
ആദ്യ ആഴ്ചയില്‍ ദശമൂലാരിഷ്ടം, ജീരകാരിഷ്ടം, പഞ്ചകോലാസവം, ധാന്വന്തരം ഗുളിക, കസ്തൂര്യാദി ഗുളിക, പുളിങ്കുഴമ്പ് ഗുളിക എന്നിവ യുക്തംപോലെ ചികിത്സകന്റെ നിര്‍ദേശാനുസരണം നല്‍കാം. ഗര്‍ഭാശയ ശുദ്ധിവരുത്താനും അതിനെ സങ്കോചിപ്പിച്ച് പഴയ സ്ഥിതിയിലാക്കാനും ജീരകത്തിന് പ്രത്യേക കഴിവുണ്ട്. തുടര്‍ന്ന് ധാന്വന്തരം കഷായം കസ്തൂര്യാദി ഗുളിക ചേര്‍ത്തു കഴിക്കാം.
എത്രദിവസം കഴിക്കണമെന്നുള്ളത് ഒരു വിദഗ്ദന്റെ നിര്‍ദേശപ്രകാരം തീരുമാനിക്കണം. അതിനുശേഷം ശരീരപ്രകൃതി വിലയിരുത്തി, കൂടുതല്‍ സ്ഥൂലത ഉണ്ടാക്കാതെ വിദാര്യാദിലേഹം, ദശമൂലഹരിതകിലേഹം, ചവനപ്രാശം എന്നിവയോ ശരീരം തടിപ്പിക്കുന്ന തരത്തിലുള്ള അമൃതപ്രാശം, അജമാസംരസായനം എന്നിവയും ഉപയോഗപ്പെടുത്താം. വിവിധ തരത്തിലുള്ള സൂപ്പുകളും ഈ ഘട്ടത്തില്‍ കഴിക്കാം.
മാതാവിനു നല്‍കുന്ന ഔഷധങ്ങള്‍ മുലപ്പാലിലൂടെ കുഞ്ഞിന്റെ ശരീരത്തിലുമെത്തിപ്പെടാം എന്നതിനാല്‍ പ്രസവാനന്തരം കഴിക്കുന്ന ഏതു മരുന്നും വിദഗ്ദനിര്‍ദേശാനുസരണമായിരിക്കാന്‍ ശ്രദ്ധിക്കണം. രക്തസ്രാവം നിലനില്‍ക്കുന്നുണ്ടെങ്കില്‍ അശോകാരിഷ്ടം ലോഹാസവം എന്നിവയും നടുവേദന കൂടുതലായി അനുഭവപ്പെടുന്നുണ്ടെങ്കില്‍ തെങ്ങിന്‍ പൂക്കുലാദിലേഹം തുടങ്ങിയവയും ഫലപ്രദമാകും.
പ്രസവശേഷം 56 ദിവസം വരെ ഇത്തരം പരരക്ഷ സ്ത്രീകള്‍ക്ക് ലഭിക്കുന്നത് അഭികാമ്യം ആണ്. സിസ്സേറിയന്‍ ശസ്ത്രക്രിയക്കു വിധേയരായവരില്‍ മുറിവുണങ്ങി, ആന്റി ബോയോട്ടിക്കുകളും മറ്റും നിര്‍ത്തിക്കഴിഞ്ഞശേഷം ആയൂര്‍വേദരീതിയിലുള്ള പരിചരണം നല്‍കിത്തുടങ്ങുന്നതാണ് നല്ലത്.