
ധാരാളം അന്നജവും പ്രോട്ടീനുകളും ആവശ്യത്തിന് കൊഴുപ്പുമടങ്ങിയ ഭക്ഷണം മുലപ്പാല്‍ നന്നായി ഉണ്ടാകാന്‍ അവശ്യമാണ്. മൂന്നുനേരവും ചോറുണ്ണാന്‍ നിര്‍ബന്ധിക്കുന്ന പഴയ അമ്മമാരെ ആധുനിക സ്ത്രീകള്‍ക്കും പേടിയാണ്. മൂന്നുനേരവും ചോറുതന്നെ വേണമെന്നില്ലെങ്കിലും ധാരാളം അന്നജമടങ്ങിയ ഭക്ഷണം മുലയൂട്ടുന്ന അമ്മമാര്‍ക്കാവശ്യമാണ്. മത്സ്യം, മാംസം, പയറുവര്‍ഗങ്ങള്‍ എന്നിവ നല്ല പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണസാധനങ്ങളാണ്.
ഇലക്കറികള്‍ ധാരാളമായി ഉപയോഗിക്കുന്നത് ഇരുമ്പുസത്തിന്റെ കുറവ് പരിഹരിക്കാന്‍ സഹായിക്കും. ഗര്‍ഭവും പ്രസവ സമയത്തെ രക്തസ്രാവവുംമൂലം ഇരുമ്പുസത്തിന്റെ കുറവുണ്ടാകാം. എത്ര സാമ്പത്തിക ബുദ്ധിമുട്ടുണ്ടെങ്കിലും പ്രസവിച്ച മകള്‍ക്ക്, ആട്ടിന്‍ കരള്‍ വാങ്ങി പാകം ചെയ്തുകൊടുക്കാന്‍ നിഷ്‌കര്‍ഷിക്കുന്ന നാട്ടിന്‍പുറത്തെ അമ്മമാരെ കണ്ടിട്ടില്ലേ ? ആട്ടിന്‍കരളില്‍ ധാരാളം ഇരുമ്പുസത്തുണ്ട്. മാസത്തിലും കരളിലും നിന്ന് ഈസ്ട്രജന്‍ പോലെയുള്ള ഹോര്‍മോണുകളും ശരീരത്തിലെത്തും. മുലയൂട്ടല്‍കാലത്ത് സ്ത്രീശരീരത്തില്‍ സ്ത്രീഹോര്‍മോണുകളായ ഈസ്ട്രജന്‍, പ്രൊജസ്‌ട്രോണ്‍ എന്നിവ ഏറ്റവും താഴ്ന്ന നിലയിലേ കാണൂ.
ഇവയുടെ കുറവു പരിഹരിക്കാന്‍ ഒരളവുവരെ ഈ ഭക്ഷണരീതി സഹായിക്കും. മാംസം പാകം ചെയ്യാന്‍ ധാരാളം വെളുത്തുള്ളിയും കുരുമുളകും ജീരകവുമെല്ലാം ഉപയോഗിക്കാറുണ്ടല്ലോ. ഭക്ഷണത്തിനു രുചികൂട്ടുകമാത്രമല്ല ഇവയുടെ ഉപയോഗം. വളുത്തുള്ളിയും കുരുമുളകും വിശപ്പിനെ ഉത്തേജിപ്പിക്കുന്നു. ഇതുകൂടാതെ വെളുത്തുള്ളി ശരീരത്തിലെ കൊളസ്‌ട്രോളിനേയും അപൂരിത ഫാറ്റി ആസിഡുകളേയും നിയന്ത്രിക്കാന്‍ സാഹായിക്കുന്നുണ്ട്. കറികളില്‍ വറുത്തിടാനുപയോഗിക്കുന്ന കുടുകിനും ഇതേ ഗുണമുണ്ടത്രേ.
ഗര്‍ഭിണികള്‍ക്കുവേണ്ടി ഭക്ഷണം പാകം ചെയ്യുമ്പോഴും പേറ്റുമരുന്നുകളിലും ധാരാളം വെളിച്ചെണ്ണയും നെയ്യുമൊക്കെ ഉപയോഗിക്കാറുണ്ടല്ലോ. മുലപ്പാലിന്റെ നിര്‍മ്മാണത്തിന് കൊഴുപ്പുകള്‍ ആവശ്യമാണ്. പക്ഷേ, അവയെ നിയന്ത്രണവിധേയമാക്കാനും അനാവശ്യ സ്വാധീനങ്ങള്‍ ഒഴിവാക്കാനും ഇത്തരം നാടന്‍പ്രയോഗങ്ങള്‍ ഉതകുന്നു. കുരുമുളക് നല്ല ദഹനസഹായിയാണ്. കൂടാതെ ചെറിയതോതില്‍ രോഗാണുനിവാരണശക്തികൂടിയുണ്ട്. ജീരകമാകട്ടെ, മുലപ്പാല്‍ ധാരാളമുണ്ടാകാന്‍ സഹായിക്കുന്ന ഘടകമാണ്. നല്ലദഹനസഹായിയുമാണ് ജീരകം.
പച്ചക്കറികളും പഴങ്ങളുമൊക്കെ ഭക്ഷണത്തില്‍ ധാരാളം ഉള്‍പ്പെടുത്തുക. വിറ്റാമിനുകളും മിനറലുകളുമൊക്കെ മുലപ്പാല്‍ നിര്‍മ്മാണത്തിന് ആവശ്യമാണ്.