന്റെ മാംസപേശികള്‍ അയഞ്ഞിരിക്കുന്ന പ്രസവാനന്തര കാലയളവില്‍, അമിതമായി വയറിന്റെ വ്യാസം വര്‍ധിക്കുന്നത് കൂടുതല്‍ ദോഷം ചെയ്യും എന്ന വിശ്വാസമായിരിക്കാം ഇതിനുപിന്നില്‍.

ഇടക്കിടെ ഓരോ ഗ്ലാസ് വെള്ളം കുടിക്കുന്നതുകൊണ്ട് ഇങ്ങനെയൊരു അത്യാഹിതം ഒരിക്കലും സംഭവിക്കില്ല. നാം കുടിക്കുന്ന വെള്ളം മിനുട്ടുകള്‍ക്കുള്ളില്‍ രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടുകയും ശരീരത്തിനാവശ്യമുള്ളതില്‍ കൂടുതല്‍ വെള്ളം മാത്രമായി വിസര്‍ജിക്കപ്പെടുകയും ചെയ്തുകൊള്ളും. ഒരു ലിറ്റര്‍വെള്ളമൊന്നും ഒരാള്‍ ഒറ്റയടിക്ക് ഒരാള്‍ അകത്താക്കുകയില്ലല്ലോ.

മുലപ്പാല്‍ നന്നായി ഉണ്ടാകാനും രക്തയോട്ടം സുഗമമാക്കുന്നതിനും ശരീരത്തില്‍ അടിഞ്ഞുകൂടിയിരിക്കുന്ന വിഷവസ്തുക്കളെ മൂത്രത്തില്‍ക്കൂടി പുറംതള്ളുന്നതിനും ധാരാളം വെള്ളം കുടിക്കേണ്ടത് ആവശ്യമാണ്. മൂത്രത്തില്‍ അണുബാധ വരാതിരിക്കാനും ധാരാളം വെള്ളം കുടിക്കുന്നത് നല്ലതാണ്. യോനീഭാഗത്തെ മുറിവുകള്‍, രക്തസ്രാവം മുതലായവ മൂലം അണുബാധയ്ക്ക് കൂടുതല്‍ സാധ്യതയുള്ള സമയമാണല്ലോ പ്രസവാനന്തരകാലം.

ഓരോ പ്രാവശ്യവും കുഞ്ഞിനെ മുലയൂട്ടുന്നതിനു മുമ്പ് ഇഷ്ടമുള്ള എന്തെങ്കിലും തണുത്ത പാനീയം(ഫ്രീസ് ചെയ്തത് എന്നര്‍ത്ഥമില്ല) കുടിച്ചു നോക്കൂ. മുലയൂട്ടുന്നതില്‍ കൂടുതല്‍ ആഹ്ലാദവും സംതൃപ്തിയും തോന്നും.
Tags- Drink alot
Loading