കുഞ്ഞിന്റെ ആദ്യ ചിരി കണ്‍കുളിര്‍ക്കേ കണ്ടോ ? മലര്‍ന്ന് കിടന്ന് കരയാന്‍ മാത്രമറിയാമായിരുന്ന കുഞ്ഞ്, രണ്ട് മാസം പ്രായമാകമ്പോഴേയ്ക്കും അമ്മയുടെ മുഖത്തുനോക്കി ചിരിക്കാന്‍ തുടങ്ങും, തുടങ്ങണം. ഈ പുഞ്ചിരി അമ്മയെ മനസ്സിലാക്കുന്നു എന്നതിന്റെ അതിപ്രധാനമായ സൂചനയാണ്. വസ്തുക്കളില്‍തന്നെ ശ്രദ്ധിച്ചുനോക്കുന്നതും ഈ സമയത്താണ്. അപരിചിതരുടെ സമൂഹത്തില്‍നിന്ന് മാതാപിതാക്കളെ കുട്ടി തിരിച്ചറിയാന്‍ തുടങ്ങുന്നു. മുഖത്ത് പുഞ്ചിരി മിന്നിമറയുന്നതു കാണാന്‍ നിങ്ങള്‍ക്ക് അധികം കാത്തിരിക്കേണ്ടിവരില്ല. കൊഞ്ചിക്കുഴയാനുള്ള കുഞ്ഞിന്റെ ശ്രമങ്ങളെ പ്രോത്സാഹിപ്പിക്കാം. കൈകാലിട്ടുള്ള കളി നോക്കിയിരുന്നാല്‍ നേരം പോകുന്നതറിയില്ല. ചുറ്റുപാടുമുള്ള ശബ്ദങ്ങളോട് പെട്ടന്ന് പ്രതികരിക്കാന്‍ തുടങ്ങുന്നു. നിങ്ങള്‍ ഒന്ന് മണി മുഴക്കിനോക്കൂ ഒരുപക്ഷേ ഉറക്കെ കരയുകയോ അല്ലെങ്കില്‍ കരച്ചില്‍ നിര്‍ത്തി ശാന്തനാകുകയോ ചെയ്യുന്നതായി കാണാം. സംഗീതത്തോട് കൂടുതല്‍ താല്‍പര്യം കാണിക്കാന്‍ തുടങ്ങുന്നതും ഈ സമയത്താണ്. ഇതുകണ്ട് നിങ്ങള്‍ക്ക് കൗതുകം തോന്നില്ലേ. അമ്മയ്ക്ക് കൗതുകവും സന്തോഷവും അടക്കാനാവില്ല...
പാല്‍കുപ്പി പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്. കുഞ്ഞുങ്ങള്‍ക്ക് മുലകുടിക്കാനുള്ള താല്‍പര്യം കുറയും. പതുക്കെ പാല്‍ കുറഞ്ഞുവരികയും ചെയ്യും. പാല്‍കുപ്പികള്‍ വൃത്തിയായി സൂക്ഷിക്കാന്‍ വലിയ ബുദ്ധിമുട്ടാണ്. കുട്ടികള്‍ക്ക് ഉദരരോഗമുണ്ടാകുന്നതിന്റെ പ്രധാനകാരണം മുലക്കുപ്പിയാണ്. വയറ്റില്‍ ഗ്യാസ് കയറി പ്രശ്‌നങ്ങളുണ്ടാക്കുന്നതിനും കുഞ്ഞിപ്പല്ലുകള്‍ കേടുവരുന്നതിനും പാല്‍ക്കുപ്പികള്‍ കാരണമാകും.

















